രചന : ജിഷ കെ ✍️
മരിച്ചു കഴിഞ്ഞാൽ നമുക്ക്
എന്നും ഇത് പോലെ
രാവിലെ ഉണർന്ന്
പരസ്പരം ജീവനുണ്ടോ യെന്ന്
തൊട്ട് നോക്കേണ്ടതില്ല…
നീ മരിച്ചു എന്ന് ഞാനും
ഞാൻ മരിച്ചു എന്ന് നീയും എന്ന്
ഉറപ്പുള്ള
രണ്ട് ഉടലുകൾ ആദ്യം
നമ്മൾ ഉണ്ടാക്കും..
ആ നേരം
നിന്റെ ശ്വാസത്തിന് ഏറ്റവും താഴെ
എന്റെതെന്ന ഒരിളം ചൂട്
ബാക്കി നിൽക്കുന്നോ
എന്ന ആ ആശങ്കയില്ലേ
അതിനെ ഞാൻ തുടച്ച് കളയും..
നീ
എന്നും നമുക്കിടയിൽ ടിക് ടിക്ക്
എന്ന് മിടിച്ചു കൊണ്ടിരുന്ന
ആ തുടിപ്പുകളെ
പിഴുതു കളഞ്ഞാൽ മതിയാവും…
ഞരമ്പുകൾ പച്ചയിൽ നിന്നും വിടുതൽ നേടി
രാജ്യതിർത്തികൾ പോലെ
നിശ്ചലമല്ലേ
എന്ന് ഞാൻ തീർച്ച പ്പെടുത്തും…
കാതിന് ചുറ്റിലും കേട്ട കഥകളുടെ
ഇലകൾ പോലെ കേൾവി നില നിൽക്കുന്നുണ്ടെങ്കിൽ
നീയത് ഒടിച്ചു കളയണം..
എനിക്ക് ഇലഞ്ഞിയോ വാകയോ
നിശാഗന്ധിയുടെ പോലുമോ
ഗന്ധമേതാവുമെന്ന്
നീ ഓർത്തെടുക്കാൻപാകത്തിൽ
നമ്മുടെ ഉടൽ ഗന്ധങ്ങൾ
ഓരോന്നായി ഞാൻ അഴിച്ച് കളയും…
വിരലുകളിൽ നിന്നും
ചുണ്ടുകളിൽ നിന്നും
നമ്മുടെ സ്പർശനങ്ങളുടെ
മാന്ത്രിക മുദ്രകൾ
നീ പൊളിച്ചെടുക്കണം..
നിന്റെ കാൽ വിരൽ അറ്റങ്ങളിൽ നിന്നും
നടന്നു തീർത്ത ദൂരങ്ങൾ
മനഃപൂർവമല്ലെങ്കിൽ പോലും
നീ കെട്ടിയിട്ട ദൂരങ്ങൾ
ഞാൻ ഖേദ മൊന്നുമില്ലാതെ
ഊരിയെടുക്കും…
എന്റെ നീണ്ട മുടിത്തുമ്പിനെ..
കൺമഷിക്കൂടിലെ കറുത്ത കൃഷ്ണ മണികളെ
നീ അധികമൊന്നും ആലോചിക്കാതെ
പിഴുതു കളയണം…
നിന്റെ നെഞ്ചിലെ കൗസ്തുഭ മറുകിനെ
ആലിംഗനങ്ങളുടെ ആഴങ്ങളെ
ഞാൻ ചാടി കടക്കും പോലെ
നിർവീര്യമാക്കാം..
നെറ്റിയിൽ നീ നട്ട് വെച്ച ആ നാരകത്തിന്റെ ഓർമ്മയെ
വേരോടെ പിഴുതു കളയും പോലെ
എന്റെ ഓർമ്മയുടെ ഓരോ പന്നൽ പടർപ്പിനെയും
നീ മായ്ച്ചു കളയണം…
നിന്റെ നാവിൽ നിന്നും ഞാവൽ ക്കറയിറ്റും
എന്റെ പേര്
ഞാൻ തന്നെ തുടച്ച് കളയാം…
പുഴയുടെ അക്കരക്ക് പോകാൻ നമ്മൾ എന്നും ചെന്നിരിക്കാറുള്ള
ആ കടവ്
കടത്തു വള്ളം
ഒഴുക്ക്
ഏറ്റവും അവസാനത്തെ പഴുത്ത ഇല
ഇതൊക്കെ ഞാൻ തന്നെ
ഇല്ലാതാക്കാം…
ജീവിക്കുന്നത് പോലെ അത്ര എളുപ്പമേയല്ല
മരിച്ചു കഴിഞ്ഞാൽ
എന്ന്
നമ്മളോട് മാത്രം ആരും പറഞ്ഞില്ലല്ലോ
എന്ന് നമുക്ക് അപ്പോൾ വെറുതെ ആശ്വസിക്കാം.
