രചന : വലിയശാല രാജു ✍️
നഴ്സിംഗ് സമ്പ്രദായം ലോകത്ത് ആരംഭിച്ചത് ഫ്ലോറൻസ് നൈറ്റിംഗേലിലൂടെ ആണെന്നാണ് പലരും കരുതുന്നത്. എന്നാൽ മനുഷ്യരാശിയോളം പഴക്കമുണ്ട് ഈ സേവനത്തിന്. കാലഘട്ടത്തിനനുസരിച്ച് യുദ്ധങ്ങളും പ്രതിസന്ധികളും ഈ മേഖലയെ എങ്ങനെ പരിഷ്കരിച്ചു എന്നത് വിസ്മയകരമായ ഒരു ചരിത്രമാണ്.
നൈറ്റിംഗേലിന് മുൻപേയുള്ള നഴ്സിംഗ്
ആധുനിക സർജറിയുടെ പിതാവ് ആംബ്രോയിസ് പാരെ (Ambroise Paré) 16-ാം നൂറ്റാണ്ടിൽ തന്നെ രോഗി പരിചരണത്തിന്റെ പ്രാധാന്യം ലോകത്തിന് കാട്ടിക്കൊടുത്തു. യുദ്ധക്കളത്തിൽ പരിക്കേറ്റവർക്ക് മൃദുവായ ലേപനങ്ങൾ പുരട്ടി അദ്ദേഹം നൽകിയ ശുശ്രൂഷ നഴ്സിംഗിന്റെ ആദ്യകാല രൂപമായിരുന്നു.
കൈസർവർത്തിലെ പരിശീലനം: ഒരു തുടക്കം
നഴ്സിംഗ് ഒരു മാന്യമായ ജോലിയായി അംഗീകരിക്കപ്പെടാത്ത കാലത്താണ് ലണ്ടനിലെ ഒരു ഉന്നത കുടുംബത്തിൽ നിന്ന് ഫ്ലോറൻസ് നൈറ്റിംഗേൽ ഈ രംഗത്തേക്ക് വരുന്നത്. നഴ്സിംഗ് ശാസ്ത്രീയമായി പഠിക്കാൻ അവർ തിരഞ്ഞെടുത്തത് ജർമ്മനിയിലെ കൈസർവർത്തിലുള്ള (Kaiserswerth) ഡീക്കനെസ് ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു. തിയോഡോർ ഫ്ലീഡ്‌നറുടെ നേതൃത്വത്തിലുള്ള ഈ സ്ഥാപനത്തിലെ കഠിനമായ പരിശീലനവും ചിട്ടകളുമാണ് നഴ്സിംഗിനെ ഒരു പ്രൊഫഷനായി മാറ്റാൻ അവർക്ക് കരുത്ത് നൽകിയത്.
ക്രിമിയൻ യുദ്ധം: നഴ്സിംഗിന്റെ കനൽവഴി
നഴ്സിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത് ക്രിമിയൻ യുദ്ധമാണ് (1853-1856). ഈ യുദ്ധമാണ് നഴ്സിംഗിനെ ഇന്നത്തെ ശാസ്ത്രീയ രീതിയിലേക്ക് എത്തിച്ചത് എന്ന് പറയാം.യുദ്ധത്തിൽ പരിക്കേറ്റു മരിക്കുന്നവരേക്കാൾ കൂടുതൽ സൈനികർ കോളറയും ടൈഫോയിഡും പിടിപെട്ട് ആശുപത്രിയിൽ മരണപ്പെടുന്ന കാഴ്ചയാണ് നൈറ്റിംഗേലും സംഘവും കണ്ടത്.
വൃത്തിയുടെ വിപ്ലവം
ആശുപത്രികളിലെ അമിതമായ തിരക്ക്, മലിനമായ വായു, ശുദ്ധജലത്തിന്റെ അഭാവം എന്നിവ മാറ്റിയെടുക്കാൻ നൈറ്റിംഗേൽ മുൻകൈ എടുത്തു. ആശുപത്രി പരിസരം വൃത്തിയാക്കുന്നതിലൂടെ മരണനിരക്ക് 42 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറയ്ക്കാൻ അവർക്ക് സാധിച്ചു.യുദ്ധമുഖത്തെ മരണങ്ങളെക്കുറിച്ച് അവർ തയ്യാറാക്കിയ ഡാറ്റകൾ പിന്നീട് ആരോഗ്യരംഗത്തെ പരിഷ്കാരങ്ങൾക്ക് വലിയ സഹായമായി. ഒരു പ്രൊഫഷൻ എന്ന നിലയിൽ നഴ്സിംഗിന്റെ പ്രാധാന്യം ലോകം തിരിച്ചറിഞ്ഞത് ഈ യുദ്ധത്തോടു കൂടിയാണ്.
ഡോക്ടറും നഴ്സും.കരുത്തുറ്റ കൂട്ടായ്മ
ഡോക്ടർ ഒരു ചികിത്സാ പദ്ധതി തയ്യാറാക്കുമ്പോൾ അത് രോഗിയിൽ പ്രയോഗിക്കുന്നത് നഴ്സാണ്. മികച്ച രീതിയിലുള്ള ശസ്ത്രക്രിയ കഴിഞ്ഞാലും കൃത്യമായ നഴ്സിംഗ് കെയർ ലഭിച്ചില്ലെങ്കിൽ രോഗി ജീവിതത്തിലേക്ക് മടങ്ങിവരാൻ പ്രയാസമാണ്. യുദ്ധക്കളങ്ങളിലെ വേദനയിൽ നിന്ന് കരുണയുടെ കരസ്പർശമായി മാറിയ നഴ്സിംഗ് ഇന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തൊഴിലുകളിൽ ഒന്നാണ്.
ഡോക്ടർ ആംബ്രോയിസ് പാരെ തുടങ്ങിവെച്ച ആർദ്രതയും, കൈസർവർത്തിൽ നിന്ന് നൈറ്റിംഗേൽ നേടിയെടുത്ത അറിവും, ക്രിമിയൻ യുദ്ധത്തിലെ പോരാട്ടവീര്യവുമാണ് ഇന്നത്തെ നഴ്സിംഗിന്റെ അടിത്തറ. ഓരോ നഴ്സസ് ദിനവും ആ മഹാസേവനത്തിന്റെ ഓർമ്മപ്പെടുത്തലാവട്ടെ.

