ദേവദാസീ…….. സഖീ
കാവേരീ പൂം പട്ടണമഴകിനാൽ കടഞ്ഞെടുത്ത്
അരുമയായ് പോറ്റുന്ന പെൺചന്തമേ
പട്ടുവില്ലീസുഞൊറിഞ്ഞടുത്തും
കനക കാഞ്ചിയഞ്ചും
മുത്തണിവടിവങ്ങൾ തെല്ലു കാട്ടിയും
വെണ്ണക്കല്ലൊത്ത മെയ്യഴകേ
നിൻ കൊല്ലുന്ന പുഞ്ചിരി തൊടുത്തു
വിടുവതിതാർക്കു നേരെ
ഝണഝണ ശിഞ്ചിതം പൊഴിച്ചുന്മാദ മൂർച്ചയിലാഴ്ന്നു
കലമ്പിചിലമ്പിയ നൂപുരങ്ങൾ
നാണത്തിൽ പതിഞ്ഞ ലാസ്യതയാർന്നതിൻ ഹേതുവെന്ത്
ചോളകുലപ്പെരുമ പോരിമ യേറ്റിയ
നൃപതനവനെ കണ്ടുവോ സഖീ…നീ
നിന്നിലനുരക്തനല്ലോ മന്നൻ
ഉദയസൂര്യ തിടമ്പൊത്തവൻ ഉദയന കുമാരകൻ
എത്രയെത്ര രാത്രി സൗഹൃദങ്ങൾ വന്നു
ആരൊക്കെയോ നിൻമെയ് പകുത്തു
നിന്നെയേറ്റു തിരികെപ്പോയ്
എത്ര രാത്രികളിലടയാള
വിളക്കുകളണയാതെ തെളിഞ്ഞു പോയ്
മുഗ്ദവതി ഒടുവിലിവനും നിൻ നടനചാതുരി കണ്ടും
പ്രണയതല്ലജങ്ങളേറ്റും നിനക്കടിയറവച്ചീലയോ
ചോളവംശ കോയ്മ
പിന്നെയിതെന്തിന് ഖിന്നത കൺകളിലെന്തിന്
പ്രേമത്തിളക്കത്തിനും മേൽ പൂക്കുന്ന സാത്വികത
കനലെരിയുമഗ്നിയിൽ തനു വെന്തുനീറുകിൽ
അവശിഷ്ടമാവത് ഭസ്മമെന്നതുപോലല്ലീ
ഭോഗലാലസേ …….
നീ നിൻ തനുവിൽ ചൂഴും ഹൃദയത്തെ നീറ്റി
നീറ്റിയെടുത്തെന്നോ
ബുദ്ധ തത്വ ഗരിമകൾ
രാജസുഖഭോഗങ്ങളെല്ലാം മാർഗ്ഗേ വെടിഞ്ഞവൾ
നേരായ വഴിനോക്കി നേർനടന്നേനവൾ
ഇളങ്കോവടികളവൾക്കേകി
കമണ്ഡലു
തളിരുടൽ മൂടുവാൻ കാഷായവും
പങ്കത്തിൽ നിന്നൊരു ചെന്താമര
ഉയിർക്കയായ് അവളത്രേ പുകളെഴും മണിമേഖല.

സ്നേഹചന്ദ്രൻ ഏഴിക്കര

By ivayana

Leave a Reply

Your email address will not be published. Required fields are marked *