രചന : ബിജു കാരമൂട് ✍️
പൂവിന്റെ മൂക്കുത്തി
കൊണ്ട്
കാറ്റിന്റെ
ചുണ്ടു മുറിഞ്ഞു
ഉറക്കമുണർന്നു
നോക്കിയപ്പോഴാണ്
മഴമുടിയിൽ
കുരുങ്ങിക്കിടക്കുന്നു
രാത്രിയുടെ
കാണാതായ
വെള്ളിപ്പാദസരം
മഞ്ഞ് വന്നു
പൊതിഞ്ഞ നേരം
നീറിപ്പിടഞ്ഞ
പൂമരം
വണ്ടു പറഞ്ഞ
പുന്നാരങ്ങൾ
കിളികളെങ്ങാനും
കേട്ടിട്ടുണ്ടാവുമോ
എന്നു നാണിച്ച്
ഒന്നുകൂടി ചുവന്നു
ഒഴുകിപ്പോകുന്ന
പുഴയ്ക്ക്
പൊതിച്ചോറ്
കെട്ടിക്കൊടുത്ത
മന്ദാരക്കല്ല്
നുരപതഞ്ഞുയരുന്ന
വെള്ളച്ചാട്ടത്തിനെ
നോക്കി നോക്കി
സുഖനെടുവീപ്പിട്ടു
അപ്പോഴേക്കും
ഉമ്മകളുടെ
യാമമായി.

