നിഴൽ ഒരു സഹകഥാപാത്രമാണ്,
നാം,വടിവഴുതി വീഴുമ്പോൾ
നമ്മോടൊപ്പം വീഴുന്നവൻ,
നിഴൽ നിന്നോടൊപ്പമുണ്ട്
ഒപ്പം വളർന്നു തളർന്നൊടുക്കം
നീ ഉറങ്ങുമ്പോൾ നിഴൽ മരിക്കുന്നു
നിഴൽ നിന്നോടൊപ്പം,
അഴുക്കുചാലുകളിൽ
അറവു ശാലകളിൽ
നഗര ഗലികളിൽ
വേശ്യാലയത്തിൽ
പെൺവേട്ടകളിൽ
ചൂതാട്ടങ്ങളിൽ
ബ്രാണ്ടിപ്പുരകളിൽ
നിന്നെ സഹിച്ച്,
നിഴൽ സാക്ഷി,
നിഴൽ, നിന്റെയവശിഷ്ട ശിഷ്ടമായി
നിന്റെ അലച്ചിലിലൂടെയലഞ്ഞ്
അലിഞ്ഞലിഞ്ഞില്ലാതായവൻ,
നിഴലിനു മാത്രമായൊരു
കഥയും നിഴലും
നിഴൽ സൂക്ഷിക്കുന്നില്ല,
നിഴൽ….
നിഴൽ മാഞ്ഞ സന്ധ്യയിൽ
നിഴലൊളിഞ്ഞവേളയിൽ
നീയില്ലാതെ
നിന്നെ,നിന്റെ,വഴിക്കു വിട്ടു
ഒരു നിഴലിൽരഹിതയിടത്തിലൊളിച്ചു
ആരുമറിയാതെയൊടുങ്ങി പോകുന്നു
നിഴൽ…
നിനക്കു വേണ്ടെങ്കിലും,
ഒടുക്കം വരെ നിന്നെയനുഗമിക്കുന്നവൻ
നിഴൽ,
ഒന്നു കരഞ്ഞാൽ,
നിനക്കെന്ത്‌ ചേതം
നിഴൽ,
കരയുന്നുണ്ട് നീ കാണാതെ…

സുരേഷ് പൊൻകുന്നം

By ivayana

Leave a Reply

Your email address will not be published. Required fields are marked *