രചന : ഷാജു. കെ. കടമേരി ✍️
വീട്ടിലേക്ക് കയറി വരുമ്പോൾ
ഉമ്മറത്തെ കസേരയിൽ
അച്ഛനുണ്ടെന്നൊരു തോന്നൽ
ഇരുള് കുത്തിപ്പിഴിഞ്ഞ
വേദന കൊത്തിയെടുത്ത
നിമിഷങ്ങളെ എത്ര വട്ടം
ഞാൻ ഒറ്റയ്ക്ക്
പങ്കിട്ടെടുത്തെന്നറിയില്ല .
ക്ഷമയെന്ന ഒരൊറ്റ വാക്ക്
മതിയാവും എനിക്കെന്റെ
അച്ഛനെ വർണ്ണിക്കാൻ
ആവോളം ഞങ്ങൾക്ക്
വീതിച്ചു തന്ന സ്നേഹമെന്ന
വാക്ക് മതിയാവും
വീണ്ടും വീണ്ടും അച്ഛനെ
ഓർത്ത് പെയ്യുവാൻ .
ഞങ്ങൾ ചിരിക്കുമ്പോൾ
ചിരിച്ച്
കരയുമ്പോൾ
ഉള്ള് നീറി കരഞ്ഞ്
സ്വയം ഉരുകിയൊലിച്ച്
എത്ര വസന്തങ്ങൾ
സമ്മാനിച്ചിട്ടുണ്ട്.
ഞങ്ങൾക്ക് വേണ്ടി
കാത്തു വച്ച സന്തോഷങ്ങൾ
പറക്കാതെ പോയ
സ്വപ്‌നങ്ങൾ.
നട്ടുച്ച വിയർത്ത
തീയുരുക്കങ്ങളിൽ
ഞങ്ങൾക്ക് വേണ്ടി
കിതച്ച പ്രതീക്ഷകൾ .
കരഞ്ഞു കൊണ്ടെഴുതിയ
കവിതയിലെ വരികളിൽ
ഇന്നലെ പാതിരാത്രിക്ക്
പെയ്ത മഴയുടെ നെഞ്ചിടിപ്പ്.
ഒന്നുറക്കെ കരയാൻ
പോലുമാവാതെ തളർന്ന
ഒരിക്കലും
വിശ്വസിക്കാനാവാത്ത
ആ നിമിഷങ്ങളെ മറവിയുടെ
ഏത് ആഴക്കയങ്ങളിൽ
ഒളിപ്പിക്കാനാവും .
