രചന : കല്ലങ്ങാട് പരമേശ്വരൻ ✍️
കാലത്ത്തൊട്ടന്തി വരെക്കുമോരോ
വേലത്തരം ചെയ്ത് വിയർത്തുമുങ്ങി
ആലസ്യഭാവം കലരാതെ വീട്ടിൽ
ഭൂലക്ഷ്മിയാം പുണ്യപുരന്ധ്രി വാഴ്വൂ
പ്രിയം വദിക്കും സ്വനതാംഗിയാളെ
പ്രിയൻ കരത്താൽ പുണരുന്ന നേരം
സ്വയം ചിദാനന്ദലയാനുഭൂതീ –
സുഖം ഭവിച്ചൊട്ടു കൃതാർത്ഥയാവൂ
അടുക്കളക്കുള്ളിലകത്ത് കേറീ –
ട്ടടിച്ചു വാരീട്ടഥ വൃത്തിയാക്കി,
അഴുക്കു പാത്രങ്ങളിൽ നിന്ന് നീക്കി
അടുക്കി വക്കുന്നത് കണ്ടുവെന്നാൽ
മനസ്സിൽ നിന്നും മലിനത്വമെല്ലാം
മഹത്വമേറും പടി മായ്ച്ച് നിത്യം
മനുഷ്യനായിത്തീരുകയെന്ന തത്വം
മറന്നിടാതേകുകയെന്ന് തോന്നും
വെളിച്ചമേകി ഭവ മാനസത്തെ –
ത്തെളിച്ച പൂർവാംഗന നിന്റെ കൃത്യം
ശരിക്ക് കണ്ടിട്ടിരുൾ തീർത്തകററും
ഉഷസ്സിനും നീ ഗുരുനാഥയല്ലൊ
പുമാന് നീ ജീവിത യാത്രയിങ്കൽ
സമാശ്വസിക്കാൻ സഖി നിർവിശങ്കം
ക്ഷമാബലം നേടിയ നിന്റെ വാക്കാൽ
പ്രമാദമെന്യേയവനാദരി പ്പൂ
ഭവാബ്ധിയിൽത്താണുമരിച്ചിടാനായ്
ജവാലൊരുങ്ങുന്നതവന്ന് വേണ്ടി
സഹാനുഭൂതീസഹിതം സദാ നീ
സഹായഹസ്തം സ്വയമേകിടുന്നു
പരാജയപ്പെട്ടടി തെറ്റി വീണാൽ
പരാതി ചൊൽകാൻ സഖിയാരു വേറെ
പരാപരൻ കാമിനിയെച്ചമച്ചു
പരാഭവം മർത്യന് വന്നിടായ്വാൻ
പരിക്ക് പറ്റിക്കരയുന്ന കുഞ്ഞിൻ –
പരിഭ്രമം തീരെയകറ്റുവാനായ്
പരിശ്രമം വേണ്ടൊരു വാക്കു പോരും
പരിസ്പുരിക്കും സ്മിത മാനസത്തിൽ
സവിത്രി : നീ സോദരി, ധർമപത്നി
പവിത്രമാമീ നിലയിങ്കലെത്തി
സവിസ്തരം ലോകസപര്യ ചെയ്വൂ
സഹർഷമീ വിശ്വമതാദരി പ്പൂ
പാടത്ത് പോയ് പണി ചെയ്ത് ചുററു –
പാടിൽ സദാ പാടുപെടുന്നു; പക്ഷെ
പാടില്ലയെന്നോതുകയില്ല കഷ്ട-
പ്പാടിൽ ക്ഷമാശീലമവൾക്കതീതം.
രോഗാതുരർക്കഭയം കൊടുപ്പാൻ
വേഗാതിരേകാലണയുന്ന ഭദ്ര
ആകാംക്ഷയെന്യേ മരുവുന്നു; പക്ഷെ
ശോകാകുലം ഗേഹിനി; നിൻ ചരിത്രം
കുടുംബ ഭാരം ശിരസാ വഹിച്ചും
കിടാങ്ങളെപ്പോറ്റുവ
തിന്നുറച്ചും
കിടക്കുവാൻ പോലുമിടം പെടാതെ
കിടന്നു ദു:ഖം സകലം സഹിച്ചും
മനസ്വിനീമൗലികളെത്രയെത്ര
മനസ്സുമുട്ടിക്കരയുന്നു കഷ്ടം
മനുഷ്യരല്ലാതിതുപോൽ കിടന്ന്
മരിപ്പതില്ല ഭുവനത്തിലാരും .
ജഗൽപ്പിതാവിൻ ഹൃദയത്തിൽ നിന്റെ
ബുഭുക്ഷയാലുള്ള രവം പതിയ്ക്കെ
സബാഷ്പനേത്രം വിലപിപ്പതുണ്ടാം
സമൂഹവിശ്വൈക കുടുംബനാഥൻ
മറന്നിടുന്നു വിഷമങ്ങളെല്ലാം
മകന്റെ പൂപ്പുഞ്ചിരി കണ്ടിടുമ്പോൾ
മടിക്കകം നീ മടി വിട്ടു പോറ്റി –
മുകർന്നിടും പുത്രമുഖാരവിന്ദം.
കടുപ്പമയ്യോ പുരുഷൻ ചതിച്ചു
പിടിച്ചിടാനായ് വല വീശി നിന്നെ
ഒടുക്കമെന്തോ കഥ; വൻദുരന്തം
വരുത്തി വച്ചങ്ങനെ സന്ത്യജിപ്പൂ .
ധരിച്ച് ഗർഭം മരണത്തെ വെന്നു –
ദ്ധരിച്ചിടാനായ് ധരയെ വിരിഞ്ചൻ
ഒരുറ്റ യജ്ഞം പ്രസവം വഹിക്കാൻ
വിധിച്ചു സ്ത്രീയെ; യറിഞ്ഞിടേണം.
കരഞ്ഞിടും കുഞ്ഞിന് പാൽ കൊടുക്കാ –
നൊരുമ്മ രോഗാതുരനുറ്റ തോഴി
നരന്ന് നാനാവിധ സൗഖ്യദാത്രി
വരിഷ്ടയാം നീ വിജയിപ്പൂ ;മന്നിൽ
സ്നേഹിക്കുവാൻ മാത്രമറിഞ്ഞനിന്നെ
ദ്രോഹിക്കുവാനെന്തവകാശം നരന്ന്
ഗേഹേ വിളങ്ങീടിന പൊൻ വിളക്കായ്
സീമന്തിനി; നീ മരുവുന്നു നിത്യം
