രചന : ജോളി ഷാജി. ✍
ഒരു ടാക്സി കാറിലാണ് ഞാൻ പുന്നയൂർകുളത്തേക്കു യാത്ര പോയത്.. അവിടെ എത്തുമ്പോൾ സമയം ഒൻപതു മണി കഴിഞ്ഞിരുന്നു.. നാലപ്പാട്ട് തറവാട്ട് പറമ്പിലേക്ക് കയറിയപ്പോൾ തന്നെ മനസ്സിൽ വല്ലാത്തൊരു കുളിരു കോരി.. വൃക്ഷലതാതികൾ നിറഞ്ഞ സ്ഥലം മരങ്ങളിൽ പാറിനടക്കുന്ന കിളിക്കൂട്ടങ്ങൾ,, നിറയെ പൂത്തുനിൽക്കുന്ന ചെത്തിയും, ചെമ്പരത്തിയും, തെച്ചിയും, മരങ്ങളിൽ പടർന്നു കയറിയ മുല്ല വള്ളി നിറയെ പൂത്തു കിടക്കുന്നു,
ആ പഴയ തറവാട്ട് മുറ്റത്തേക്ക് ഞാൻ കാലുകൾ വെച്ചു.. പുണ്യഭൂമിയിൽ എത്തിയ പ്രതീതി എന്നിൽ ജനിപ്പിച്ചു..
തൊടിയിലെ കിളികളുടെ ശബദ്ധമൊഴിച്ചാൽ നിശബ്ദമായ അന്തരീക്ഷം .. ഇവിടെ ആരും ഉള്ള ലക്ഷണം കാണുന്നില്ലല്ലോ… ഞാൻ ചുറ്റിലും നോക്കി… നിറയെ കായ്ചുകിടക്കുന്ന ചാമ്പമരം, പേരമരം, മാവിൽ മാങ്ങ പഴുത്തുകിടക്കുന്നതു തിന്നുവാൻ അണ്ണാൻ കൂട്ടം,, എനിക്ക് അത്ഭുതം ആയി ..
തറവാടിന്റെ ഇറയത്തേക്കു കാലുകൾ കുത്തിയപ്പോൾ കാലിൽ ഒരു പെരുപ്പ് അനുഭവപ്പെട്ടു…. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം … ഇവിടെ ആരെയും കാണുന്നില്ലല്ലോ… ഞാൻ ചുറ്റിലും നോക്കി… ഞാൻ വരുന്ന കാര്യം കത്തെഴുതി പറഞ്ഞതാണല്ലോ… ഇറയത്തിന്റ കോണിൽ തൂക്കിയിട്ടിരുന്ന മണിയുടെ വള്ളിയിൽ പിടിച്ചു വലിച്ചു… നീണ്ട ണീം ണീം ണീം ശബ്ദം…. അല്പം കഴിഞ്ഞിട്ടും ആരെയും കാണുന്നില്ല… വീണ്ടും മണിയടിക്കാൻ വള്ളിയിൽ പിടിച്ചപ്പോളേക്കും വാതിൽ ഞെരിയുന്ന ശബ്ദം കേട്ടു… സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ വിടർന്നു…
തുറന്ന വാതിലിലേക്ക് ആകാംഷയുടെ നോക്കിയ എനിക്ക് നിരാശ ആയിരുന്നു കിട്ടിയത്.. പ്രായമായ ഒരു സ്ത്രീ…ഞാൻ അധികാരശബ്ദത്തിൽ അവരോട് ചോദിച്ചു “ആമി ഇല്ലേ, എവിടെ അവർ “
“നിങ്ങൾ ആരാണ്, മുൻപ് കണ്ട് പരിജയം തോന്നുന്നില്ലല്ലോ “
