മുഖക്കുരു കളയാനോ
മുടി നിറം മാറ്റാനോ
കാൽനഖങ്ങൾ വെട്ടിയൊരുക്കാനോ
വേണ്ടിയല്ല ഞാൻ
ബ്യൂട്ടിപാർലറിൽ പോകാൻ കൊതിച്ചത്.
ആർക്കൊക്കെയോ വേണ്ടി
തീപ്പുകയേറ്റു കരുവാളിച്ച മുഖത്ത്
മൃദുവായ വിരലുകൾ കൊണ്ട് പരിചരിക്കുമ്പോഴുള്ള
ആത്മനിർവൃതിക്ക്
ആരെയൊക്കെയോ
സമയം തെറ്റാതെ
പറഞ്ഞയക്കാനുള്ള വ്യഗ്രതയിൽ
ഓടിത്തളർന്ന കാലുകളെ
ഇളംചൂടുവെള്ളത്തിൽ
തഴുകി ഉണർത്തുമ്പോഴുണ്ടാകുന്ന അനുഭൂതിക്ക്
എല്ലായിടത്തും മിടുക്കിയായിട്ടും
അടുക്കളപ്പൂതമാവാൻ
വരയിട്ടു വച്ച തലയിൽ
നേർത്ത വിരലുകൾ കൊണ്ട് കോതിയൊതുക്കുമ്പോഴുള്ള
അല്പനേരത്തെ കുളിർമയ്ക്ക് …
അതിനൊക്കെ അപ്പുറം
കുട്ടിക്കാലത്തെങ്ങോ
കണ്ടു മറന്ന
അമർചിത്രകഥയിലെ
രാജ്ഞിയെ പോലെ
ആലസ്യത്തോടെയുള്ള
ഒരു ചാഞ്ഞു കിടപ്പിൻ്റെ അഹംഭാവത്തിന്.
എന്നിട്ടും
‘ആരെ കാണിക്കാനാണെടീ’
എന്ന ഒറ്റ വാക്കിന്റെ മൂർച്ചയെ
കവച്ചു വയ്ക്കാനാവാതെ
അകത്തളങ്ങളിലെ കലമ്പലിൽ
സ്വയം മറന്നുവച്ചതിനാലാണ്
അവരന്ന് എന്നെ
അബലയെന്നു വിളിച്ചത്.
ഉൾക്കരുത്തിൻ്റെ കനലൂട്ടി വളർത്തി
പാദസരമിടാത്ത
ഉറച്ച കാൽവെപ്പുകളെ
പടിപ്പുരക്കപ്പുറത്തെ
പകൽവെളിച്ചത്തിലേക്ക്
പറത്തി വിട്ടതിന്
പിന്നീടവരെന്നെ
ഒരുമ്പെട്ടവളെന്നും വിളിച്ചു.
കാലങ്ങൾക്കിപ്പുറം
ഞാൻ കാണാതെ പോയൊരാകാശം
കൈക്കുമ്പിളിലൊതുക്കി
എൻ്റെ നക്ഷത്രക്കുഞ്ഞുങ്ങൾ മാത്രം
അക്ഷരം തെറ്റാതെ എന്നെ
അമ്മയെന്ന് വിളിക്കുമല്ലോ…
■■

വാക്കനൽ

By ivayana

One thought on “അമ്മ”
  1. വളരെ നന്നായിട്ടുണ്ട്.. 👍
    ഇനിയും ഇതു പോലെയുള്ളത് പ്രതീക്ഷിക്കുന്നു 🥰

Comments are closed.