രചന : ജോയ് പാലയ്ക്കമൂല ✍️
മാതമൊരവൻ
കുടിലിൽ നിന്ന് ഇറങ്ങി,
വലതുകൈയിലെ വടിയിൽ
ജീവിതം ചാരി,
മാതമൊരവൻ
വേച്ചു… വേച്ചു… നടക്കും.
മുറുക്കി തുപ്പിയ മോണകൾ
നിങ്ങളെ നോക്കി
ചിരിക്കും.
ഉള്ളിലുറഞ്ഞ നോവുകൾ
സ്വന്തമെന്ന ബോധ്യത്തിൽ
കാടിൻ്റെ വിജനതയിൽ നിന്ന്
നിലച്ചുപോയ പാട്ടിന്
ചെവിയോർക്കും
തഴമ്പ് കൊഴിഞ്ഞ
കൈകളിലെ ചുളുങ്ങിയ
ചർമ്മങ്ങൾ
നോവിൻ്റെ കഥ പറയും
ചുരുണ്ടു നരച്ച മുടിയിഴകൾ
കാലത്തെ അടയാളപ്പെടുത്തും
പഴയ ഓർമ്മകൾ
വിരുന്ന് വരും….
പതിരുകലർന്ന വല്ലി
മുണ്ടിൻ്റെ കോന്തലയിൽ വാങ്ങി
ഒല്ലിൽ കുത്തിയെടുത്തതും,
അടുപ്പിലെ പച്ചവിറക്
പുകഞ്ഞ് കത്തിയതും.
പശി തീരാത്ത
മിഴികളോടെ
യാചിച്ച് നിൽക്കുന്ന
കുരുന്നുകളുടെ
നഗ്നമേനികൾ,
നിഴലുകൾ പോലെ
ചുറ്റിയതും,
കർക്കിടകത്തിൻ്റെ
കാളപ്പെയ്ത്തിൽ
വയൽ വരമ്പിൽ
ഞണ്ടു തേടിയതും,
കാട്ടുകിഴങ്ങ്
മാന്തിയതും.
മണ്ണ് തന്ന അന്നം തിന്ന്
ചോർന്നു കുതിർന്ന മണ്ണിൽ
ചുരുണ്ടു ചേർന്നതും…
ഉത്തപ്പനും ഉത്തമ്മയും
കുടിയുറങ്ങിയ
കനവുമലയുടെ
ഏകാന്തമൗനം കുടിച്ച്.
നടന്നു തീർത്ത വഴികളിൽ
മൊരവൻ വീണ്ടും നടക്കുന്നു
വഴി കണ്ടെത്താനല്ല,
മണ്ണ് മറന്നോ എന്ന്
അറിയാൻ
അതൊരു പ്രാർത്ഥനയല്ല,
ജീവിതം മറന്നുപോയ
പ്രാണൻ്റെ സഞ്ചാരം മാത്രം
ശബ്ദമില്ലാതെ,
പേരില്ലാതെ
ഒരു മനുഷ്യനായിട്ടല്ലാതെ.
കാടിൻ്റെ വിളി കേൾക്കാൻ,
മണ്ണിൻ്റെ ശ്വാസം അറിയാൻ,
ഇനിയും വിളിക്കാത്ത
അനന്തമൗനത്തിൻ്റെ
ശ്വാസത്തിലലിയാൻ

