ചില കവികൾ എന്നെപ്പോലെയല്ല
അവരെ
വേഷം കണ്ടാൽ തിരിച്ചറിയും
ചില കവികളെ
കാണാൻ കാലടികളിലേക്ക്
നോക്കിയാൽ മതി
വിരലുകൾ നിറയെ
വേരുകൾ മുളച്ചിട്ടുണ്ടാകും
ചില കവികൾ
എന്നെപ്പോലെയാണ്
അവർ
കവിത ചൊല്ലിയാലേ
കവിയാണെന്ന് തിരിച്ചറിയുകയുള്ളു
മറ്റു ചിലരെ
ഒരക്ഷരം മിണ്ടിയില്ലെങ്കിലും
കാട്ടുചെമ്പകം പോലെ
കവിത മണക്കും
ചില കവികളുടെ
കൈവെള്ളയിലും
നെറ്റിയിലും കാലടികളിലും
ചോരയും ചലവും ഇറ്റുന്ന
ആണിത്തുളകൾ കാണാം
മറ്റു ചിലരുടെ നെഞ്ചിൽ
വെടിച്ചില്ലുകൾ കയറിയ
കൊച്ചു കുഴികൾ കാണാം
ചില കവികൾ എന്നെപ്പോലെയാണ്
സിൽക്ക് ജുബ്ബയുടെ കീശയിൽ
അഞ്ഞൂറിന്റെ നോട്ടുകൾ
തെളിഞ്ഞു കിടക്കും
മറ്റു ചിലരുടെ കീറിയ പോക്കറ്റിൽ
എഴുതിതീരാത്ത കവിതയുടെ
കീറക്കടലാസേ കാണൂ
ചില കവികൾ എന്നെപ്പോലെയല്ല
അവരെ കണ്ടാൽ
ആളുകൾ ഓടിയൊളിക്കും
ഓടാത്തവനെ പിടിച്ചുനിർത്തി
അവർ കവിത ചൊല്ലിക്കേൾപ്പിക്കും
മറ്റു ചിലർ എന്നെപ്പോലെ കൊന്നാലും മിണ്ടില്ല
അവരുടെ തലയ്ക്കുമുകളിൽ
എപ്പോഴും ഒരാൽമരം
പൂത്തു നിൽക്കുന്നത് കാണാം
അതിന് ചുവട്ടിലൊരു മൗനബുദ്ധനെ കാണാം
ചില കവികൾ
കാലിൽ ചെരിപ്പിടില്ല
അവരുടെ ഉടലിൽ
മണ്ണിരമുതൽ മിന്നാമിന്നിവരെ
പച്ചിലപ്പാമ്പ് മുതൽ ചിത്രശലഭം വരെ
കൂടുകെട്ടി പാർക്കുന്നത് കാണാം
മറ്റു ചിലർ എപ്പോഴും എന്നെപ്പോലെ
കാറുകളിലും ബൈക്കുകളിലും
വിമാനങ്ങളിലും സഞ്ചരിച്ച്
വയലുകളിലൂടെ നിരത്തുണ്ടാക്കുന്നതിനെക്കുറിച്ചും
മലതുരന്ന് വീടുണ്ടാക്കുന്നതിനെക്കുറിച്ചും
വ്യാകുലപ്പെട്ട് കണ്ണീർക്കവിതകളെഴുതി
ആനുകാലികങ്ങളെ
സമ്പന്നമാക്കിക്കൊണ്ടിരിക്കും
ചില കവികൾ എന്നെപ്പോലെ
മനുഷ്യൻ മനുഷ്യനെ
അടിമകളാക്കുന്നതിനേക്കുറിച്ച്‌
തെരുവുകളിൽ ഉച്ചത്തിൽ പ്രസംഗിക്കും
വീട്ടുകോലായിൽ
കൂടുകളിൽ കിളികളെയും
സ്വീകരണമുറിയിൽ മീനുകളെയും വളർത്തും
മറ്റുചിലർ
പീടികത്തിണ്ണയിലുറങ്ങും
ഭൂമിയുടെ വാതിലുകളെക്കുറിച്ചെഴുതും
അവരുടെ കവിതകളിൽ
ഒരിക്കലും വീടുകളുണ്ടായിരിക്കില്ല
ചില കവികൾ എന്നെപ്പോലെ
പ്രണയത്തിന്റെ അഗ്നിയിൽ
എപ്പോഴും പുകഞ്ഞ്
വിയർത്തൊലിച്ചിരിക്കും
ഇടയ്ക്ക് എയർകണ്ടീഷനിൽ കേറിയിരുന്ന്
ഭ്രാന്തിനെ തണുപ്പിക്കും
മറ്റുചിലർ
കവിതയെ പ്രണയകാലത്തെ
ഉത്സവരാത്രിയുടെ ആകാശമാക്കും
കൊഴിഞ്ഞ നക്ഷത്രങ്ങളെ
ആരും കാണാതെ
പോക്കറ്റിൽ സൂക്ഷിച്ചുവെക്കും
അവർ എപ്പോഴും കല്ലേറുകൊണ്ട്
മുറിവേറ്റവരായിരിക്കും
ചില കവികൾ എന്നെപ്പോലെ
ഒരിക്കലും ചിരിക്കില്ല
അവരുടെ കവിതകൾ വായിച്ച്
ആളുകൾ തലതല്ലിച്ചിരിക്കും
മറ്റുചിലർ
അന്ധന്മാരായിരിക്കും
അവരുടെ കവിതകൾ വായിച്ച്
ആളുകൾ ലോകം എങ്ങിനെയെന്ന് കാണും
വേറെ ചിലർ
മുടന്തന്മാരായിരിക്കും
അവരുടെ കവിതകളിൽ
ലോകം നിവർന്ന് നടക്കും
ഇനി ചിലർ
ബധിരന്മാരായിരിക്കും
അവരുടെ കവിതകൾ
എല്ലാ വെടിയൊച്ചകളും കേൾക്കും
എല്ലാ നിലവിളികളും കേൾക്കും…….

By ivayana

Leave a Reply

Your email address will not be published. Required fields are marked *