“പരിജയം തോന്നാൻ നമ്മൾ മുൻപ് കണ്ടിട്ടല്ലല്ലോ ഹഹഹ ” “അതിനിത്ര ചിരിക്കാൻ എന്തിരിക്കുന്നു.. നിങ്ങൾ ആരെന്നു പറഞ്ഞാൽ ഞാൻ ആമി ഓപ്പയോടു പറയാം ” “നിങ്ങൾ പറയേണ്ട ഞാൻ കണ്ടോളാംആമിയെ” ഞാൻ അവരെ തട്ടിമാറ്റി അകത്തേക്ക് കയറാൻ ശ്രമിച്ചു അവരെന്നെ ബലമായി പിടിച്ചു തള്ളി ഇറയത്തേക്കു “ആഹാ നിങ്ങൾ എന്നേ തള്ളിമാറ്റാറായോ, നിങ്ങളെ ഞാൻ “
“ആരാണ് കുട്ട്യേ അവിടെ ശബ്ദം ഉണ്ടാക്കുന്നത് ” അകത്തുനിന്നാണ് ആമിയുടെ ശബ്‍ദം… “ആമി ഇത് ഞാനാണ് ജോളി,, ദേ ഇവരെന്നെ വിടുന്നില്ല അകത്തേക്ക്, ഇവരോട് ഒന്ന് പറഞ്ഞെ ഞാൻ ആരെന്നു “
“ആഹാ കുട്ടിയായിരുന്നോ, ആ കുട്ട്യേ അകത്തേക്ക് വിട്ടോളു “
കേൾക്കേണ്ട താമസം ശബ്‍ദം കേട്ട ദിക്കിലേക്ക് ഞാൻ ഓടി… തെക്കേപ്പുറത്തെ വിശാലമായ തിണ്ണയുടെ ആരഭിത്തിയിൽ എന്റെ ആമി… ചുവപ്പ് പട്ടുസാരി ചുറ്റി മുടിയഴിച്ചിട്ടു, വലിയ മൂക്കുത്തി ഇട്ടു സാക്ഷാൽ മാധവിക്കുട്ടി..
“ആമീ… ഞാൻ ഓടി അവരുടെ അടുത്തെത്തി..
“യാത്രയൊക്കെ സുഖമായിരുന്നോ കുട്ട്യേ … തടസ്സം എന്തെങ്കിലും “
“ഇല്ല, യാത്ര സുഖമായിരുന്നു “
“വെളുപ്പിനെ പുറപ്പെട്ടു ല്ലേ, ന്നിട്ടും ഈ പട്ടുസാരിയൊക്കെ വാരിചുറ്റി, ഇത്രയും ദൂരേക്ക് “
“ആമിക്കു ഇഷ്ടം പട്ടുസാരി അല്ലെ അതോണ്ട് ഞാൻ ഇത് ഉടുത്തു അതും പച്ചപട്ടുസാരി, പിന്നെ ദേ ജിമിക്കി കമ്മൽ വലിയ പൊട്ട്, കൈ നിറയെ കുപ്പിവള, എല്ലാം ആമിയുടെ ഇഷ്ടത്തിനാണ് “
“എന്തിനാ കുട്ട്യേ നീയെന്റെ ഇഷ്ടത്തിന് ഒരുങ്ങുന്നത്, ഓരോ വ്യക്തിക്കും അവരുടേതായ സൗന്ദര്യ സങ്കല്പം ഉണ്ടാവണം, അങ്ങനെ വേണം ഒരുങ്ങാൻ “
“അതൊന്നും എനിക്കറിഞ്ഞൂട എനിക്ക് ആമിയെ പോലെ ആവണം “
“കുട്ട്യേ നിനക്ക് എന്നേ അമ്മയെന്ന് വിളിച്ചൂടെ, അല്ലെങ്കിൽ ആമി ഓപ്പയെന്നു വിളിക്കാല്ലോ “
“ഇല്ല നിങ്ങളെന്റെ സഖി അല്ലെ, അപ്പോൾ ഞാൻ ആമി എന്നേ വിളിക്കൂ, അമ്മയെന്ന് വിളിച്ചാൽ എന്റെ മനസ്സ് ഈ മുൻപിൽ തുറക്കാൻ പറ്റുമോ,, “
“എന്താ കുട്ട്യേ കണ്ണ് നിറഞ്ഞൂല്ലോ, എന്തൊക്കെയോ വിഷമങ്ങൾ ഉള്ളതുപോലെ തോന്നുന്നു “
“ആമി സത്യത്തിൽ സ്നേഹം എന്നാൽ എന്താണ്, ആമിയുടെ വരികളിൽ സ്നേഹം നിറഞ്ഞു നിൽക്കുന്നുവല്ലോ “
ഹഹഹ… ഹഹഹ..
