രചന : എം പി ശ്രീകുമാർ ✍️.
മിഥുനമഴ പെയ്യുന്നു മധുരം പകർന്നു
മധുമാരി പൊഴിയുന്നു മാധവം പോലെ !
ചടുലമഴ പെയ്യുന്നു കുടുകുടാ വീണ്ടും
തുടികൊട്ടി തുടികൊട്ടി പാടുന്ന പോലെ
ചപലമഴ തരളമാം കൈകളാൽ മെല്ലെ
കുളിർവെള്ളം കോരിയൊഴിക്കും ചിലപ്പോൾ
പലപല താളത്തിൽ മിന്നിത്തിളങ്ങി
കിലുകിലെ തരിവള പോലെ കിലുങ്ങി
തരളകപോലങ്ങളിളകി തെളിഞ്ഞു
തിരപോലെ തീരാത്ത മോഹങ്ങളോടെ
നയന മനോഹര നൃത്തവിലോലം
നവഭാവവശ്യമായംഗലാവണ്യം !
മിഥുനമഴ പെയ്യുന്നു മധുരം പകർന്നു
മധുമാരി പൊഴിയുന്നു മാധവം പോലെ !
