രചന : യൂനസ് മണത്തല ‘✍️
കാറ്റ് വീശുമ്പോൾ കരഞ്ഞുപോലെ ശബ്ദിക്കുന്ന
ഓലമേഞ്ഞ ഒരു വീട്
അതിനകത്ത്
പതിനഞ്ച് ഇരുപത് പേരുള്ള വലിയ കുടുംബം
അവിടെയായിരുന്നു
എൻ്റെ ബാല്യം കണ്ണ് തുറന്നത്
ഒരു നേരത്തെ അന്നത്തിനായി
ദിവസം മുഴുവൻ കാത്തിരുന്ന നാളുകൾ
ചിലപ്പോൾ അടുക്കളയിൽ പുക ഉയർന്നാൽ
അത് തന്നെ ഒരു പെരുന്നാൾ പോലെ തോന്നിയിരുന്നു
അയൽവീട്ടിൽ പപ്പടം വറുക്കുന്ന മണം
കാറ്റിൽ കയറി ഞങ്ങളുടെ വീട്ടിൽ എത്തും
മീൻ കറിയിൽ ഉള്ളി വറുത്ത മണം
മൂക്കിൽ തട്ടുമ്പോൾ
വിശപ്പിന് കണ്ണ് നിറയും
കുഞ്ഞായിരുന്ന ഞങ്ങൾ
ആ മണത്തെ പോലും
ഒരു ഭക്ഷണം പോലെ
മനസ്സിൽ നിറച്ച് ഇരിക്കും
മഴപെയ്യുന്ന രാത്രികൾ
ഞങ്ങളുടെ വീട്ടിൽ
ഒരു നീണ്ട പരീക്ഷയായിരുന്നു
മേൽക്കൂര ചോരുന്നിടത്ത്
പാത്രങ്ങൾ വെച്ച് വെള്ളം പിടിക്കും
നനഞ്ഞ നിലം
ചണനൂൽ ചാക്ക് കൊണ്ട് തുടച്ചു
അവിടെ പായ വിരിച്ച്
കുഞ്ഞുങ്ങളെ കിടത്തും
പക്ഷേ
ഉറക്കം ഒന്ന് പൊളിഞ്ഞാൽ
വീടിന്റെ ഏതോ ഇരുണ്ട മൂലയിലിരുന്നു
ഉടുത്ത വസ്ത്രം തന്നെ പുതപ്പാക്കി
തണുപ്പിനോട് പൊരുതി
കണ്ണ് മുട്ടാൻ ശ്രമിക്കുന്ന
അമ്മയെയും അച്ഛനെയും
എത്ര രാത്രികൾ കണ്ടിരിക്കുന്നു
അവരുടെ കണ്ണുകളിൽ ഉറക്കമല്ല
കുഞ്ഞുങ്ങൾ നനയാതിരിക്കാൻ ഉള്ള
മൗന പ്രാർത്ഥനയായിരുന്നു
പട്ടിണി
അന്ന് ഞങ്ങളുടെ വീട്ടിലെ
പഴയ അതിഥി
പക്ഷേ
സ്നേഹം
ആ വീട്ടിൽ ഒരിക്കലും കുറയാത്ത സമ്പത്ത്
ഇന്ന് ആ കഥകൾ പറഞ്ഞാൽ
ഇന്നത്തെ കുട്ടികൾ ചോദിക്കും
അങ്ങനെയൊരു കാലം
നിങ്ങൾക്ക് ഉണ്ടായിരുന്നുവോ എന്ന്
അതെ
അങ്ങനെയൊരു കാലം ഉണ്ടായിരുന്നു
മഴ ചോരുന്ന ഓലവീട്ടിന്റെ കീഴിൽ
വിശപ്പിനെയും ദാരിദ്ര്യത്തെയും ചേർത്ത് പിടിച്ച്
ഒരു ബാല്യം വളർന്നിരുന്നു
ഇന്ന് ജീവിതം നല്ലതായെങ്കിലും
മഴയുടെ ശബ്ദം കേൾക്കുമ്പോൾ
ആ ഓലവീട്ടും
ആ നനഞ്ഞ രാത്രികളും
അമ്മയുടെയും അച്ഛന്റെയും
ആ മൗന പോരാട്ടവും
എൻ്റെ മനസ്സിൽ
ഇന്നും
നനഞ്ഞ കണ്ണുകളായി
ജീവിച്ചുകൊണ്ടിരിക്കുന്നു

