രചന : ബിനോ പ്രകാശ് ✍
സായാഹ്നത്തിന്റെ നിറം മേഘങ്ങളിൽ പടർന്നു. പാതയോരത്തെ തൊട്ടാവാടി ചെടികൾ ഉറങ്ങാൻ കിടന്നു.
അന്നന്നത്തെ ആഹാരശേഖരണവും കഴിഞ്ഞു ആകാശപറവകൾ കൂടുകളിലേയ്ക്ക് പറന്നു.
അമ്പലത്തിൽ നിന്നും സായാഹ്നസങ്കീർത്തനങ്ങൾ ഹൃദയത്തിൽ തൊടുംവിധം കാറ്റിലൊഴുകി വന്നു.
മൺപാതയുടെ മാറിൽ ചവുട്ടി വീട്ടിലേക്ക് നടക്കുമ്പോൾ അവൻ അമ്മയോട് ചോദിച്ചു.
ഇന്ന് രാവിലെ വഴിയിൽ കണ്ട ഒരാളോട് അമ്മ സംസാരിച്ചില്ലേ
അതാരാ?
ഒരു പരിചയക്കാരൻ.
അമ്മ മറുപടി കൊടുത്തു.
ആഹാ! ഈ പരിചയക്കാനെ ന്നാലെന്താമേ?
എന്നും കാണുകയും, ചിരിക്കുകയും, സംസാരിക്കുകയും ചെയ്യുന്ന ഒരാൾ.
രാത്രിയിൽ കഞ്ഞി കുടിച്ചു കഴിഞ്ഞു നേരത്തെ അവൻ കിടക്കുവാൻ പോയി.
പക്ഷേ ഉറക്കം വരുന്നില്ല..
അച്ഛന്റെ നെഞ്ചിൽ ചാരികിടന്നതും
അച്ഛൻ ആഹാരം വാരിത്തന്നതും ഓർത്തു കിടന്നപ്പോൾ അവൻ കേട്ടു
അമ്മയുടെ മുറിയിൽ ഒരു പുരുഷ സ്വരം.
അടക്കിപ്പിടിച്ചുള്ള ചിരി.
അച്ഛൻ മരിച്ചതിന് ശേഷം അമ്മ ആദ്യമായി ചിരിക്കുന്നു.
ഇന്നലെ വരെ അമ്മയെപ്പോഴും മൗനിയായിരുന്നു. രാത്രിയിൽ ശൂന്യതകളിലേയ്ക്ക് നോക്കിയിരിക്കും
ഇന്ന് ആ അമ്മ ചിരിക്കുന്നു.
അമ്മ ചിരിക്കട്ടെ അവൻ പുതപ്പ് തലയിലേയ്ക്ക് വലിച്ചിട്ടു കണ്ണടച്ചു കിടന്നു.
അതിരാവിലെ അമ്മയുടെ പ്രാർത്ഥന കേട്ടാണവനുണർന്നത്. അച്ഛന്റെ മരണശേഷമുള്ള ആദ്യത്തെ പ്രാർത്ഥനയാണ്.
അമ്മ ഇന്ന് സുന്ദരിആയിരിക്കുന്നു മുഖത്തൊരു തെളിച്ചം.
അമ്മ ഇത്ര രാവിലെ കുളിച്ചോ? നനവുള്ള മുടിയിഴകളിൽ തലോടികൊണ്ടവൻ അമ്മയോട് ചോദിച്ചു.
രാത്രിയിൽ അമ്മ ചിരിക്കുന്നത് കേട്ടു.
ആരോടോ സംസാരിക്കുന്നതും.
ആരായിരുന്നു അമ്മേ അവിടെ?
അമ്മയവനെ മടിയിലിരുത്തി.
പിന്നെ പറഞ്ഞു.
ഒരു പരിചയക്കാരൻ.
പരിചയക്കാരൻ രാത്രിയിലും വരുമോ?
ഉം. പരിചയമുള്ളവർക്ക് രാത്രിയിലും വരാം.അമ്മ അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു
ആ പരിചയക്കാരനെ എന്നെ കൂടി പരിചയപ്പെടുത്താമോ?
എന്തിനാ മോനെ?
അയാൾ വന്നപ്പോഴല്ലേ അമ്മ ചിരിച്ചത്. അമ്മയെ ചിരിപ്പിച്ചയാളെ ഞാനും കാണേണ്ടേ.
അമ്മ ചിരിച്ചു. അതിനെന്താ പരിചയപ്പെടുത്താം.
അയാൾ ഇന്നും വരുമോ?
വരുമായിരിക്കും. അവൾ മറുപടി പറഞ്ഞു. പിന്നെ ചായയെടുക്കുവാൻ അടുക്കളയിലേയ്ക്ക് നടന്നു.
അന്ന് സ്കൂൾ വിട്ട് വീട്ടിൽ വന്ന അവൻ കണ്ടു. വീട്ടിൽ നിറയെ സാധനങ്ങൾ, പാത്രങ്ങളിൽ പലഹാരങ്ങൾ. അടുക്കളയിൽ നല്ല മണം.
