ഇഷ്ടമായിരുന്നേറെ എനിക്കുനിന്നെ,
ഇഷ്ടം പറയാതെ പോയതെന്തെന്നറിയില്ല,
പ്രാണനായിന്നും പ്രണയിച്ചിടുന്നുഞാൻ,
സിരകളിൽ ലഹരിയായുണ്ടിപ്പോഴും.
നിൻ മിഴികോണിലൊളിപ്പിച്ച പ്രണയം,
എരിയുകയാണിന്നെൻ നെഞ്ചിൽ,
കാണാതൊളിപ്പിച്ചനിൻപ്രണയമറിയാതെ,
പോയതൊരുവേള എന്നിലെ ഭീരുത്വ മാവാം.
വാതോരാതെമൊഴിഞ്ഞമൊഴികളിൽ,
കൊതിച്ച വാക്കുമാത്രംകേട്ടില്ലൊരിക്കലും.
മുമ്പിലെത്തുന്ന വേളയിലിഷ്ടമാണെന്ന,
വാക്ക് ചങ്കിൽ കുരുങ്ങിപ്പിടഞ്ഞെത്ര നാൾ.
സുമംഗലിയായനീ എൻ നേർക്ക് നീട്ടും നിറ,
മിഴിയിൽ എൻ ശ്വാസം നിലക്കും നെടുവീർപ്പ്,
അറിയാതിരിക്കാൻ ചുണ്ടിൽ ചെറുചിരി,
നിർത്തവെ നിറയും മിഴികൾ തുളുമ്പുന്നു.
പറയാതെ പോയൊരെൻ ഇഷ്ടങ്ങളിന്ന്,
നെഞ്ചോട് ചേർത്ത് വിങ്ങും മനസ്സു മായി,
നീറുമോർമ്മകളെ മധുര നൊമ്പരമാക്കി,
ഹൃദയത്തിൽ ചേർത്തു വെയ്ക്കുന്നു.

ദിവാകരൻ പികെ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *