ഒറ്റയാന്മാരായ മേലുദ്യോഗസ്ഥരുടെ സ്വഭാവം family ആയി താമസിക്കുന്ന സഹപ്രവർത്തകർക്കു ചിലപ്പോൾ വിചിത്രമായിത്തോന്നാം.
ഒരു അനുഭവകഥ കേട്ടാലോ 😄

“നീ പറഞ്ഞത് ശരിയായി. ഫ്ലൈറ്റ് ടിക്കറ്റ് ഓക്കേ ആയി . അവസാന നിമിഷം ഒരു ക്യാൻസലേഷൻ വന്നു. നാളെ കാലത്തെ ഫ്ലൈറ്റിന് ഞാൻ ബീജിങ്ങിലേക്ക്! ബൈ.. വന്നിട്ടു കാണാം”
ആ മെസ്സേജിലേക്ക് നോക്കിയിരുന്നപ്പോൾ ചിരിവന്നു. പാവം മനുഷ്യൻ.ഞാനൊന്നും എങ്ങും പോകുന്നില്ലന്നു പറഞ്ഞു കെട്ടുമുറുക്കി ഇന്നലെ ദുബായിലേക്ക് പോയതാണ്. ഈ വിവരം അറിഞ്ഞിരുന്നെങ്കിൽ പോകേണ്ടആവശ്യം തന്നെ ഉണ്ടാകുമായിരുന്നില്ല.അലയാൻ യോഗമുള്ളവർക്ക് അലഞ്ഞല്ലേ പറ്റൂ?
“ ഓക്കേ, ഹാപ്പി ജേർണി “ എന്ന് wish ചെയ്തനിമിഷത്തിൽ അപ്പുറത്തെ സന്ദേശം തെളിഞ്ഞു.
“ നോക്കൂ. ഫാമിലി ഇല്ലാത്തത് ഇപ്പോൾ എത്ര പുണ്യമായി, ആകെ ഒരേ ഒരു ക്യാൻസലേഷൻ മാത്രം! അല്ലായിരുന്നെങ്കിലോ, പെട്ടുപോയേനെ “
ഈ സായിപ്പിനോട് പറഞ്ഞിട്ടു കാര്യമില്ലെന്നു തോന്നി.
“ഓക്കേ.. യു കാരി ഓൺ.. ഹാവ് അ നൈസ് ടൈം “
എന്നുമാത്രം ടൈപ്പ് ചെയ്തു.

കുടുംബം, കുട്ടികൾ ഒക്കെ പ്രാരാബ്ധമെന്നു കരുതുന്നവർ! വാസ്തവത്തിൽ അവരുടെ പുറംപൂച്ചായിരിക്കുമോ ഇത്? അറിയിക്കാൻ ആരും വേണ്ടെങ്കിൽ, രാത്രയിൽ ഏറെ വൈകി ഇങ്ങനെയൊരു മെസ്സേജ് ഇടേണ്ട കാര്യമെന്താ? അതും തികച്ചും അന്യയായ ഒരുവൾക്ക്!
“നോ ഡൗട്ട്.. പുള്ളി അതെല്ലാം ആഗ്രഹിക്കുന്നുണ്ടാവാം. അല്ലെങ്കിലും “പോവുന്നു” എന്നു പറയാൻ, “എത്തിയോ” എന്നന്വേഷിക്കാൻ, “ഭക്ഷണം കഴിച്ചോ “എന്നു ചോദിക്കാൻ, “വയ്യായ്ക മാറിയോ, മരുന്ന് കഴിക്കണേ” എന്നോർമ്മപ്പെടുത്താൻ ആരെങ്കിലും ഒരാൾ ഉണ്ടാവുന്നത് ഒരു സുഖമല്ലേ? ജീവിക്കാനുള്ള പ്രേരണ!”
വിവേകിന് ആ മെസ്സേജിൽ ഒരു അത്ഭുതവും തോന്നിയില്ല.

