രചന : പ്രസീത.കെ ✍️
ഗോവിന്ദപുരത്തിലൂടെയുള്ള
യാത്രയിൽ
ഒരു കനകാംബരപ്പൂ പാറി വന്ന്
മടിയിൽ വീണു.
ബസിനു പുറത്ത് പിറകോട്ടോടുന്ന മരക്കൂട്ടങ്ങളെ പോലെ
മനസ്സിലൂടെ കാലം ഓടിയോടി
നിന്നിലെത്തികിതച്ചു നിന്നു.
നമ്മളെന്തിനായിരുന്നു
അന്നിവിടെ വന്നത്!
ഒന്നിച്ചിരിക്കുന്ന ഭംഗിയിൽ
നീണ്ടു നീണ്ടുപോയ പാതകൾ……
തീരാത്ത കഥകൾ !
പരസ്പരം കേട്ടിരിക്കുക എന്നത്
എത്ര മനോഹരമാണ്.
ഇത്ര സ്നേഹത്തോടെ, ആദരവോടെ
എന്നെ വേറാരാണ് കേട്ടിട്ടുള്ളത്!
ഓരോ കോശങ്ങളിലും
നിന്നിലേക്ക് മാത്രം
തിരിഞ്ഞിരിക്കുന്ന
ആയിരം കാന്തസൂചികൾ !
എൻ്റെ ദേശാടനക്കിളികൾക്ക് വന്നിറങ്ങാനുള്ള ഒരേയൊരു തണ്ണീർതടം !
കരിംപച്ച തേയിലക്കാടുകൾക്കപ്പുറം
ദൂരെ നീലക്കല്ലു പോലെ
തിളങ്ങുന്നൊരു തടാകം.
ഇരുവശത്തും വേപ്പുമരങ്ങൾ തണൽപടർത്തുന്ന പാതയിൽ
അല്പനേരം വണ്ടി നിർത്തി.
പഴയൊരോല വീടിൻ്റെ നിറുകിൽ മുല്ലവള്ളികൾ പടർന്നു കറിയിരിക്കുന്നു.
വിജനമായ വഴിയിൽ എന്നോ ഉപേക്ഷിക്കപ്പെട്ട കുടിലിനോട്
പ്രകൃതിയുടെ കാരുണ്യം.
പനയോലക്കൂരയ്ക്കു മീതെ മുല്ലയുടെ സുഗന്ധാലിംഗനം.
‘പ്രകൃതിയുടെ പാഠമാണിത് ‘ – നീ പറഞ്ഞു
‘ഒന്നിനേയും തനിച്ചാവാൻ വിടില്ല.
ഒരു തലോടൽ കൊതിക്കുന്ന
ഏകാകികളായ എത്ര മനുഷ്യരാണ് ഭൂമിയിൽ..
പരസ്പരം ആശ്ലേഷിച്ചാൽ
സങ്കടങ്ങളുടെ കവിതകൾ ഉണ്ടാവുമായിരുന്നില്ല.
ഭൂമിയാകെ ഉന്മാദത്തിൻ്റെ
ബാവുൽ ഗീതം നിറയുമായിരുന്നു.’
നീ പതിവുപോലെ ദാർശനികനായി.
പിന്നെയും വണ്ടി നീങ്ങി.
തിരിച്ചു പോരേണ്ടാത്ത യാത്രയായിരുന്നെങ്കിൽ !
മുന്നിൽ ദീർഘമായി
നിണ്ടു കിടക്കുന്ന പാതയിലൂടെ
എങ്ങോട്ടെന്നില്ലാതെ,
എന്നു മടങ്ങും എന്നറിയാതെ.
തമിഴ് ചന്തമുള്ള
വൃദ്ധദമ്പതികളുടെ
കടയിൽ നിന്നാണ്
കാപ്പി കുടിച്ചത്.
നരച്ച മുടിക്കെട്ടിൽ
മുല്ലയും കനകാംബരവും
ചേർത്ത് കെട്ടിയ മാല
തോളിലേക്ക് വീണു കിടക്കുന്നു.
നമ്മളെ നോക്കി അവർ ചിരിച്ചു.
അത്രയും ചേർന്ന്
അത്രയും നിറഞ്ഞ്
നമ്മളിരുന്നു.
അപ്പോളെടുത്ത ചിത്രത്തിലെ
നീയും ഞാനും
ഏറ്റവും ഭംഗിയുള്ളവരായിരുന്നു.
