കണ്ണുനീർ അവസാനിക്കുന്ന –
ഈ നിമിഷം തൊട്ട് ഞാൻ ഒരു _
വാക്കിലേയ്ക്ക് അനേകം വാക്യ_
ങ്ങളിലേയ്ക്ക് മനസ്സ് പായിക്കുന്നു.
ഈ വാക്കുകൾ വിജയിച്ചില്ലങ്കിൽ
ഞാൻ പിന്നെ വിരൽ ചൂണ്ടുന്നത്
കൊടും വിഷത്തിലേയ്ക്കായിരിക്കാം
എന്റെ ലോകം ഇവിടെ,യവസാനിക്കാറായി.
ഇനിയുള്ള ലോകം തനിച്ചൊരു
ഇരുട്ടുമുറിയിൽ വാക്കുകൾ
കനം കൊള്ളാനും കടമെടുക്കാനും
പാകപ്പെടുത്തി പ്രാസമുൾക്കൊള്ളണം.
കടം പറഞ്ഞു കൊണ്ടും കള്ളം
പറഞ്ഞുകൊണ്ടും ഞാൻ എന്നെ
ഈ എഴുത്ത് പുരയിൽ തൂക്കിവിൽക്കുന്നു,
എങ്കിലും പണമല്ല, യെനിക്ക് വേണ്ടത്.
തലച്ചോറിനെ മയക്കുന്ന വാക്കുകൾ
മാത്രം എഴുതിത്തുനിയാൻ ഒരിടം
കഴിയുന്നത്ര പച്ച വാക്കുകൾ മാത്രം മതി
മാതൃകാ പരമായ ഈ വശ്യാനുഭാവത്തിൽ .
ചീഞ്ഞളിഞ്ഞ വാക്കുകൾക്കിവിടെ
സ്ഥാനമില്ലാതാകുന്നു ചീഞ്ഞു മണക്കും
വാക്കുകളുടെ കണ്ണുകൾ ചുവന്നിരിക്കും
അറിവിലുമേറ്റഴിഞ്ഞു ചുവന്നാൽ.
വയാനാനുഭവങ്ങൾ പങ്കിടുന്നവർ
എന്നെ,എന്റെഎഴുത്തിനെ അറിയാതെ,
പഴിക്കും മദ്യലഹരിയിൽ എഴുതി തീർത്തപ്പോൾ
കണ്ണു ചുവന്നു പോയെന്നുകള്ളം പറയും
ആ പഴി കേട്ടാൽ എന്റെ പങ്കാളിക്കും
ഏറെ സങ്കടവും ദേഷ്യവും ഒന്നിച്ചു
പുറത്തു ചാടി പുറപ്പെടും ഒന്നും മിണ്ടാതെ
പിന്നെ വിളിച്ചാൽ തിരിഞ്ഞു നോക്കില്ല.
എന്റെ എഴുത്ത് പ്രതികളിൽ ഏറ്റവും
കുറ്റക്കാരി എന്റെ പങ്കാളിയാണ്
എഴുത്ത് മുറിയിൽ എന്നെ ചങ്ങലയിൽ
തളച്ചിട്ടു വീട്ടുകാര്യം ഭംഗിയായി നോക്കും.
അവളുടെ മനസാക്ഷിയുടെ ക്ഷമയെന്ന,
യുദ്ധത്തിന്റെ ആത്മാവാണ്,
എന്റെ എഴുത്തിന്റെ പ്രാണനും പ്രേമവും
അതിൽ തൂങ്ങിയാണ് എന്റെ സഞ്ചാരം.
വാക്കിലകൾ അവിടവിടെ ഉണങ്ങി
കരിഞ്ഞു കിടക്കും അതെല്ലാം
സസൂക്ഷ്മം ശ്രദ്ധയോടെ അടിച്ചു
തൂത്തു പെറുക്കിയെടുത്ത് വീണ്ടും,
എന്നിൽ നിക്ഷേപിക്കുന്നത് അവളാണ്.
വാക്കുകൾ മരിച്ചു ഞാനുഴറി നിന്നു
തേങ്ങുമ്പോളെന്റെ അടുത്തിരുന്നു കരയാൻ,
ഒന്നു തലോടാൻ, സാന്ത്വനിപ്പിക്കാൻ,,
അവൾ മാത്രമേയിന്നു,മെന്നരികിലുള്ളു
ഏതൊരെഴുത്തും വാക്കും സ്നേഹവും
എന്നിലുണരുന്നത് അവളിലൂടെയാണ്
എന്റെ എഴുത്തിന്റെ എല്ലാം ധനവും
പുരസ്‌കാരങ്ങളും അവൾക്കുള്ളതാണ്.
എല്ലാം പ്രശംസനീയമായ പുഞ്ചിരിയും
വാക്കുകളും അവളിൽ ലയിച്ചിരിക്കുന്നു
അവളെന്ന നിത്യതയിലെന്റെ ശ്വാസംലയിച്ചു
പൂർണ്ണമാകുമ്പോൾ ഞാൻ,എഴുതിതുടങ്ങും.
അവളില്ലെങ്കിൽ ഈ പ്രണയവും വിരഹവും
പ്രകൃതി സൗന്ദര്യവും ഞാൻ കാണുന്ന
കവിതകളുടെ തന്മാത്രകളുമെങ്ങനെ
എഴുതി പൂർത്തികരിക്കാൻ പറ്റും…

By ivayana

Leave a Reply

Your email address will not be published. Required fields are marked *