“ആയിരിക്കാം, പക്ഷേ പുള്ളി അതു സമ്മതിക്കുന്നില്ലല്ലോ വിവൂ.. നിനക്കറിയ്യോ, ഞാൻ അന്ന് അപ്പൂന്റെ പി. ടി. എ മീറ്റിംഗിന് പോവാൻ ലീവ് ചോദിച്ചപ്പോൾ പുള്ളിയുടെ റിയാക് ഷൻ,
“ വെറുതെ ഒരു ലീവ് കളയണോ? അതും ആ ടീച്ചേഴ്‌സിന്റെ വായിലുള്ളതു മുഴുവനും കേൾക്കാൻ” എന്ന്!
ഞാൻ അദ്ഭുതപ്പെട്ടുപോയി! അല്പമൊരു നീരസത്തിൽ എനിക്കു പ്രതികരിക്കേണ്ടി വന്നു
“സൊ വാട്ട്? ഐ ആം ഹിസ് മദർ.. ആൻഡ് ഓഫ്‌കോഴ്സ് എ പ്രൗഡ് മദർ”.
താങ്കളുടെ അമ്മയും ഒരു ടീച്ചർ ആയിരുന്നില്ലേ എന്നും ഞാൻ കൂട്ടിച്ചേർത്തു.ആളൊന്നു പകച്ചു എന്നതു നേരാ.
“ജസ്റ്റ്‌ ജോക്കിങ് “എന്നും പറഞ്ഞയാൾ കുലുങ്ങിചിരിച്ചു. പക്ഷേ ആ ചിരിയിൽ ഒരു നിസ്സഹായതപോലെ.. ഒരുപക്ഷേ എനിക്കു വെറുതെ തോന്നിയതാവ്വോ? “
“ അങ്ങനെയല്ല വാണീ.. മനുഷ്യർ പലതരം. ചിലർ സ്വന്തം സങ്കടം ഒളിപ്പിക്കാൻ ചിരി ഒരായുധമാക്കാറുണ്ട്!ഒറ്റപ്പെടലുകൾ, നിരാസങ്ങൾ, അവഗണനകൾ ഇവയെല്ലാം ഏതു ജീവികൾക്കും സങ്കടമല്ലേ? “

“അതു ശരിയാണ്. പക്ഷേ പുള്ളി പറയുന്നതൊക്കെ കേട്ടാൽ..
ഇന്നാളൊരു ദിവസം പറയ്യാ, ഒരു അഡൾട്സ് ഒൺലി സർവീസ് എങ്കിലും വിമാനക്കമ്പനികൾ ഏർപ്പെടുത്തണം എന്ന്.. ഈ കുട്ടികളുടെ കരച്ചിൽ പുള്ളിക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്ന്! ഞാൻ ചോദിച്ചു,നിങ്ങള് ജനിച്ചതേ ഈ കോലത്തിലായിരുന്നോ എന്ന്? “
“ എന്നിട്ട് പുള്ളിയെന്താ മറുപടി പറഞ്ഞേ? “
“ എന്തു പറയാൻ? “ എന്തു കൊണ്ടാ ഇങ്ങനെ റിയാകട് ചെയ്യുന്നത് എന്നാണ് മനസ്സിലാവാത്തത്! ഓഫീസിൽ ഉള്ളവരോടെല്ലാം ഫ്രീയായി ഇടപഴകുന്ന ഒരാൾ
“പുള്ളി ഒറ്റയ്ക്കാണോ താമസം? സിബ്ലിങ്സ് ആരും?”
“അതല്ലേ രസം.. ഒരേ ഒരനിയത്തി,അതും വിവാഹം വേണ്ടെന്നു വച്ചു നില്പാ. മാസത്തിൽ ഒരിക്കൽ ടൈം ഷെഡ്യൂൾ ചെയ്തു വിളിക്കുന്ന സഹോദരങ്ങൾ!”
വിവേക് ടി. വി. യുടെ റിമോട്ടിൽ വിരലമർത്തി.

