നീ എത്തിയതോടെ
കാലങ്ങൾ പിന്നോട്ട് പോയി,
എന്റെ ഉള്ളിൽ
വസന്തം മാത്രം ശേഷിച്ചു.
സന്തോഷം തേടി
നഗരങ്ങളുടെ പേരുകൾ
നീ ഓർമ്മയിൽ വരയ്ക്കേണ്ട,
അത് വഴികളിലല്ല—
നീ എന്റെ ഉള്ളിൽ
നീലമഷിയിൽ എഴുതുന്ന
നിശ്ശബ്ദമായി കത്തുന്ന
പ്രണയജ്വാലയിലാണ്
സന്തോഷത്തിന്റെ വിലാസം
കണ്ണാടിയിൽ ചോദിക്കരുത്,
ഹൃദയത്തിന്റെ തുറന്ന ജനാലയിലൂടെ
നോക്കൂ—
അവിടെ നിനക്കായി മാത്രം
വിരിഞ്ഞുനിൽക്കുന്ന
നീലക്കുറിഞ്ഞികൾ കാണാം.
ലോകം അതിന്റെ നിയമങ്ങൾ
കല്ലിൽ കൊത്തിവെക്കട്ടെ,
നമുക്ക്
സ്നേഹത്തിന്റെ അക്ഷരമാല
ചൊല്ലി പഠിക്കാം.
നീയെന്ന പുസ്തകം
ഓരോ പേജും വായിച്ചുതീർക്കുക—
അതുതന്നെയാണ്
എന്റെ ഭൂമിയിലെ
ഏറ്റവും ദീർഘമായ തീർത്ഥയാത്ര.
നിന്റെ ചിരിയുടെ അറ്റത്ത്
എന്റെ സ്വർഗ്ഗം
ശബ്ദമില്ലാതെ തുറക്കുന്നു.
ജീവിതം തിരക്കായി
എന്നെ തളർത്തുമ്പോൾ
നിന്റെ കൈവെള്ളത്തിലെ
രേഖകളിൽ
എന്റെ പേര് തിരയൂ,
അവിടെയാണ് എല്ലാം അവസാനിക്കുകയും
ആനന്ദം ആരംഭിക്കുകയും ചെയ്യുന്നത്.
നിന്നെ സ്നേഹിക്കുക
ഒരു ആചാരമല്ല,
ഒരു മന്ത്രവുമല്ല—
എന്റെ ആത്മാവിനൊപ്പം
വാക്കുകളില്ലാതെ
ഒരു കാപ്പി പങ്കിടുന്നത്പോലെയാണ്.
“Poetry is not what I write; it is what my soul is made of.” — Zera Elizabeth

By ivayana

Leave a Reply

Your email address will not be published. Required fields are marked *