പോക്കുവെയിലിൽ തിളങ്ങുന്ന മുഖം,
ഉമ്മ വയ്ക്കാതെയും
തുടുത്ത ചുണ്ടുകൾ …
കണ്ണുകളിൽ ചന്ദ്രകാന്തപ്പൂക്കൾ
കടയ്ക്കു മുന്നിലെ ആൽമരത്തിൽ
നിറയെ കിളിക്കൂടുകൾ.
ചിറകൊച്ചകൾക്ക് കാതോർത്ത്
ശാഖകൾ നീട്ടി നില്ക്കുന്ന മരം.
കാലം ഉറഞ്ഞ് കരിങ്കല്ലായതുപോലെ, മരച്ചോട്ടിൽ യുഗങ്ങളായി
ഒരേ നില്പു നില്ക്കുന്ന അത്താണി.
ചുമലിൽ കനക്കുന്ന ചുമടുമായി
എന്നോ വന്നേക്കാവുന്ന
ഒരാളെ കാത്ത് എത്ര കാലങ്ങൾ!
‘ഈ നിമിഷത്തെ ഇതുപോലെ മരവിപ്പിക്കാനുവോ ?
നീയും ഞാനും
ഈ കടയും മരവും പക്ഷിക്കൂടും അത്താണിയുമെല്ലാം
ഒരു നിശ്ചലമാതൃക പോലെ
ഈ വഴിയരികിൽ!
വർഷങ്ങൾ നമ്മെ കടന്നുപോകട്ടെ,
ഈ ഇരിപ്പിൽ നിന്നും
എഴുന്നേൽക്കാൻ വയ്യ !’
ഞാൻ പറഞ്ഞു.
നോക്കി നോക്കി ഇരിക്കെ
കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി…
‘ നമുക്ക് മടങ്ങാം ‘
നിൻ്റെ ശബ്ദം തീരെ നേർത്തിരുന്നു.
മഞ്ഞും ഇരുട്ടും നിഴലുകളും വഴിയിലേക്കിറങ്ങി വന്നു.
കവുങ്ങിൻ തോട്ടങ്ങളിൽ പ്രേതരൂപികളെപ്പോലെ
തേക്കു മരങ്ങൾ.
മുകളിലെത്തുമ്പോൾ തടാകം
നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ പോലെ.
കണ്ണീരിൽ മുങ്ങിച്ചുവന്ന്
മാഞ്ഞുപോകുന്ന സൂര്യൻ.
‘ഇവിടെ ഇറങ്ങുകയാണ്’
നിൻ്റേതല്ലാത്ത സ്വരത്തിൽ നീ പറഞ്ഞു.
ഇരുട്ടിലേക്ക് വാതിൽ തുറക്കുമ്പോൾ മുഖത്തേക്ക് നോക്കാതെ നീ ചോദിച്ചു.
‘വീട്ടിലെത്താൻ വല്ലാതെ വൈകുമോ ! ‘
‘സാരമില്ല’
ഇനി നമ്മൾ കാണുമോ?
ഇല്ല…
വിളിക്കുമോ
ഇല്ല…
കണ്ണുകളിൽ കറുത്ത ജലം നിറഞ്ഞു.
മുന്നോട്ടുള്ള വഴി കാണാതെ വണ്ടി നീങ്ങി…
…………
നിൻ്റെ ഓർമ്മയിൽ ആ സന്ധ്യയുണ്ടോ!
പിന്നീടൊരിക്കലും
കാണാതിരിക്കാൻ വേണ്ടി
കണ്ടു പിരിഞ്ഞ ആ പകൽ!
ഇത്ര കാലം കഴിഞ്ഞും
ഘനീഭവിച്ച രക്തശില പോലെ,
ഓരോ നിമിഷവും മരവിപ്പിക്കുന്ന തണുപ്പായി എന്നെ ചൂഴുന്നു.
കാലം മുറിവുകളെ ഉണക്കുന്നില്ല.
അവയുമായി ജീവിക്കാൻ നമ്മെ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇത്രമാത്രം…
നിനക്കും എനിക്കും
നമ്മെപ്പോലെ സ്നേഹിച്ചതിനാൽ വേദനിക്കുന്ന പ്രിയപ്പെട്ടവർക്കും വേണ്ടി ….
പ്രണയദിനാശംസകൾ
