രചന : അൻവർഷാ ഉമയനല്ലൂർ ✍️
പുലരിയായുണരവേ,യാരമ്യ നിരകളിൽ
അതിലളിതമായൊരുക്കീടുമീ പൂക്കളിൽ
നീയിതായിന്നും രചിക്കുന്നു കവിതകൾ;
നാരായമാക്കിടുന്നിന്നുമെൻ ചിന്തകൾ.
മാനവ ഹൃദയങ്ങളുരുവിടും കവനങ്ങ-
ളോരോന്നിലുമേനറിയുന്നു തിരുഹിതം
കുഞ്ഞിളമരുവികൾ മൂളുന്ന വരികളി-
ലുയരുന്നതും തിരുനാമങ്ങളനുദിനം.
വിശിഷ്ടമീ വൃഷ്ടിയും മമ സമസൃഷ്ടിയും,
ഗ്രാമീണഭംഗിയു,മലിവിൻ വെളിച്ചവും
രുചിരമായൊരു മഹിത കവനസ്സമാനമാ –
യുരചെയ്‌വനുദിനം തവ കർമ്മവൈഭവം
നിന്ദിപ്പവർക്കുമി,ന്നലിവാർന്നയാ മനം
നൽകിടുന്നോനേ, പിറന്നയീ മണ്ണിലും
തുറന്നേകിയെങ്കിലും കണ്ടില്ല പലരുമീ,
പാരെന്ന പാരായണാർഹമാം പുസ്തകം.
ജീവന്റെ തുഴയെറിഞ്ഞിന്നുമേ,നീവിധം
ജന്മാഴിതൻ പാതിയോടടുത്തെത്തവേ,
തൽക്കാവ്യമേവം നുകർന്നപോലീയിളം
ഓളങ്ങൾ താളം പിടിക്കുന്നകമെയും.
സാന്ധ്യമാകട്ടെയീ മനമാകെ പിന്നിതാ,
ഭക്തിതൻ നിറദീപമിന്നും തെളിക്കുന്നു
വ്യക്തമാക്കുന്നു മഹാവിഭോ,യീവിധം
ഹൃത്താളസാമ്യം തവ സ്നേഹാനുഗ്രഹം.
നേരല്ലിതെന്നു കരുതുന്നവർക്കതാ,
താരങ്ങളേക സ്വരത്തിൽ വിവരിപ്പൊരു
ദർശനം; കരവിരുതിൻ മഹാ സുസ്മിതം
ചിന്തോദയങ്ങൾ പകരുന്നുമംബരം.
ഹൃഷ്ടയാമെൻ ജന്മഗ്രാമത്തിലേക്കുമെൻ
ദൃഷ്ടി പായിക്കവേയറിയുന്നു പിന്നെയും
എന്നത്യുദാരനേ തവ ധർമ്മ വൈഭവം;
ചിന്തനീയം പരമോത്കൃഷ്ടമാകെയും.
സാക്ഷി;യേനറിയുന്നു നിത്യം മഹാസത്യ-
മാകുമാ കരുണാർദ്ര-ചിത്രം; തിരുസ്മിതം
വിസ്മരിച്ചീടുന്നു വിശ്വൈക നാഥനെ;
നശ്വരരെന്നറിയാത്തതാം മാനവർ.

