പ്രേമം വരുമ്പോൾ
മീശ മുളയ്ക്കുന്ന ഒരുവളെ
എനിക്കറിയാം.
അവളെന്നോട് കഥ പറയുമ്പോൾ
അവളുടെ ചുണ്ടിനു മുകളിൽ
സ്വർണ്ണ രോമങ്ങൾ
കുഞ്ഞിക്കൈകൾ
ഇളകും പോലെ കിളിർത്തു വരും.
അങ്ങനെയാണ് അവളുടെ
ഓരോ പ്രേമങ്ങളും
എന്റെ മുന്നിൽ വെളിപ്പെടുന്നത്.
നിങ്ങൾക്ക് അതിശയം
തോന്നിയേക്കാം!
പ്രേമത്തിലായവരെ നിങ്ങളൊന്നു
സൂക്ഷിച്ചു നോക്കൂ.
അവർ ഓരോ അടയാളങ്ങൾ
കാണിക്കും.
ചില പെണ്ണുങ്ങളുടെ
മുടിയിഴകൾ പാമ്പുകൾ
ഇണചേരും പോലെ
ചുറ്റിപ്പുണർന്ന് ആരെയോ
മാടി വിളിക്കും പോലെ
ഒരു ആലസ്യ ഭാവം കാണിക്കും.
ചെന്ന് ചോദിക്കാൻ നിൽക്കരുത്.
വിഷം ചീറ്റി കൊത്തിവിടും
എന്നൊരു ഭീഷണി കൂടി
ആ മുടി ഒളിപ്പിക്കുന്നുണ്ട്.
ചിലർ പ്രേമത്തിലായിരിക്കുമ്പോൾ
അവർക്കെല്ലാത്തിനോടും പ്രേമമായിരിക്കും.
തൊടുന്ന പൂക്കളോട്
തലോടിപ്പോകുന്ന കാറ്റിനോട്
മിണ്ടുന്ന മനുഷ്യരോട്
അങ്ങിനെയങ്ങിനെ
സർവ്വതിനെയും പ്രേമിച്ചാൽ
മാത്രമേ ഒരുവനോടുള്ള പ്രേമം
പൂർണ്ണമാകൂ എന്ന് കരുതുന്നവർ.
അവരാണ് പ്രേമത്തിൽ
തെറ്റിദ്ധരിക്കപ്പെടുന്നവർ
അവരാണ് ഇനിയും
മതിയായില്ലേയെന്ന്
ചോദ്യമെറിഞ്ഞു നമ്മൾ
പരിഹസിക്കുന്നവർ
ശരിക്കും അവരാണ്
പ്രേമിക്കുന്നവർ
അവരുടെ അടയാളം
ആ പ്രേമം മാത്രമാണ്
ഇപ്പോൾ തുളുമ്പിപ്പോകും
എന്ന് നമ്മൾ ഭയക്കുന്നയത്രയും
പ്രേമം നിറഞ്ഞവർ.
■■■■■

വാക്കനാൽ

By ivayana

One thought on “പ്രേമം വരുമ്പോൾ”

Leave a Reply

Your email address will not be published. Required fields are marked *