“അതെന്തിനാ ആ പാട്ട് ഓഫ് ചെയ്തേ? നല്ലൊരു പാട്ടായിരുന്നു”
എന്റെ പ്രതികരണം പെട്ടെന്നായിരുന്നു.
“അല്ല ഞാനിപ്പോൾ ആലോചിച്ചതും അതാണ് വാണീ.സ്നേഹിക്കാൻ മാത്രമല്ല, ഇതുപോലെ ഒന്നെതിർക്കാനോ വഴക്കിടാനോ..അതിനും സാധിക്കാത്ത ഒരു ജന്മം.. അതെന്തൊരു ബോറാവും.”
വിവേക് വീണ്ടും അത് ഓൺ ചെയ്തു. പക്ഷേ, ആ പാട്ട് അപ്പോഴേക്കും തീർന്നുപോയിരുന്നു.
“നിനക്ക് അയാളെ ഒന്നു പറഞ്ഞു മനസ്സിലാക്കിക്കൂടെ, ഒരു വീണ്ടുവിചാരം വരുമ്പോഴേക്കും ജീവിതം ഒരുപക്ഷേ അവസാനിച്ചേക്കാം എന്ന്!”
നല്ല കഥയായി! വിവൂ, മനുഷ്യൻമാര് മാറണേങ്കിൽ അവർക്കതു സ്വയം തോന്നണം. ഞെക്കി പഴുപ്പിച്ചാൽ പഴുക്കില്ല.

സ്കോട്ടിഷാണ്. അമ്മ പോയതിൽപ്പിന്നെ നാട്ടിലേക്കുള്ള യത്രയും കുറവ്! ദുബായിലുള്ള വീട് ക്ലീൻ ചെയ്യാൻ ഒരു ഫിലിപ്പിനോ വരും. അതും ഇയാളില്ലാത്ത നേരത്തുമാത്രം ക്ലീൻ ചെയ്തു പൊയ്ക്കോളണം എന്ന നിർബന്ധബുദ്ധിയും. ഒരു വിചിത്രമനുഷ്യൻ!! എന്നാൽ മുഖം നോക്കിയാലോ, ഒരു കുഞ്ഞിന്റെ ക്യൂട്ട്നെസ്! ഇത്രയും കർക്കശക്കാരനെന്നു ആരും പറയില്ല.
കഴിഞ്ഞ വെനസ്ഡേ അയാളുടെ ബർത്ഡേ ആയിരുന്നു ഞങ്ങളുടെ ടീമിലെ അഞ്ചാറുപേര് ചേർന്നു പുള്ളിക്കൊരു പാർട്ടി അറേൻജ് ചെയ്തു.അന്നു ഞങ്ങളോടൊപ്പം സന്തോഷിച്ചുകൂടിയതാ. അന്ന് വൈകീട്ടാണ് ബീജിങ്ങിൽ പോകാനുള്ള ഓർഡർ വരുന്നത്. എണ്ണക്കമ്പനി പുതിയൊരു കപ്പല് വാങ്ങി. നിർമ്മാണം ചൈനക്കാരുടെത്. അതേറ്റു വാങ്ങാനുള്ള യാത്ര. പക്ഷേ വിസ മാത്രമേ കിട്ടിയുള്ളൂ. ടിക്കറ്റ് സ്വയം എടുക്കണം. പിന്നീട് റീ ഇമ്പേഴ്‌സ് ചെയ്തുതരും. ഞങ്ങൾ അഞ്ചുപേരും പുള്ളിക്ക് യാത്രാമംഗളങ്ങൾ നേർന്നു.

