രചന : ദീപ്നാദാസ് അണ്ടലൂർ ✍️
തിരുവനന്തപുരത്ത് നിന്നും
വടക്കോട്ടു സഞ്ചരിക്കുന്ന ട്രെയിനിലാണ്
കവി.
ദൂരയാത്രയ്ക്കെളുപ്പമല്ലീ തുണിസഞ്ചി.
നാരു കൊഴിഞ്ഞിട്ടീയിടെ കനത്ത നൂലു കോർത്തു കെട്ടിയിട്ടതാണഞ്ചാറു പൊതി
വേരുപിടിച്ചു വളരാൻ തുടങ്ങിയോരെൻ
പുസ്തക കെട്ടുകൾ…
കദനഭാരമില്ലാത്തതാണെന്നാൽ
പ്രണയഭാരമിതെടുത്തു കൊൾക.
ഒട്ടുമുറപ്പില്ലാക്കമ്പിയിൽ തൂങ്ങിയെത്ര
ദൂരമിനിയും സഞ്ചരിക്കേണ്ടു….
സാരമില്ല, പതുക്കെ യാത്ര
പറഞ്ഞാൽ തീരാത്തത്രയും വാക്ക്
വരിയോടൊട്ടി വഴക്കിട്ടു പോയിടാം.
പരിഭവം തെല്ലൊതുക്കി വകഞ്ഞു മാറ്റിയ മുടിയിഴകൾക്കിടയിലൂടെ
വരികൾ ചുംബിച്ച ചോന്നപാടിന്നടിയിലാ
കാമുകനൊളിച്ചിരിപ്പല്ലോ….
ഇച്ചെറുദൂരം കൂടി കടന്നെന്നാലിത്തിരി
പഴകിയാലും പുതുക്കി പറഞ്ഞിടാനെത്ര
വാക്കുകൾ നീ തിരിച്ചും മറിച്ചും വായിക്കേണ്ടൂ…
വന്നു നിൽക്കുന്നതാ മുന്നിൽ
മറ്റൊരു ട്രെയിൻ
നിറഞ്ഞ ബോഗി.
നമുക്കിതു മതി.
കാഴ്ചയിൽ മനുഷ്യർക്കൊപ്പം മതങ്ങൾക്കതീതമാം കവിതകൾ ചൊല്ലി
കവികളേ, നിങ്ങളിതു വഴി പോയീടുക.
ഞാനീ ചെറുപ്പം ചുവരിലും മച്ചിലും പുഴയിലും പൂവിലുമെഴുതി തെളിയട്ടെ……
