രചന : തെന്നൂർ രാമചന്ദ്രൻ ✍️
പുതിയവരികളിൽ പഴയകവിതതൻ
ശ്രുതികളാവർത്തിച്ചാൽ കാവ്യലാവണ്യഭംഗം
പദവിനിമയത്തിൽ മയൂരഭംഗിയേകാൻ
അതിലളിതമായി തെളിയണം ചിന്തകൾ
ശിശുസഹജമായ നൈർമ്മല്യമേയഴകിൻ
അശുഭമില്ലാത്തൊരു വിരിപ്പന്തലാവണം
കൊടിയ വെയിൽത്താപം മറയ്ക്കാനുതകണം
പടികളാറിൻ പാട്ടു പോലർത്ഥം പൂത്തിടേണം
നിരുപമമെന്നൊരു പൊട്ടുചാർത്തിത്തരേണം
അരിയനന്മ കതിർ വീശി കുളിരേകണം
അതുപകർത്തിവച്ചാലതിൽ കണ്ണുടക്കണം
നിധിയാണതെന്നോതും വിധം മഹത്വം വേണം
കനൽ വേണം കവിത കത്തിജ്ജ്വലിച്ചിടേണം
അനലശോഭയോടെ ആത്മാവിലെത്തിടേണം
കുളിർപകരുന്ന നൽ മൃദുവായുവായെത്തി
തളിരുമ്മ നൽകണം മധുരം മധുകണം
നിജാനന്ദമെന്നതേ ആത്മാവിലെ പ്രകാശം
സചേതനമാകണം ശുദ്ധമന്തർഗ്ഗതങ്ങൾ
ശുഭമേ നിൻ ദർപ്പണം മാനസത്തിനധീനം
അഭയമേകും വാക്കായ് കവിതയായ്വരേണം
വൈഖരീശംഖനാദം ഹൃദയംചേർത്തു വയ്ക്കും
വികാര പരിശുദ്ധി കൊണ്ടേവരൂ ശാരികേ
കവിതാസരണിയിൽ വെള്ളപ്പളുങ്കുപാകാൻ
നവനാദശിലയായ് മേധാവിധാനമേകൂ
കുറിഞ്ഞിത്തത്തയെപോൽ നാദം ചുരത്താൻ നാവിൽ
നിറഞ്ഞേനിൽക്കണം നീ വാക്കിൻസൗരഭ്യ ധാമം
മധുരഗാനം പാടി നിർവൃതിയേറ്റു നിൽക്കാൻ
അധരത്തിലെത്തണം മധുസ്വനഗീതകം
ഒരു പാട്ടിന്റെമോഹം തെളിനീരു പോലവേ
നിറനിലാക്കിനാവിൽ ഒഴുകിയെത്തിടുമ്പോൾ
രുചിയുള്ള ഭാവുകം വള്ളിവീശി പടർന്നാൽ
വചസ്സിന്റെ മാർദ്ദവ മാല കൊരുത്തു നല്കൂ.