“എന്താ ഇത്ര ചിരിക്കാൻ ഞാൻ ചോദിച്ചത് തെറ്റായി പോയോ “
“ഇല്ല്യ കുട്ട്യേ, സ്നേഹം അത് സർവ്വം ആണ് ആർക്കും ആരോടും എന്തിനോടും സ്നേഹം തോന്നാം.. സ്നേഹം തോന്നണം.. സ്നേഹം ആണ് നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം “
“ആമി സ്നേഹിച്ചിട്ടുണ്ടോ, ആത്മാർഥമായി “
“ഉവ്വല്ലോ കുട്ട്യേ ഞാൻ സ്നേഹിച്ചതൊക്കെ ആത്മാർത്ഥമായി ആണ്… കുട്ടിയോ”
“ഞാനും സ്നേഹിച്ചു, ആത്മാർത്ഥ സ്നേഹം ആഗ്രഹിച്ചു, പക്ഷെ ഈ ലോകം കപടമാണ് ആമി എല്ലാരും സ്വന്തം സുഖത്തിനു വേണ്ടി സ്നേഹം എന്ന വാക്കിനെ കൊല്ലുകയാണ് “
“എന്തിനാ കുട്ടി ഇത്രയും വേദന, തന്റെ എഴുത്തുകളിൽ എല്ലാം വേദന നിഴലിക്കുന്നുവല്ലോ, “
“ആമി എന്റെ എഴുത്തുകൾ വായിക്കാറുണ്ടോ “
“ചിലതൊക്കെ വായിച്ചിട്ടുണ്ട്,”
“എന്നിട്ടു ഒന്നിലും ഞാനാ മുദ്ര കണ്ടില്ലല്ലോ സഖീ.. ചിലരൊക്കെ പറയുന്നു ഞാൻ ആമിയെ പകർത്തി എഴുതാൻ ശ്രമിക്കുന്നു എന്ന്, അങ്ങനെ തോന്നിയോ ആമിക്കു”
“എല്ലാവർക്കും അവരുടേതായ ശൈലി ഉണ്ടാവും അതിലെ എഴുതു… പിന്നെ എന്റെ മുദ്രകൾ… എന്തിനാണ് കുട്ട്യേ എഴുത്തുകൾ അടയാളപ്പെടുത്തുന്നത്.. “
“ആമി എഴുതുന്നതൊക്കെ ജീവിതം ആണെന്ന് തോന്നുന്നു… അതിൽ സത്യമുണ്ടോ “
“ഹഹഹഹ… കുട്ട്യേ നീ തന്നെ ചോദിക്കണം ഇത്.. നീയെഴുതുന്നതു ജീവിതം ആണോ “
“കുറച്ചൊക്കെ ഉണ്ട്, ബാക്കിയൊക്ക ഭാവന ആണ് “
“ഞാൻ എന്റെ അനുഭവങ്ങൾ എഴുതി #എന്റെകഥ യിൽ… അതെന്റെ ജീവിതം ആണ് “
“ആമി സത്യത്തിൽ കണ്ണനെ ആമി ഒരുപാട് സ്നേഹിക്കുന്നുണ്ട് അല്ലെ “
“തീർച്ചയായും.. എന്റെ കണ്ണൻ ആണ് എന്നേ ഇവിടെ വരെ എത്തിച്ചത് “
