രചന : അൻവർ ഷാ ഉമയനല്ലൂർ ✍️
ഊടു വഴിയിലൂടോടിയെത്തീടുവാൻ
ഊണുകാലത്തും തിരിച്ചോടിയെത്തുവാൻ
ഊരകാനന്ദമാം ഗ്രാമവിദ്യാലയം
ഊനാതിരേകമില്ലാതേകി പിൻബലം.
ഊർമിളാപതി, പണ്ടു ലക്ഷ്മണ രേഖയാൽ
ഊരുവിലക്കുപോൽ കല്പിച്ച കഥകൾതൻ
ഊനതരംഗിണീ വൃത്താർദ്ര കവിതകൾ
ഊർജമധുരമായ് പകർന്നേകി ഗുരുവരർ.
ഊഞ്ഞാലുപോലന്നുമാസ്വദിച്ചാ, ദിനം
ഊർന്നുവീണില്ല ,പി-ന്നാദിത്യനായ് മനം
ഊറ്റമേകുന്നതാണന്നാർദ്ര ഗ്രാമ്യകം;
ഊഹിച്ചിടുന്നില്ലെ,യാ വർണ്ണ ബാല്യകം?
ഊഷ്മളമായാ സ്വദിച്ചുപരി,യർഹമാം
ഊഷ്മകംപോൽ തപിക്കാത്തതാം ഗുരുവരം;
ഊഴമെത്തീടുവാൻ കാത്തിരുന്നനുദിനം
ഊന്നലോടെന്നിലുണർത്തിയൊരു കവിമനം.
ഊതിക്കാച്ചിയ പൊന്നാക്കിമാറ്റുവാൻ
ഊരവ്യനെന്ന പോലേകി,യാ ശിക്ഷണം
ഊനങ്ങളില്ലാതെ മാറ്റിയെന്നാർദ്രകം;
ഊർജ്ജസ്വലമായൊഴുകുന്നു കാവ്യകം.
ഊരമ്പലമാക്കിയില്ലയാ, ഗ്രാമ്യകം
ഊരടിവയലിൻ കരയിലായെൻ ഗൃഹം;
ഊഴിയിലേയ്ക്കു മടങ്ങുന്ന നാൾവരെ,
ഊരാമുതൽപോലുപയോഗ്യമാക്കിയേൻ.
ഊയ്യാരമില്ലാത്തതാം സാന്ധ്യകാലവും
ഊഷ്മളാനന്ദമായെത്തുന്ന പുലരിയും
ഊർജ്ജം പകർന്നേകിടുന്നെത്ര കവിതകൾ;
ഊറിയെത്തുന്നഴകാർന്നതാ,മരുവികൾ.
ഊർജ്ജതന്ത്രത്താലുണരില്ല; ഭാഷതൻ
ഊഷ്മാവറിഞ്ഞുദയമേകേണമെങ്കിലേ,
ഊഴിയിലൊഴുകൂ പ്രകൃതിതൻ കവിതകൾ;
ഊഷ്മള ബാല്യമായുണരൂ പുലരികൾ…

