രചന : കെ.ആർ.സുരേന്ദ്രൻ ✍️
ചുമരിലെ
ഛായാപടത്തിൽ നിന്ന്,
വട്ടക്കണ്ണടയും, തൊണ്ണുകാട്ടിയുള്ള
വാത്സല്യച്ചിരിയുമായി,
കഷണ്ടിയായ,
അർദ്ധനഗ്നനായ അപ്പൂപ്പൻ
ഊന്നുവടിയൂന്നി ഇറങ്ങവന്നു.
സെറ്റിയിൽ
കാലിന്മേൽ കാൽകയറ്റി
ഇരിക്കുകയായിരുന്ന
പെൺകുട്ടിയുടെ കവിളിൽ
വാത്സല്യത്തിന്റെ
അപ്പൂപ്പൻ നനുത്ത
ഒരു ഉമ്മ കൊടുത്തു.
നെറ്റിയിൽ ചുവന്ന
ചന്ദ്രക്കല വരച്ച
പെൺകുട്ടിയിൽ
രോഷം തിളച്ചു.
അസഹ്യതയുടെ കുട്ടി
അറപ്പോടെ നെറ്റി ചുളിച്ച്,
ആ ഉമ്മ തൂത്തുമാറ്റി.
സ്റ്റുപ്പിഡ്,കൺട്രി
എന്നവൾ പിറുപിറുപ്പോടെ
മുഖം തിരിച്ചു.
“മോളെ, എന്റേം,നിന്റെമൊക്കെ
അപ്പൂപ്പനാ
ഈ നില്ക്കുന്നെ.
നെറ്റിയിൽ ചന്ദ്രക്കലയുടെ കുറിതൊട്ട
പെൺകുട്ടിയിൽ രോഷം തിളച്ചു.
അപ്പൂപ്പൻ ഒന്ന് നടന്നിട്ട്
വരാം.
മോളിവിടിരിക്കെന്ന്
അപ്പൂപ്പൻ.
പെൺകുട്ടി
പുച്ഛത്തിന്റെ ചിരിയായി.
അമ്മൂമ്മ പറഞ്ഞു:
മോളെ,
അപ്പൂപ്പന് നടത്ത
എത്ര ഇഷ്ടമാണെന്നോ.
എത്ര ദൂരം വേണമെങ്കിലും തളരാതെ,
ചുറുചുറുക്കോടെ
എന്നും നടക്കും.
അപ്പൂപ്പൻ പണ്ടേ അങ്ങനെയായിരുന്നു.
നാട്ടുകാരോടൊക്കെ അപ്പൂപ്പന്
എത്ര സ്നേഹമാണെന്നോ.
അപ്പൂപ്പൻ സ്നേഹമാണ്,
ദയയാണ്, അനുകമ്പയാണ്.
അപ്പൂപ്പൻ എന്നും
അങ്ങനെയായിരുന്നു കുട്ടി.
അപ്പൂപ്പനോളം സ്നേഹം
ഒരപ്പൂപ്പനുമില്ല.
മോൾക്ക്
അപ്പൂപ്പൻ വന്ന്
പ്രാതൽ കഴിച്ച്
പോയാൽ പോരെ?
അപ്പൂപ്പന് സന്തോഷമാകും.
“ഞാൻ വന്നത്
ആ മനുഷ്യനെക്കാണനല്ല.
കാറിൽപ്പോണ വഴിക്ക്
ഇവിടെ ഒന്ന് കയറീട്ട്
പോരേന്ന്
അച്ഛൻ പറഞ്ഞു.
“എനിക്ക് ധൃതീണ്ട്.”
പെൺകുട്ടി എഴുന്നേറ്റ്
ഗേറ്റിന് മുമ്പിൽ
പാർക്ക് ചെയ്ത
കാറിനടുത്തേക്ക് നടന്നു.
കാർ സ്റ്റാർട്ടാകുന്നതും
മുന്നോട്ട് കുതിക്കുന്നതും
നോക്കി അമ്മൂമ്മയും
ഒരു ഛായാപടമായി…..