ഇന്നലെ വരെ ശുഷ്‌ക്കിച്ച് മടിശീലയായിരുന്നു. ഇന്ന് കാശ് എവിടെ നിന്നു കിട്ടി?അവന്റെയുള്ളിൽ സംശയം.
മണമുള്ള സോപ്പ് ഉപയോഗിച്ച് കുളിച്ചിട്ട് വരുമ്പോൾ അവൻ അമ്മയെ നോക്കി.
അമ്മയ്ക്ക് നല്ല മണം.
ഇതൊക്കെ എവിടെ നിന്നാ അവൻ ചോദിച്ചു.
ആ പരിചയക്കാരൻ തന്നതാ.
അയാൾ ഇന്നും വരുമോ?
അന്നും വയറു നിറയെ ഭക്ഷണം കഴിഞ്ഞു അവൻ അയാൾ വരുന്നതും കാത്തിരുന്നു.പക്ഷേ ഉറക്കം അവനെ ആശ്ലെഷിച്ചു.
രാത്രിയുടെ യാമത്തിൽ അവൻ കണ്ണുകൾ തുറന്നപ്പോൾ. അമ്മയുടെ മുറിയിൽ സംസാരം കേട്ടു. അയാൾ വന്നിട്ട് അമ്മയെന്നെ വിളിച്ചില്ല.
അവൻ എഴുന്നേറ്റ് മെല്ലെ അവിടെയ്ക്ക് നടന്നു.
ചാരി കിടന്ന വാതിൽ തുറന്നു.
അവൻ കണ്ടു അമ്മയും വെള്ള മുണ്ടുടുത്ത ഒരാളും കൂടി കട്ടിലിൽ ഇരുന്നു വർത്തമാനം പറയുന്നു.
അമ്മ എന്താ എന്നെ വിളിക്കാഞ്ഞത് ചോദ്യം കേട്ട് അവർ തിരിഞ്ഞു നോക്കി.
അവനയാളുടെ മുഖം കണ്ടു.
കഥകളും കവിതകളും എഴുതുന്ന മാഷ്.
അമ്മേ ഈ മാഷിനേ എനിക്കറിയാം
ഈ മാഷ് തന്റെ സ്കൂളിൽ വന്നു കവിതചൊല്ലിയിട്ടുണ്ട്..
മോൻ പോയി കിടന്നോളു. അമ്മ പറഞ്ഞു.
കിടക്കയിൽ വന്നിട്ടും അവനുറക്കം വന്നില്ല
മാഷിന്റെ കവിതകൾ കേട്ടിട്ടായിരിക്കും അമ്മ ചിരിച്ചത്.
രാവിലെ ഉണർന്നു നേരെ അമ്മയോട് ചോദിച്ചു.
മാഷ് പോയോ അമ്മേ?
മാഷ് രാത്രിയിൽത്തന്നെ പോയല്ലോ.
നല്ല കവിതകളാണോ മാഷ് അമ്മയ്ക്ക് ചൊല്ലി തന്നത്?
അതേ…
ഇന്ന് മാഷ് വരുമ്പോൾ എനിക്കും കവിതകൾ കേൾക്കണം.അമ്മയെന്നേ വിളിക്കണേ.
അന്ന് രാത്രിയിലും പരിചയക്കാരൻ മാഷ് വരുന്നതും കാത്തവനിരുന്നു.
അർദ്ധരാത്രിയിൽ
അമ്മയുടെ മുറിയിൽ സംസാരം കേൾക്കുന്നുണ്ട്. പക്ഷേ അമ്മ ചിരിക്കുന്നില്ല.
മാഷ് കവിത ചൊല്ലുന്നില്ലായിരിക്കും.
അവൻ മെല്ലെ വാതിലിനരികിലേയ്ക്ക് ചെന്നു.
ഇന്നലെ വന്ന മാഷല്ലയിന്ന് വന്നിരിക്കുന്നത്.
അമ്മേ കവിത ചൊല്ലുന്ന മാഷെവിടെ?
ശബ്ദം കേട്ട് തിരിഞ്ഞു നോക്കി അമ്മ പറഞ്ഞു.
ഇന്ന് മാഷ് വന്നില്ല. പകരം വന്ന മാഷാണ്.
ഈ മാഷ് കവിത ചൊല്ലില്ലേ
ഇല്ല. ഈ മാഷ് കഥയാണ് പറയുന്നത്.മോൻ പോയി കിടന്നോളു.
രാവിലെ അവൻ അമ്മയോട് ചോദിച്ചു. ഇന്നലെ കഥ പറയാൻ വന്ന മാഷിനേ അമ്മയ്ക്ക് പരിചയമുണ്ടോ?
ഉണ്ടല്ലോ….
അമ്മയ്ക്ക് ഒരുപാട് പരിചയക്കാരുണ്ട്.
അവരൊക്കെ വരും, പോകും
അതിനിടയിൽ മോനു പരിചയമുള്ള കവിത ചൊല്ലുന്ന മാഷും വരും.
കവിത ചൊല്ലും അമ്മ ചിരിക്കും.
പിറ്റേ ദിവസം മോനു വയറു നിറയെ ഭക്ഷണം ഉണ്ടാക്കി തരും.
അത് കേട്ട് അവൻ അമ്മയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
