രചന : അൻവർ ഷാ ഉമയനല്ലൂർ✍️
ഉപ്പുണർവ്വേകുന്നു; സ്വൽപ്പമാഹാരത്തി-
നൊപ്പമായീടുകിൽ രുചിഹൃദ്യമാക്കുന്നു
പുറമേ വെളുത്തിരിക്കുന്നതെന്നാകിലും;
അകമേയിരുളാക്കിടുന്നുദയ ജീവിതം.
തിക്തമാമനുഭവ പാഠങ്ങളേകയാൽ
മർത്യവർഗ്ഗത്തിൻസ്വഭാവമതിനുള്ളിലും;
സന്മനസ്സെന്നപോലല്‌പമായീടിലും
ഒപ്പമെന്നുംചേർത്തിടാ,മഭികാമ്യവും.
വിലതുച്ഛമാണെന്നറിയുന്നവർപോലും,
നിലമെച്ചമാക്കാനടുപ്പിച്ചിടില്ലധികം
നിലനില്പിനാവശ്യമാ,നല്ലതാംവശം
പരിഗണിക്കുന്നു നാം പരിണയിച്ചീടുന്നു.
വെളുപ്പിലല്ല! ഗുണശാലിയാംമനസ്സുപോ-
ലല്‌പമലിഞ്ഞീടുകിൽ മാത്രം ഫലപ്രദം
സ്നേഹപര്യായമായ്ത്തുടരുന്ന തോന്നലാ-
ലതുനന്മയാകിലുമധികമാക്കേണ്ട നാം.
സ്നേഹംനടിച്ചൊടുവിൽ ജീവിതം നശിപ്പിച്ച-
വേദനാദുരിതഹൃദയങ്ങൾ നാം കാൺകയാൽ
മാതൃകാവഴികളിലൂടെനാം ചരിക്കുകിൽ
മാത്രമേ സുകൃതമായ്ത്തീരൂ സ്വജീവിതം.
പുലരിയായ് നിൽക്കട്ടെ!യുള്ളകം! നന്മത-
ന്മാത്രപോൽമാത്രം പലർക്കുമേകീടട്ടെ,
ഉപ്പുകൊറ്റന്റെ സഹോദര സാമ്യമാം
പ്രകൃതമൊരാളിലുമില്ലാതിരിക്കട്ടെ.
ഉല്പ്പന്നമാകിലുംഉപ്പൽപ്പമാകണം
ഉപ്പുനോക്കാനല് പസമയമേകീടണം;
ഉപ്പയെപ്പോൽ സ്നേഹശാലികളോടുനാം
ഒപ്പമിരുന്നുണർത്തീടാൻ ശ്രമിക്കണം.
ചെപ്പിലൊതുക്കിവച്ചീടുകിൽമാത്രമതു-
നൽകില്ലനുദിന രുചിരമ്യ ജീവിതം.
നല്ലവാക്കോതുവാനാകാത്തതാംമനം-
പോലെയാണുപയോഗമില്ലെങ്കിൽ നിഷ്ഫലം.
ഉപ്പിൽ കലർപ്പരുത്! നിലനില്‌പിനെന്നപോൽ;
നിത്യമീജീവിതസ്നേഹലവണത്തിലും.
സത്യമാണുപ്പിൻ രുചിഭേദമെന്നപോൽ
നിൽപ്പാണുമർത്യമനസ്സുകൾ നിത്യവും.
ഉപ്പിന്റെപേരിൽനാ,മെത്രസത്യാഗ്രഹം
മഹാത്മാവിനൊപ്പം നടത്തിയെന്നോർക്കണം;
മാനവൈക്യത്താൽ വിജയിച്ചയാദിനം
മാതൃകയാക്കി നാമൊന്നിച്ചു നിൽക്കണം.
രുചിച്ചറിഞ്ഞീടാൻകഴിയാത്തതാംസുഹൃത്-
മനസ്സുകളിൽ സ്നേഹലവണമായീടണം.
അന്യോന്യമേകണമാരമ്യസ്നേഹകം
ഉപ്പുപോലാകി,ല്ലുപ്പിലിട്ടതെന്നാകിലും…
