രചന : അഡ്വ: അനൂപ് കുറ്റൂർ ✍️
അണയാത്തൊരുസചേതനയെന്നും
അറിവായുള്ളിൽ; സഗുണമായും
അപാരതയാലെ; സ്വയേച്ഛതയാലെ
അനുഭവമാക്കാൻ പരിശ്രമിച്ചവർ.
അനുസ്സരണയാൽ ; നിസ്സംഗതയാൽ
അന്തശ്ചക്ഷുസ്സിനേയുണർത്തി
അലങ്കാരമായതെല്ലാമകന്നകന്ന്
അണ്ഡകടാഹത്തിന്നാഴമറിഞ്ഞു.
അധോമുഖത്തിലേകാഗ്രചിത്തം
അനർഗ്ഗളമന്ത്രമങ്ങുച്ചരിക്കവേ
അനന്താനന്ദം;അധരപുടങ്ങളിൽ
അക്ഷരസരസ്വതിയൊഴുകീടുന്നു.
അകതളിരിലുൽക്കർഷത്താൽ
അതിരുകളെല്ലാം അകന്നകന്ന്
അർക്കകാന്തിയിലുദിച്ച് പൊങ്ങും
അഹന്തയെല്ലാം ഒലിച്ചു പോയി.
അശനമെല്ലാം അധികമില്ലാതെ
അശിരനങ്ങു മണിപൂരകത്തിൽ
അശോകമില്ലാതായതാംമർത്യർ
അനുഗ്രഹമായിന്നുലകത്തിൽ.
അത്യാസക്തിയെല്ലാമമൃതസത്തിൽ
അമിഷമില്ലാത്ത ഏകാഗ്രതയിൽ
അമംഗളമെല്ലാമൊഴിച്ചൊഴിച്ച്
അന്തകാരിയിൽ ആസ്ഥയാലെ.
അഭയമായസോമസ്കന്ദമൂർത്തി
അകമേയിരുന്നു വിളങ്ങുമ്പോൾ
അജ്ഞാനത്തിൻഘ്രാണതയകന്ന്
അൻപാലെല്ലാമൊന്നായിച്ചേർന്നു.
അഘോരി തൻ്റെയതിബലമന്ത്രം
അനുഭാവമായി ജഢരാഗ്നിയിൽ
അഞ്ജലിയേകാനണിയണിയായി
അനന്തസാഗരതരംഗിണികൾ.
അന്വയമായൊരുശിവലിംഗമതു
അടയാളമാകും കളേബരത്തിൽ
അദ്വൈതകാന്തി തെളിയും നേരം
അലിയുന്നതു തത്ത്വമസിയിൽ.
അതിശയമേറുമനുഷ്ഠാനത്താൽ
അവിഘ്നമായ തേരോട്ടങ്ങളും
അസഹ്യമായ തപോമാർഗ്ഗങ്ങളും
അതിദിവ്യമായി ആസാദിതമാകും.
അതിദ്യുതിയിലലിഞ്ഞലിതാം
അഭ്യുപഗമമോടെ ആർജ്ജിച്ച
അഹിർബുധ്ന്യന്നനുഗ്രഹത്തിനു
ആക് ലപം ഭസ്മരുദ്രാക്ഷാദികൾ.
അരാതിയില്ലാതത്യുത്തമനായി
അന്തർവാണി സനാതനമായി
ആമ്നായത്തിന്നടിമകളെന്നും
ആരാധനയാൽ ധർമ്മാനുസാരം.
അഭിസരരായിട്ടെവിയുമങ്ങു
അഭിവ്യാപ്തൻ്റെയണികളായി
അബ്ദങ്ങളോളമഭാഷകരായി
ആശയങ്കയറ്റയതിമാനുഷികർ.
അസ്സാധ്യമായതു സാധ്യമാക്കും
അസുഖമായതകറ്റും ഭദ്രർ
ആടിയുലഞ്ഞും ഢക്കയടിച്ചും
അട്ടഹസിക്കുന്നവരതി കഠിനർ .
അണയാതാളും സന്യാസ തീകൾ
അഖിലവുമുഷാറായി പടരുമ്പോൾ
അശുദ്ധിയെല്ലാം അകന്നകന്ന്
അമലത മാത്രം അവശേഷിപ്പു
