രചന : പിറവം തോംസൺ ✍️
പ്രണയികളുടെ പ്രമദ മന്ത്രണങ്ങൾ കേട്ട
ചിത്ര വനികകൾ ഈയമുരുക്കിയ ശവപ്പറമ്പുകളായി!
ഒരു പറ്റം മൺകൂനകൾക്കായി
അവർ സൂര്യനെ ബലി നൽകി.
മോഹത്തിന്റെ സാമ്രാജ്യങ്ങൾ
രണ്ടും കരി നിഴലിൽ പ്രേതങ്ങളായ്,
മൗനത്തിലും ഉപ്പിലും തുരുമ്പിലും അലിഞ്ഞില്ലാതായി.
ആരുടെ കയ്പ്പുള്ള അഹന്തയ്ക്കായി
ആ തൊട്ടിലുകൾ നിശ്ചലമായി?
ഏതു നരച്ച വാക്കിനായ് ആ മൃദു
ഹൃദയ താളങ്ങൾ ഉടഞ്ഞു പോയി?
ചോരയിരുണ്ട കുന്നിൻ
ചെരുവിൽ അവർ കയറി നിന്നു,
നിഴലുകൾ ചതിച്ചൊരാ
ഇടുങ്ങിയ അതിർത്തി കാക്കാൻ.
അടുപ്പുകൾ തകർന്നു,
കത്തുകൾ വായിക്കാതെ ബാക്കിയായി,
പേരിലെ രജത ലിഖിതങ്ങളെല്ലാം
ആസിഡ് മഴ തിന്നു തീർത്തു.
മൃതദേഹങ്ങളെ ചവിട്ടി
നിൽക്കാൻ വിജയികളാരുമില്ലിവിടെ,
അണയുന്ന നോവിന്റെ നിർമ്മമമായൊരു
തുടിപ്പു മാത്രം ബാക്കി.
ഒരു പിടി നിശ്വാസങ്ങൾക്കായി
അവർ ലോകത്തെ കൊന്നു തള്ളി,
ഒടുവിൽ എല്ലാം തീർന്നപ്പോൾ…
അവിടെ ആരുമുണ്ടായിരുന്നില്ല.
അന്ത്യ കർമ്മികൾ പോലും!