“എനിക്കും ഒരുപാട് ഇഷ്ടം ആണ് കണ്ണനെ, കണ്ണന്റെ കുസൃതികൾ ഒരുപാട് ഇഷ്ടം ആണെനിക്ക്, ഇത് പറയുമ്പോൾ എന്റെ ആള് എന്നേ കളിയാക്കും ആമി, എനിക്ക് കൃഷ്ണന്റെ സ്വഭാവം ആണ് അതാണ് ഇത്ര ഇഷ്ടം എന്ന് “
“ഹഹഹഹ… അതുകൊള്ളാമല്ലോ കൂടെ കിടക്കുന്നവർക്കേ രാപ്പനിയുടെ ചൂടറിയു… അത് സത്യമാണല്ലേ “
“കളിയാക്കേണ്ട ഇയാളും കണ്ണനെ പ്രണയിക്കുവല്ലേ ഈ പ്രായത്തിലും, “
ഹഹഹഹ
“ആമി സത്യത്തിൽ ദാസേട്ടനെ ആമിക്ക് ഇഷ്ടമായിരുന്നോ അതോ മറ്റുള്ളവർക്ക് മുന്നിൽ പറയുന്നതോ “
“കുട്ട്യേ അങ്ങനെ എങ്കിൽ ഞാൻ എഴുതിയതൊക്കെ വെറുതെ ആവില്ലേ,, അതൊരു സത്യമാണ് കുട്ട്യേ ദാസേട്ടൻ എന്റെ ജീവനാണ്, ഞാൻ ആദ്യമായി അറിഞ്ഞ പുരുഷൻ, എന്നിൽ കാമം വിരിയിച്ച പുരുഷൻ, എന്റെ കാമത്തെ ശമിപ്പിച്ച പുരുഷൻ, പുരുഷ ബീജത്തിന്റെ ചൂട് എന്നിലേക്ക് ഇറ്റിച്ച മനുഷ്യൻ… ആ ദാസേട്ടനെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു “
“വിഷമം ആയോ സഖീ, ഞാൻ വിഷമിപ്പിച്ചു ല്ലേ “
“ഇല്ല്യ കുട്ട്യേ ഈ ചോദ്യം ഞാൻ കേട്ടിരിക്കുന്നു അതോണ്ട് വിഷമം ഒന്നൂല്ല്യ…. വരൂ നമുക്ക് ലൈബ്രറി കാണാം “
ഞാനാ കൈകളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.. എത്ര മാർദ്ദവം വിരലുകൾ.. ആമി എന്നേ അവരോടു ചേർത്ത് നിർത്തി എന്റെ തോളിലൂടെ കൈകൾ ഇട്ടു മെല്ലെ നടന്നു.. ഒരു സംരെക്ഷണവലയത്തിൽ പെട്ടതുപോലെ തോന്നി എനിക്ക് ആ മുടിയിഴകളിൽ നിന്നും കാച്ചെണ്ണയുടെ മണം എന്റെ നാസികയിലേക്കു അരിച്ചു കയറി.. ഹോ എത്ര സുന്ദരി എൻ സഖി…
ഞങ്ങൾ ലൈബ്രറിയുടെ ഉള്ളിലൂടെ നടന്നു, നിറയെ പുസ്‌തസ്‌കങ്ങൾ ആയിരുന്നു അതിനുള്ളിൽ, നാലപ്പാട്ട് നാരായണമേനോൻ, ബാലാമണിയമ്മ, മാധവിക്കുട്ടി, അങ്ങനെ കുറേ പെരുടെ പുസ്തകങ്ങൾ അതിനുള്ളിൽ കണ്ടു ..
അവിടുന്നിറങ്ങി തൊടിയിലൂടെ മെല്ലെ ഞങ്ങൾ നടന്നു..
“ആമി ഭയങ്കര സഹായി ആണൊന്നൊക്കെ കേട്ടിരിക്കുന്നല്ലോ, സങ്കടം പറഞ്ഞു വരുന്നവർക്ക് പണവും ആഭരണങ്ങളും കൊടുക്കാറുണ്ടെന്നു കേട്ടുവല്ലോ “
“ഹഹഹഹ… താനും മോശമല്ലല്ലോ എനിക്കെഴുതിയ കാത്തിൽ ഞാൻ വായിച്ചിരുന്നു പണം വാങ്ങി മുങ്ങിയവരെ കുറിച്ച് “
“അതുപിന്നെ.. വിഷമം പറയുമ്പോൾ എങ്ങനെ സഹായിക്കാതിരിക്കും ആമീ”
“അതാണ് എനിക്കും പറ്റിയതൊക്കെ.. സാരല്ല്യ കുട്ട്യേ നമ്മെ സഹായിക്കാനും ആരെങ്കിലുമൊക്കെ ഉണ്ടാകുമെന്നെ “
ഞങ്ങൾ നടന്നു ആ നീര്മാതളത്തിനു അടുത്തെത്തി.. നിറയെ പൂത്തുനിൽക്കുന്നു , ആ പൂക്കളും, അതിന്റെ ഗന്ധവും എന്നേ വല്ലാത്തൊരു അവസ്ഥയിലാക്കി,, നാലപ്പാട്ടെ കുളപ്പടവിൽ ഞാനെന്റെ സഖിക്കൊപ്പം ഇരുന്നു…
“ഈ ഏകാന്തത വാസം വിട്ട് മക്കൾക്കൊപ്പം പൊയ്ക്കൂടേ ആമി.. “
“നഗരം മോഹിച്ചവൾ അല്ലല്ലോ ഞാൻ… എനിക്കിഷ്ടം ഈ പുന്നയൂർക്കുളവും, നാലപ്പാട്ടുമൊക്കെ തന്നെ… പിന്നെ കുട്ട്യോൾക്ക് അവരുടേതായ സ്വാതന്ത്ര്യം കൊടുക്കേണ്ടേ ഇപ്പോൾ എനിക്ക് എണീറ്റു നടക്കാൻ പറ്റുമല്ലോ.. വയ്യാണ്ടായാൽ അവരെന്നെ നോക്കിക്കോളും “
“അതെ മക്കളെ അവരുടെ സ്വാതന്ത്ര്യത്തിനു വിട്ടേക്കുക.. ഞാനും ജീവിക്കുന്നത് എന്റെ മകൾക്കു വേണ്ടിയാണു ആമി, എനിക്ക് കിട്ടാതെ പോയ സുഖങ്ങളൊക്കെ എന്റെ മക്കൾക്ക് നേടികൊടുക്കുക എന്റെ ആഗ്രഹം ആണത്,, എനിക്ക് പഠിക്കാൻ പറ്റിയില്ല… അവരെ പഠിപ്പിക്കും ഞാൻ “
“തനിക്കു പഠിക്കാൻ കഴിവില്ലാത്ത കുട്ടിയല്ലായിരുന്നല്ലോ.. പ്രണയം തലയ്ക്കു പിടിച്ചു.. പഠിത്തം കളഞ്ഞതല്ലേ… സാരല്ല്യ എങ്കിലും നന്നായി എഴുതുന്നുണ്ടല്ലോ “
“ഇന്നെനിക്കു നഷ്ടബോധം തോന്നുന്നു ആമി പഠിക്കാത്തതിൽ “
“വരൂ നമുക്ക് കാവിലേക്കു പോവാം “
“അയ്യോ ഞാൻ വരില്ല്യ.. നാഗത്താൻ മാര് എന്നേ കൊത്തും.. ഞാനില്ല്യ.. “
“ഒന്നും ചെയ്യില്ല്യ കുട്ട്യേ.. അവർ പാവങ്ങൾ ആണ് “
ആമി എന്റെ തോളിൽ പിടിച്ചു എണീറ്റു
പെട്ടെന്ന് ഫോൺ ബെൽ അടിച്ചു ഞാൻ വേഗം ഫോൺ എടുത്തു.. അലാറം ആണ് സമയം അഞ്ചുമണി.. ഞാൻ ചുറ്റും നോക്കി.. ഇരുട്ട് മാത്രം… എ സി യുടെ വെന്റിൽ കൂടി നേർത്ത ശബ്‍ദം മാത്രം..
ആമി എവിടെ… ഞാൻ അവരോടൊപ്പം അല്ലായിരുന്നോ ഇതുവരെ… ഞാൻ കണ്ണുകൾ തിരുമ്മി തുറന്നു നോക്കി.. ഇല്ല… ഞാൻ ബെഡിൽ ആണ്… അപ്പോൾ ആമി… ആമി ഒരു കിനാവായി എന്നിൽ നിന്നും മാഞ്ഞുപോയി…..
