നിനച്ചിരിക്കാതെ
ഒരു മഴ വരും നേരം
നിനവു പൂത്തെന്റെ
കരൾ തളിർക്കുന്നു..
നനുത്ത തെന്നലായ്
മഴ പുണരവേ
തപിച്ച നെഞ്ചകം
കനവു നെയ്യുന്നു..!
ഉടഞ്ഞ ബാല്യത്തിൻ
നനഞ്ഞ നാളുകൾ
ഉറിയിലെന്ന പോൽ
എന്നുള്ളിലാടുന്നു…
തിരികെയെത്താത്ത
കുറുമ്പുറുമ്പുകൾ
വരി വരിയായി
അരികു പറ്റുന്നു..
വിശപ്പു മുറ്റിയ
ദരിദ്ര ബാലനെൻ
വീട്ടു മുറ്റത്തെ
മാഞ്ചോടു പൂകുന്നു..
ഉണങ്ങുവാൻ മടി-
ച്ചുമറത്തിണ്ണ
ഒരു ചെറു വെയിൽ
കാത്തിരിക്കുന്നു..
പുകഞ്ഞു നേർത്തൊരെൻ
പുകക്കുഴലിലൂ-
ടുരിയരി കഞ്ഞി
വേവു കാക്കുന്നു..
മഴ തിമർക്കുമെൻ
മനസ്സിനുള്ളിലായ്
മിഴിയുറങ്ങുമെൻ
മധുരമെത്തുന്നു…
മുറിയിലാകവേ
വെളുത്ത ചെമ്പക
നിറവു പൂക്കുന്ന
മണം പരക്കുന്നു…
തിരിച്ചിടാത്തൊരെൻ
കറുത്ത ബാല്യമേ
തനിച്ചിരിപ്പാണീ
കറുത്ത ബാലകൻ..
അടർന്നൊരീ മൊഴി
പകുത്തെടുക്കുവാൻ
മടിച്ചിടാതെയീ
മഴയിലെത്തുക..നീ
മടിച്ചിടാതെയീ
മഴയിലെത്തുക.

By ivayana