​ആമുഖം…
മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും, ഭീരുത്വം മൂലം ഇല്ലാതാക്കപ്പെടുന്ന നിഷ്കളങ്കമായ ഒരു ജീവന്റെ വിലാപത്തെയുമാണ് ഞാൻ ഈ വരികളിലൂടെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്. പ്രണയമെന്നത് കേവലം വികാരമല്ല, മറിച്ച് ഉത്തരവാദിത്തം കൂടിയാണെന്ന് മറന്നുപോകുന്ന ഒരു സമൂഹത്തിന് മുന്നിൽ, ശ്വാസം മുട്ടിക്കപ്പെട്ട ഒരു ആത്മാവിന്റെ ചോദ്യങ്ങളായി ഞാൻ ഈ കവിത സമർപ്പിക്കുന്നു. സ്വയം തെറ്റുകൾ ഏറ്റുവാങ്ങാൻ ധൈര്യമില്ലാത്ത മനുഷ്യർക്ക് മുന്നിൽ, അറുത്തുമാറ്റപ്പെട്ട ഓരോ തളിരും ഒരു തീരാവേദനയായി നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ…
​കവിത …
പ്രണയമെന്നൊരു തണൽമരത്തിൻ ചുവട്ടിൽ നിങ്ങൾ-
​കൊണ്ടാടിയ ലഹരിയിൽ വേരുപിടിച്ചതായിരുന്നു ഞാൻ.
രഹസ്യങ്ങൾ വിങ്ങുന്ന ഇടനാഴിയിൽ വിരുന്നു വന്നോൻ,
പാപത്തിന്റെ കറയോ അതോ വികാരത്തിൻ പാഴ്ജന്മമോ?
​അച്ഛന്റെ വീടിൻ ഉമ്മറത്ത് വിളക്കണയാതിരിക്കാൻ,
അമ്മതൻ കഴുത്തിലെ താലിക്കൊരു പോറലേൽക്കാതിരിക്കാൻ,
നിശബ്ദതയുടെ പുതപ്പിനുള്ളിൽ നിങ്ങൾ ഒളിപ്പിച്ച-
നിലവിളിയായിരുന്നു എന്റെ ശ്വാസത്തിന്റെ ആദ്യത്തെ തുടിപ്പ്.
​അമ്മേ… ആ തണുത്ത ഇരുമ്പുമുനകൾ എന്റെ നെഞ്ചിനെ-
തൊട്ടറിഞ്ഞപ്പോൾ, എന്തിനായിരുന്നു നീ മുഖം തിരിച്ചത്?
നിന്റെ ഉദരത്തിലെ കുളിരിൽ നിന്ന് മരണത്തിന്റെ ചതുപ്പിലേക്ക്-
തള്ളിയിടുമ്പോൾ, ഒരു തുള്ളി കണ്ണീരു പോലും കരുതിയില്ലേ നീ?
​അച്ഛാ, നിങ്ങൾ ആരുടെ അഭിമാനമാണ് സംരക്ഷിച്ചത്?
വാതിൽപ്പുറത്ത് നിഴലുപോലെ മാന്യത നടിക്കുമ്പോൾ-
കുപ്പത്തൊട്ടിയിലെ തണുപ്പിൽ പുതയാൻ വിധിക്കപ്പെട്ടവൻ,
അച്ഛനെന്നു വിളിക്കാൻ വെമ്പിയ വായ് മൂടിക്കെട്ടിയതാർ?
​മനോഹരമെന്ന് നിങ്ങൾ വാഴ്ത്തിയ ആ പ്രണയത്തിൻ-
ബാക്കിപത്രമായി ഇതാ, രക്തം പുരണ്ട തുണികൾ!
ഭർത്താവിനോടൊപ്പമോ ഭാര്യയോടൊപ്പമോ നീ അന്തിയുറങ്ങുമ്പോൾ,
പാതിവഴിയിൽ മുറിഞ്ഞ എന്റെ ശ്വാസം കാതിൽ മുഴങ്ങില്ലേ?
​ഇതൊരു അബോർഷനല്ല അമ്മേ, ഭീരുത്വത്തിന്റെ അടയാളം!
നിങ്ങളുടെ ആത്മാവിൻ സ്വപ്നങ്ങളിൽ ഞാൻ വന്നു ചോദിക്കും;
“നിങ്ങൾ ചെയ്ത പിഴവുകൾക്ക് ഞാനെന്തിനു ബലിയായി?”
മാംസക്കഷ്ണങ്ങളായി എന്റെ ഉടൽ ചിതറിയപ്പോൾ-
അവിടെ തോറ്റുപോയത് നിങ്ങളുടെ മനുഷ്യത്വമാണ്.
​തെറ്റായ നേരത്തെ ശരിയായ അടയാളമായിരുന്നു ഞാൻ,
സ്നേഹത്തിന്റെ പേരിൽ നിങ്ങൾ ചെയ്ത ഈ ക്രൂരതയ്ക്ക്-
കാലം സാക്ഷിയാകും, ഭൂമി ലജ്ജിച്ചു തലതാഴ്ത്തും.
മരിച്ചുപോയ എന്റെ ഈ വരികൾ നിങ്ങളെ നോവിക്കട്ടെ,
ഇവിടെ തോറ്റത് ഞാനല്ല, എന്നെ സ്നേഹിക്കാൻ ധൈര്യമില്ലാത്ത നിങ്ങൾ!
​ഓരോ നിശബ്ദതയിലും ഞാൻ നിങ്ങളോട് സംസാരിക്കും,
നിങ്ങൾ നൽകാതെ പോയ ആ താലോലങ്ങളും ഉമ്മകളും-
വായുവിലലിഞ്ഞ് നിങ്ങളുടെ പ്രാണനെ ശ്വാസം മുട്ടിക്കും.
മനോഹരമായ പ്രണയമെന്ന് നിങ്ങൾ പറഞ്ഞത് സത്യത്തിൽ-
നിങ്ങളാൽ നിർബന്ധിതമായി ചെയ്യിച്ച എന്റെ ആത്മഹത്യയായിരുന്നു!

ബദറുദ്ദീൻ പി കെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *