രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️
പിച്ചവെച്ചോരടിതെറ്റിയനേരത്ത്-
ച്ചേർത്തുപിടിച്ചൊരാകൈകളിന്നുതളർന്നുപോയി.
തൊട്ടിലിലാട്ടിയ സ്നേഹത്തിന്നീണങ്ങൾ
തൊട്ടുവിളിച്ചാലുണരാത്ത മൗനമായ് !
അച്ഛന്റെവിയർപ്പിലും അമ്മതൻ കണ്ണീരിലും
അക്ഷരമുറ്റത്തുനമ്മൾ വളർന്നുപോയി.
വാനോളമുയരുവാൻ ചിറകുകൾ നൽകിയോർ
കൂടുതകർന്നുതറയിൽ വീണീടുന്നു!
ചോറുവാരിയൂട്ടിയൊരാവിരലുകൾ
ആഹാരമുന്നിൽ വിറച്ചുനിൽക്കേ,
അറപ്പോടെ നോക്കുന്ന മക്കളേഓർക്കുക
അന്നം തന്ന കൈകൾ പുണ്യമാണെന്നതും!
രോഗം തളർത്തിമെലിഞ്ഞൊരുകായത്തെ
ഭാരമായ് കണ്ടുനീ മാറ്റിനിർത്തുന്നുവോ?
ഒരു വാക്കുകേൾക്കുവാൻ കൊതിച്ചുനിൽക്കുന്നുണ്ടവർ
ഒരു നോക്കുകാണുവാൻ മിഴികൾ തുടയ്ക്കവേ!
കൂട്ടുകാരുണ്ടല്ലോ കോടിപ്പണമുണ്ടല്ലോ,
കൂട്ടിലിട്ടാരെയും നോക്കാൻ സമയമില്ല.
ഒടുവിൽ പടിയിറക്കി വൃദ്ധസദനത്തിൽ
ഒളിപ്പിച്ചുവെക്കുന്നു പാപത്തിൻകറകളെ!
കാലംകടന്നുപോം നമ്മളുംവൃദ്ധരാം
കാത്തിരിപ്പിന്റെ കയ്പുനീർ നുകർന്നിടും.
ഇന്നിവരിൻ സായാഹ്നത്തിൽ ചേർത്തുപിടിച്ചീടുക
ഇനിയൊരുജന്മം ലഭിക്കില്ലൊരിക്കലും!

