ചൂരല്‍ വടിയെടുത്തച്ഛന്‍ നില്‍പ്പൂ …
ചാരത്തു വിവശയായ് അമ്മ നില്പൂ.,
അച്ഛന്‍റെ ചോദ്യശരത്തിന്‍ മുന്നില്‍ ,
ഭീതിയോടമ്മയെ നോക്കിഞാനും .

കണ്ണാംപുഴയില്‍ നീ നീന്താന്‍ പോയോ..
”ആരോടു ചോദിച്ചു പോയതാടാ..”
ചൂരലൊന്നാഞ്ഞു വിറച്ചുപൊങ്ങീ….
ഓടിയണഞ്ഞമ്മ തടഞ്ഞു ചൊല്ലീ…

കൂട്ടുകാര്‍ വന്നു വിളിച്ച നേരം ….
കൂടെയവന്‍ ചുമ്മാപോയതാണേ…
തല്ലല്ലേ തല്ലല്ലേ എന്‍കുഞ്ഞിനേ….
അവനൊരു കുറ്റവും ചെയ്തതില്ല….

അച്ഛനതുകേട്ടു തെല്ലടങ്ങീ…
ചൂരല്‍ വടിയെറിഞ്ഞച്ഛന്‍ പോയീ…
അമ്മതൻ നെഞ്ചിലെ തീയണഞ്ഞു..
വാരിപ്പുണർന്നെന്നെ ചുംബിച്ചമ്മ…

സത്യംപറയണം എപ്പോഴുംനീ
എന്നുപറഞ്ഞതീ അമ്മയാണോ….!!
അമ്മയൊരത്ഭുതം തന്നെ പാരില്‍…

അമ്മയറിയാതെ പോയതാണേ….
കൂട്ടുകാര്‍ വന്നു വിളിച്ചതല്ല.
ഉച്ചയ്കു തൊട്ടന്തിനേരം വരെ …
പുഴയിലെവെള്ളത്തില്‍ ആറാടി ഞാന്‍ …

കോപത്താല്‍ കണ്ണുതുറുപ്പിച്ചമ്മ
ചെവിയില്‍പിടിച്ചു തിരുമിച്ചൊല്ലീ…
ഇനിയെങ്ങാന്‍ ഇങ്ങനെ ചെയ്തീടുകില്‍…
അച്ഛനോടെല്ലാം ഞാന്‍ചൊന്നീടുമേ…

ഇത്തിരിമുന്നേ ഞാന്‍കണ്ട പാവം ,
മാലാഖയല്ലിപ്പോള്‍ എന്‍റെ യമ്മ….
കോപത്തില്‍ സ്നേഹം പൊതിഞ്ഞു വച്ച.,
സ്നേഹത്തിടമ്പാണെന്‍റെയമ്മ…
എന്‍കണ്‍കണ്ട ദൈവമാണെന്‍റെയമ്മ .

അല്‍ഫോന്‍സ മാര്‍ഗരറ്റ്

By ivayana