പിറ്റേന്ന് സംഭാഷണത്തിനിടയിൽ ചൈനക്കാര്യം വന്നപ്പോൾ ഞാൻ ചോദിച്ചു.
“എന്നാ ഫ്ലൈറ്റ്? ‘
“ഐ ആം നോട് ഗോയിങ്”
“വൈ? “
“ഒന്നൂല്യ. ടിക്കറ്റ് ചാർജ് ഇത്രയും ഹൈക്ക് ആയതു കൊണ്ട്..”
അദ്ഭുതപ്പെട്ടുപോയി.
“അതിനു ഇയാളല്ലല്ലോ കൊടുക്കണത്? കമ്പനിയല്ലേ? “
“ അതേ. ബട് ഇറ്റ് സ് നോട് എതിക്കൽ”
എനിക്കു ദേഷ്യമാണ് വന്നത്.
“എന്റെ സായിപ്പേ, തനിക്കു വട്ടാണോ “എന്ന് നാക്കിൻതുമ്പു വരെയെത്തിയ ചോദ്യം വിഴുങ്ങി!
മറ്റുള്ളവർ പോയ്‌ക്കോട്ടേ. കമ്പനിയ്ക്ക് നഷ്ടം വരുത്തേണ്ട എന്നൊക്കെയുള്ള മുട്ടാപ്പോക്കു ന്യായങ്ങൾ! ഞങ്ങൾ പറ്റാവുന്ന പോലെയൊക്കെ പറഞ്ഞു നോക്കി. ഒടുവിലൊന്നു സമ്മതിച്ചപ്പോഴേക്കും ഫ്ലൈറ്റ് ഫുൾ.

വിവു എന്റെ മുഖത്തുതന്നെ കണ്ണെടുക്കാതെ നോക്കിയിരുപ്പാണ്. എന്നെ ഓഫീസിൽ കൊണ്ടുവിടാൻ വന്നപ്പോൾ ഒന്നുരണ്ടു തവണ വിവു പുള്ളിയെ കണ്ടിട്ടുമുണ്ട്.
ബൊമ്മക്കുട്ടിയെപ്പോലെ ചുമന്നുതുടുത്ത കവിളും കുടവയറുമുള്ള പാവം സായിപ്പ്. പൊട്ടിപ്പൊട്ടി ചിരിക്കുമ്പോൾ ആ കണ്ണുകളും കുടവയറും ഒപ്പം ചിരിക്കുന്നതു കാണാൻ നല്ല ഭംഗിയാണ്!
“ക്യാൻസലേഷൻ വന്നാൽ പോവാലോ “എന്നപ്പോഴും പ്രതീക്ഷ കൊടുത്തതുകൊണ്ടാവുമോ ഈ സന്ദേശം?

എന്തായാലും നാളെ രാത്രി ഒരു മെസേജ് ഇടണം “എത്തിയോ” എന്ന അന്വേഷണവുമായി.
ഈ ഭൂമിയിൽ ആരെങ്കിലും ഒരാൾ അന്വേഷിക്കുന്നുണ്ടെന്നു ആ പാവം അറിഞ്ഞോട്ടെ!!
കണ്ടാൽ ഒരു പക്ഷേ, ചുണ്ടിൽ പുച്ഛം തേച്ച് പുള്ളി ചിരിച്ചേക്കാം! മടുപ്പിന്റെയും പുച്ഛത്തിന്റെയും ഭാണ്ഡക്കെട്ടുംപേറി പറന്നോട്ടെ, എങ്ങോട്ടെങ്കിലും!
അല്ലെങ്കിൽ,നഷ്ടബോധത്തിന്റെ ഒരു വിങ്ങലിൽ, നാരും ചകിരിയും തൂവലും ചേർത്തുപണിയുന്ന ഒരു തൂക്കണാംകുരുവിക്കൂടിന്റെ ചൂടറിയാൻ കൊതിച്ചോട്ടെ.
എന്തായാലും എനിക്കു ഓക്കേ!!

ഗിരിജ വാര്യർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *