ചക്രവാളങ്ങളെ പിന്നിട്ട്
അകലങ്ങളിലേക്ക് നീളുന്ന
മഹാസമുദ്രം !
അഗാധവും നിഗൂഢവുമാണ്
അതിന്റെ അന്തരംഗം !
എങ്കിലും
തീരങ്ങളിലേക്കെത്തുമ്പോൾ
തിരമാലകളായ്
രൂപാന്തരപ്പെടണമെന്ന്
അത് പറഞ്ഞുതരുന്നു.
ഉയർന്നുതാഴുന്ന
ചഞ്ചല കാന്തിയോടെ
തീരത്തെ
പുണരേണ്ടതെങ്ങനെയെന്ന്
സമുദ്രം പറയുന്നു.
ഉയർന്ന തിരമാലകൾ
ചാതുര്യമാർന്ന വഴക്കത്തോടെ
താഴേണ്ടതാണെന്ന്
സമുദ്രം ഓർമ്മിപ്പിക്കുന്നു.
താഴ്ന്നിടത്തുനിന്നും
പ്രസരിപ്പോടെ
ഉയരേണ്ടതെങ്ങനെയെന്ന്
അത് കാണിച്ചുതരുന്നു.
ഉയർന്നും താഴ്ന്നും
അലയടിക്കുന്ന, ആവേശത്തിന്റെ
നൃത്തച്ചുവടുകൾക്കും
ജീവിതരതിക്കുമപ്പുറം
സ്ഥിരപ്രജ്ഞയോടെ,
ശാന്തഗംഭീരമായ്
അന്തരംഗം
വർത്തിക്കേണ്ടതെങ്ങനെയെന്നും
സമുദ്രം പറയുന്നു.
ജലം തപിച്ച് നീരാവിയായ്
ഉയർന്നുപൊങ്ങി
മഴമേഘങ്ങളായ് പാറിപ്പറന്ന്
ഒടുവിൽ ഘനീഭവിച്ച്
മറ്റൊരു ദിക്കിൽ
മഴയായ് പെയ്യുന്നതിനെക്കുറിച്ചും
സമുദ്രം പറയുന്നു.
മഴവെള്ളം
നദികളിലൂടൊഴുകി
അവസാനം,
സമുദ്രത്തിലേക്കു തന്നെ
വന്നുചേരുന്നതും
സമുദ്രം അറിയിക്കുന്നു.
അങ്ങനെ
പ്രപഞ്ചവ്യവസ്ഥയിലെ
നിലക്കാത്ത ചാക്രികചലനങ്ങളെക്കുറിച്ചും
സമുദ്രം പറയുന്നുണ്ട്.
അടങ്ങാത്ത
അലകളുയരുന്ന
ജീവിത നടനനാദം
പ്രപഞ്ചംനിറയുന്ന
പ്രണവമായ്
മാറുന്നതെങ്ങനെന്നും
സമുദ്രം ശാന്തഗംഭീരമായ് നമുക്ക് പറഞ്ഞുതരുന്നു.

എം പി ശ്രീകുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *