രചന : പ്രസീദ ദേവു ✍️
കാലമെ നീയെൻ്റെ
ജീവസ്മൃതികളിൽ
രണ്ടു ദൈവങ്ങളെ
കൊണ്ടു തന്നു,
കാലമെ നീ തന്നെ
എന്നിൽ നിന്നവരെയും
കൊണ്ടു പോയെന്നിൽ
മുറിവു തന്നു,
അച്ഛനുദിച്ച
നിലാവുപ്പോലെപ്പോളും
വെട്ടമാകുന്നുണ്ടു
ജീവീതത്തിൽ,
അമ്മയുണ്ടെപ്പോളും
കൂടെ നടക്കുന്ന
അക്ഷരമെന്ന പോൽ
കൈ വിടാതെ,
ഒറ്റയ്ക്കു തേങ്ങുമ്പോൾ
രണ്ടു പേർ വന്നെന്നെ
കെട്ടിപിടിക്കുന്നു
പതിവിലേറെ,
എന്തെൻ്റെ കുട്ടിക്കു
പറ്റിയെന്നോതി
രണ്ടു കവിളിലും
മുത്തമായി,
എന്തെ നിനക്കു
വല്ലായ്മകളെന്നോതി
നെഞ്ചോടു ചേർക്കുന്നു
നിത്യമായ്,
എന്നുമുറങ്ങുമ്പോൾ
സ്വപ്നത്തിലുണ്ടവർ
നടുവിലൊരാളായുണ്ടു
ഞാനും,
ഉണ്ണാത്തതെന്തെന്ന
ചൊല്ലവർ ചോദിച്ചു
ഊട്ടി തരുന്നുണ്ടു
വാക്കുകളാൽ,
ഞങ്ങളെവിടെയും
പോയില്ല എന്നവർ
കണ്ണിലെ കരയിൽ
തിരയടിക്കും,
ഞങ്ങളും ഒപ്പമുണ്ടെന്ന
ചൊല്ലാലവർ
ദുഃഖ മാർഗ്ഗങ്ങളിൽ
കൈ പിടിക്കും,
അച്ഛനീ കുഞ്ഞിനെ
വിട്ടു പോകാൻ
ആവില്ലയെന്നു
പതം പറയും ,
അമ്മയ്ക്കു
വേവലാളിപ്പോളുമെന്നേ
ചൊല്ലും വഴക്കു നീ
കാട്ടീടല്ലെ,
ഭൂമിയ്ക്കൊരു പേരു
ഞാനിതേകും
അമ്മയാണെന്നതു
സത്യമാകും,
വാനത്തിനൊരു പേരു
ഞാൻ വിളിക്കും
അച്ഛൻ്റെ സ്നേഹം
അതിരു കാക്കും,
പുഞ്ചിരി പൂക്കളാണെന്നു
തോന്നി
എന്നും ഞാനമ്മയ്ക്കു
മുത്തമേകും,
ഒരു തെന്നലെന്നെ
തലോടിയെന്നാൽ
അച്ഛൻ്റെ ചുംബനമേറ്റ പോലെ,
ആരു പറഞ്ഞു മരിച്ചതെന്ന്
എൻ ജീവദായകങ്ങളിൽ
ആ ശ്വാസമുണ്ടേ,
ആരു മൊഴിഞ്ഞു വരില്ലതെന്ന്
എൻ വിരലിൻ്റെ നാഭിയിൽ
ആ കവിതയുണ്ടേ,
അച്ഛനെ നോക്കാതെ പോകരുതെ
അമ്മത്തണലു മറക്കരുതെ
ആരുമില്ലെന്നു പദമരുതേ
എന്നുമാ ദൈവങ്ങൾ കൂടെയുണ്ടേ
എന്നുമാ ദൈവങ്ങൾ കൂടെയുണ്ടേ
കൂടെയുണ്ടേ
