പിണങ്ങിപ്പിരിഞ്ഞതല്ല
തമ്മിലടുത്തേറെയറിയാൻ
പിരിഞ്ഞിരിക്കുന്നവർ;
ദൈവംവരച്ചിട്ട നാൽക്കവലയിൽ
അഞ്ചാംപാതയിലൊന്നിക്കേണ്ടവർ
ഇടതു മുലമൊട്ടിനു, ഒരു വരക്കട*
മുകളിലായ് കറുത്തതലയുമാ-
യൊരു നാൾവഴി,
വലതു മുലക്കുമിളിനു മുകളി-
ലതിലുമൊരു വിരൽകനം താഴെ
വെളുത്ത ശീർഷവുമായി,
ഏതോ ലൈൻബസിന്റെ
ജനാലയ്ക്കരികിലിരുന്നാദ്യമായ്‌
പരുമലപ്പെരുന്നാളിനു പോകുന്ന
കുട്ടിയെപ്പോലൊരടുത്തബന്ധു;
അവർക്കിടയിൽ ബ്രൗൺ ശിരസ്സുമായി
ഒരു നാടോടി ഒരേയകലംവിട്ട്!
ഏതോ അസുരശാപങ്കൊണ്ടുറവവറ്റിയ
പുരുഷമുലകളുടെടിത്തട്ടിൽ
അരച്ചാണകലത്തിനു താഴെ
ഇടത്തു ചുവപ്പും, വലത്തു പച്ചയും
ഉത്തമാംഗങ്ങളുമായി രണ്ടു പിണിയാളുകൾ,
അവരെന്റെ നെഞ്ചിൽ തേടുന്നതെന്തേ?
ആ പോളിഷ് ഫാമിലി ഡോക്ടർ-
‘കതാഴിനാ യാകിമോവ്സ്‌ക’
സ്റ്റെത്തുകൊണ്ടന്റെ ചങ്കിന്റെ
സ്വകാര്യതയളക്കുമ്പോൾ
പ്രിയപ്പെട്ടവളൊരു ചോദ്യം
“ഈസ്‌ ഇറ്റ് സ്പെൽ ഔട്ട്‌ മൈ നെയിം?“
ചുറ്റുവിളക്കുപൂത്ത അമ്പലമുറ്റത്തെ
വെള്ളച്ചെമ്പകപ്പൂപോല പോളിഷ് വദനം
വിടർന്ന,വളണിഞ്ഞ മുഖപ്പട്ടയുടെ
ആകാശനീലിമ ചാടിക്കടക്കുന്നതു
ഞാനറിഞ്ഞു അവളും- “യെസ്.“
”ഒൺലി മൈ നെയിം?“
അതുറപ്പിക്കാനായിരിക്കാം,
അഗാധതയിലെ ഞരക്കങ്ങളുടെ
ഞരമ്പുകളെ വരച്ചെടുക്കാൻ;
നിപ്പിലും, നടപ്പിലു,മിരുപ്പിലും,
കിടപ്പിലും തെറ്റാതെയെണ്ണിയെടുക്കാൻ
എന്റെ നെഞ്ചിന്നഴകിലീ പഞ്ചഗാത്രർ
ചുംബിച്ചു പിണഞ്ഞിണചേർന്നുകിടപ്പത്!
അറുപതാം മൈൽക്കുറ്റി കാണുവാനിനിയും
ദൂരംബാക്കിയെന്നിരിക്കെ അവളെന്നിലെ
ജൈവികതയിലെത്ര
ശതമാനമുണ്ടെന്നെണ്ണിയിരിക്കാം
എന്നിലെ രാസമാറ്റങ്ങളിലവളുടെ
നിറം മങ്ങിയോയെന്ന സ്ത്രൈണ-
സന്ദേഹം സാധാരണം!
വരയ്ക്കുക പ്രിയരേ,
എന്റെ ഹൃദയരേഖ അംഗുലം-
തെറ്റാതെ വരയ്ക്കുക, വീണ്ടും വരയ്ക്കുക;
കുന്നിക്കുരുവെണ്ണുമ്പോലെ
എണ്ണിപ്പെറുക്കിയെടുക്കുക
എന്റെ ജൈവികതയുടെ മുകളിൽ
ഇലക്ട്രോഡുകൾ പിടിപ്പിച്ച
നെയ്യാമ്പൽപൂമുഖം, വരച്ചിട്ടിരിക്കുന്ന
അജൈവരേഖകൾ ഒരു മെറ്റഫർ
മാത്രമാണെന്നവളോടു പറയുക!
ജൈവമാറ്റംമാത്രമല്ലല്ലോ
രാസമാറ്റവുംനടക്കുന്നുണ്ടല്ലോ
എനിക്കുമവൾക്കും;
അതുകൊണ്ടല്ലേ ഞങ്ങളുടെ കെമിസ്ട്രി
ഞങ്ങളുടെ മാത്രം ലാബിലും
ഞങ്ങളുടെ ഇക്വേഷൻ
ഞങ്ങളുടെ മാത്രം ബോർഡിലും
തെളിയുന്നത്!

By ivayana

Leave a Reply

Your email address will not be published. Required fields are marked *