കതിരോന്റെ കനകത്തേരുടഞ്ഞത-
ന്ധകാരത്തിൻ കയത്തിൽ വീണതിൻ,
തിമിരത്തിൻ തിരമാലകൾ പൊങ്ങിയീ-
ദിനത്തിൻ മണിവീണയുടഞ്ഞുപോയീ.

എൻ ജീവനുള്ളിലെ കോവിലിൽ നിന്ന്,
ഒരു പടുതിരി മാത്രം മിഴിച്ചുനോക്കി,
ശൂന്യമാം ഹൃദയത്തിൻ കൂട്ടിലെന്നോ,
മൂകമാം വേദന ചേക്കേറിയെന്നേ.

കനൽമഴ പെയ്യുന്നൊരെൻ കരളിനെ ചുറ്റി,
ഒരു മരപ്പാവ കണക്കേ ഞാനിരുന്നു,
ഓർമ്മതൻ സർപ്പങ്ങൾ എന്നെയും ചുറ്റി,
തൻ വിഷമൂതി മെല്ലെയിഴഞ്ഞുപോയി

നോക്കിലെ വസന്തങ്ങൾ പൂക്കാതെയായ്,
നെഞ്ചിലെ വാത്സല്യം ഉണരാതെയായ്,
നിന്നോർമ്മ നിറച്ച പളുങ്കുപാത്രം,
തനിയെ വീണുടഞ്ഞു ചിതറിപ്പോയി.

അടുത്തൊരു ജന്മത്തിൻ താളുകളിൽ,
വിധിയുടെ കൈകളാൽ എഴുതും മുൻപേ,
കാണുക ഈ വരണ്ട തൊണ്ട നനയ്ക്കാൻ,
ചോരയും കണ്ണുനീരുപ്പും മാത്രം ബാക്കി…

By ivayana