രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍
ജീവിത ഗ്രന്ഥം തുറന്നേടുകൾ
മറിച്ചപ്പോൾ
പാഴ്ദിനമാണനേക നാളുകൾ
പതിരുകൾ,
പാതിയും ജീവിക്കാതെ
മറന്നതാണെങ്കിലും
തിരികെപ്പിടിക്കുവാൻ
കഴിയില്ലല്ലോ കാലം….!
ഓർക്കുക,ഒന്നേയുള്ളൂ
ജന്മമീ മണ്ണിൽ വീണ്ടും
പാർക്കുവാൻ വരാമെന്ന്
കരുതേണ്ടാരും വ്യർത്ഥം.
നോക്കുകുത്തികളായി
നിൽപ്പുനാം പലപ്പോഴും
നേർക്കുനേർ ജീവിതത്തെ
കൺമുന്നിൽ കാണുമ്പോഴും…..
ഇന്നിനി കഴിയാത്തതൊക്കെയും
നാളെച്ചെയ്യാം,
എന്നതാണെന്നത്തേയും
വികാര വിചാരങ്ങൾ
ഇന്ന് മാത്രമേയുള്ളു
യാഥാർഥ്യം, നമ്മൾനാളെ
ഉണ്ടാവുമെന്നേകാലം
ഉറപ്പു നൽകുന്നില്ല……
ഇന്നിനെ മാത്രം നമ്പി
ജീവിച്ചുനോക്കൂ വേഗം,
നാളെകളുണ്ടായേക്കാം
ഉണ്ടായില്ലെന്നും വരാം…..