ആരുസൃഷ്ടിച്ചാരു സൃഷ്ടിച്ചീയുലകത്തെ!
നേരിലായതാരറിയുന്നൊന്നുചിന്തിച്ചാൽ
ആരു സൃഷ്ടിച്ചാലുമിന്നിക്കാൺമതൊക്കെയും
ചാരുമന്ദസ്മിതം തൂകിയെത്രനാൾ നിൽപ്പൂ!
ആദിയുഗംതൊട്ടുനമ്മൾ വന്നുപോകുന്നു,
ആദിമധ്യാന്തങ്ങളേതുമേതുമില്ലാതെ!
ആർക്കറിയാ,മാർക്കറിയാമൊന്നതിൻ സാരം
ഓർക്കുകിലെന്തത്ഭുത,മത്ഭുതമീലോകം!
കവിതകൾ പൂത്തുനിൽക്കാൻ മാമകഹൃത്തിൽ,
കവിമാതേ,നിൻ്റെനൃത്തം തുടരൂനിത്യം
അഹംബോധമെന്നതില്ലേൽ സർവവുംശൂന്യം
അഹങ്കാരമല്ലി,നമുക്കുള്ളിലെന്നാളും!
കണ്ണുമെല്ലെത്തുറന്നങ്ങുമേലെ നോക്കീടിൽ
വിണ്ണുകാണാം വിണ്ണിലൊരു സൂര്യനെക്കാണാം
മണ്ണിൽനിന്നൊട്ടാമഹത്വം കണ്ടറിഞ്ഞീടാൻ,
കണ്ണുകളില്ലാത്തതല്ലോ നമ്മുടെദോഷം!
എത്രയെത്രയുന്നതനായീടിലും മന്നിൽ
എത്രകാലമുണ്ടുവാഴ്‌വിൻ വ്യാപ്തിയൊന്നോർത്താൽ!
വിത്തിനകത്തൊളിച്ചങ്ങിരിക്കവേതന്നെ;
മൃത്യുവുണ്ടാ ജീവനൊപ്പ,മാർക്കറിയാത്തൂ
ഏതൊരാൾക്കേ,യായിടുന്നിന്നതിനെവെല്ലാൻ
ഏതൊരാൾക്കുമാവുകില്ലെന്നതത്രേ സത്യം!
ആയതിനെയോർത്തുകണ്ണീർ പൊഴിച്ചാലൊന്നും
ആയുസ്സൊട്ടും നീളുകില്ലെന്നറിവൂനമ്മൾ
എന്നിരുന്നാലുമീലോക,മെത്രസുന്ദരം!
തന്നെ,താനൊന്നോർത്തുനോക്കിലെത്രവിസ്മയം!
ഇത്തിരിക്കാലമേ നമുക്കുള്ളുവെന്നാലും,
ഒത്തിരി ജീവിച്ചുതീർക്കാൻ നമുക്കാകേണം
അന്യദുഃഖ,മറിയേണമപ്പൊഴുംനമ്മൾ
വന്യചിന്ത വെടിയേണമപ്പൊഴുംനമ്മൾ
ഈ നിമിഷംമാത്രമേയുള്ളെന്ന ബോധത്താൽ,
കോമളസ്വപ്നങ്ങൾ കണ്ടുല്ലസ്സിപ്പൂനമ്മൾ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *