പൗരസ്ത്യ കല്‍ദായ സുറിയാനിസഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. സംസ്‌കാരം മാര്‍ത്തമറിയം വലിയ പള്ളിയില്‍ നടക്കും.

നര്‍മ്മബോധത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ആള്‍രൂപമായിരുന്ന അപ്രേം തൃശൂരിന്റെ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. എഴുപതിലേറേ പുസ്തകങ്ങളുടെ കര്‍ത്താവായ അദ്ദേഹത്തിന് സിത്താറിലും പ്രാവീണ്യമുണ്ടായിരുന്നു. സഭകള്‍ തമ്മിലുള്ള തര്‍ക്കം സമവായത്തിലെത്തിച്ചതാണ് മാര്‍ അപ്രേമിന്റെ വലിയ സംഭാവന. ശത്രുതാഭാവത്തിലായിരുന്ന കത്തോലിക്കാ സഭയുമായി പൗരസ്ത്യ സഭയെ അടുപ്പിച്ചതും അപ്രേമിന്റെ ക്ഷമയോടെയുള്ള പ്രവര്‍ത്തനമായിരുന്നു. പരസ്പരം സ്നേഹിക്കുക സഹകരിക്കുക എന്നതായിരുന്നു അദ്ദേഹം എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്.

തൃശ്ശൂരിലെ മൂക്കന്‍ തറവാട്ടില്‍ ദേവസ്സിയുടെയും കൊച്ചു മറിയത്തിന്റെയും നാലാമത്തെ മകനായി 1940 ജൂണ്‍ 13-ന് ജനനം. ജോര്‍ജ്ജ് ഡേവിസ് മൂക്കന്‍ എന്നായിരുന്നു ആദ്യനാമം. തൃശ്ശൂര്‍ സി എം എസ് എല്‍ പി സ്‌കൂളിലും കാല്‍ഡിയന്‍ സിറിയന്‍ സ്‌കൂളിലുമായി വിദ്യാഭ്യാസം. ഉയര്‍ന്ന മാര്‍ക്കോടെ സ്‌കൂള്‍ പരീക്ഷ പാസായി സെന്റ് തോമസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു..ഇന്റര്‍മീഡിയറ്റിന് ശേഷം ജബല്‍പൂരിലെ ലീയൊണാര്‍ഡ് തിയോളോജിക്കല്‍ സെമിനാരിയില്‍ നിന്ന് 1961-ല്‍ ദൈവശാസ്ത്രത്തില്‍ ബിരുദം നേടി. ദൈവം കൈപിടിച്ചു നടത്തിയതുപോലെയായിരുന്നു ജോര്‍ജ് ഡേവിസ് മൂക്കന്‍ സഭാനാഥനാകുന്നത്. വീട്ടില്‍ നിന്ന് എതിര്‍പ്പുണ്ടായിട്ടും അച്ചനാവാന്‍ അദ്ദേഹം എടുത്ത തീരുമാനം തെറ്റായിരുന്നില്ലെന്ന് പിന്നീട് കാലം തെളിയിച്ചു.

1961 ജൂൺ 25-ന് ശെമ്മശനായും പിന്നീട് 1965 ജൂൺ 13-ന് കശ്ശീശ്ശയായും മാർ തോമ ധർമോയിൽ നിന്നും പട്ടം സ്വീകരിച്ച്‌ അദ്ദേഹം വൈദികശുശ്രൂഷയിൽ പ്രവേശിച്ചു. തുടർന്ന്‌ ബാംഗ്ലൂരിലെ യൂണൈറ്റെഡ്‌ തിയോളോജിക്കൽ കോളേജിൽ നിന്നും ന്യൂ യോർക്കിലെ യൂണിയൻ തിയോളൊജിക്കൽ സെമിനാരിയിൽ നിന്നും സഭാചരിത്ര വിഷയത്തിൽ രണ്ട്‌ ബിരുദാനന്ത ബിരുദങ്ങൾ നേടിയെടുത്തു. പ്രിൻസ്റ്റണിലെ തിയോളൊജിക്കൽ സെമിനാരിയിൽ ഡോക്റ്ററേറ്റ് വിദ്യാഭ്യാസം ആരംഭിച്ചെങ്കിലും 1968-ൽ ബാഗ്ദാദിലെ മാർ സയ്യാ ചർച്ചിൽ വെച്ച്‌ കിഴക്കിന്റെ മെത്രാപ്പോലിത്തയായി അരോഹണം ചെയ്യപ്പെടുകയും തൃശ്ശൂരിലെത്തി സഭാ ഭരണം ഏറ്റെടുക്കേണ്ടതായും വന്നതിനാൽ വിദ്യാഭ്യാസം തുടരുവാൻ സാധിച്ചില്ല.

28 വയസ്സിൽ മാർ അപ്രെം മെത്രപ്പോലീത്തയായി സ്വന്ത നാട്ടിൽ എത്തിയപ്പൊൾ അതു വരെയുള്ള ഭാരത ക്രൈസ്തവസഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ[൧] മെത്രാനായി.1976-ൽ സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്‌റേറ്റ്‌ ബിരുദം(D.Th) നേടി.2002-ൽ എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും സുറിയാനി സാഹിത്യത്തിൽ മറ്റൊരു ഡോക്‌റേറ്റും(Ph.D) അദ്ദേഹം നേടി.

ഇംഗ്ലീഷിലും മലയാളത്തിലുമായി ഏഴുപതോളം പുസ്തകങ്ങൾ രചിച്ചു.യാത്രവിവരണങ്ങൾ,ജീവചരിത്രം,ആത്മകഥ,ഫലിതം,സഭാചരിത്രം എന്നിങ്ങനെ നിരവധി വിഭാഗത്തിൽ പെടുന്ന ഈ പുസ്തകങ്ങളിൽ പലതും അസ്സീറിയൻ, അറബിക്‌, റഷ്യൻ ഭാഷകളിലേക്ക്‌ തർജ്ജമ ചെയ്തിട്ടുണ്ട്‌. വിശുദ്ധ ഫലിതങ്ങൾ, Bishop’s Jokes, Laugh With the Bishop എന്നീ തലക്കെട്ടുകളിൽ പുറത്തിറങ്ങിയിട്ടുള്ള അദ്ദേഹത്തിന്റെ നർമ്മശേഖരങ്ങൾ നാനാ ജാതിമതസ്ഥരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. മാർ അബീമലെക്ക്‌ തിമോഥിയോസ്‌ തിരുമേനിയെയും മാർ തോമ ധർമോ തിരുമേനിയും മാർ ദിൻഹ പാത്രീയാർക്കീസിനെയും പറ്റിയുള്ള ജീവചരിത്രങ്ങളും Nestorian Missions,Council of Ephesus of 431 AD, The Nestorian Fathers തുടങ്ങിയ ഗ്രന്ഥങ്ങളും സഭാചരിത്ര പണ്ഡിതർക്ക് വളരെ പ്രയോജനപ്രദങ്ങളാണ്. നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങളും മാർ അപ്രെം രചിച്ചിട്ടുണ്ട്. “കാൽവരി ക്രൂശെ നോക്കി ഞാൻ” എന്നു തുടങ്ങുന്ന ഗാനം ഭാരതത്തിലെയും വിദേശത്തെയും ഒട്ടനവധി ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

ധാരാളം പുരസ്കാരങ്ങൾ മാർ അപ്രെം മെത്രാപ്പൊലീത്തക്ക് ലഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ജ് ഇന്റർനാഷണൽ ബയോഗ്രാഫിക്കൽ സെന്റർ നൽകുന്ന മാൻ ഓഫ്‌ അച്ചീവ്മെന്റ് അവാർഡ് (1984), മെഡൽ ഓഫ്‌ മെറിറ്റ്‌ ഓഫ്‌ കോപ്റ്റിക്ക്‌ ഓർത്തഡോക്സ്‌ ചർച്ച്‌, ലിറ്റററി അവാർഡ്‌ ഓഫ്‌ തൃശ്ശൂർ റോട്ടറി ക്ലബ്ബ്‌(1990), ക്രൈസ്തവ സാഹിത്യ സമിതിയുടെ വില്യം കേറി അവാർഡ്, World Wide Award of Thrissur(1991),മികച്ച എക്യൂമെനിക്കൽ പ്രവർത്തകനുള്ള മേരി പോൾ ചമ്മണം അവാർഡ്‌ (2002)എന്നിവ അവയിൽ ചിലതാണ്‌.അത്യപൂർവ്വവും അതിപുരാതനവുമായ നിരവധി സുറിയാനി ലിഖിതങ്ങളുടെ ഒരു വിപുലശേഖരം മാർ അപ്രേമിന് സ്വന്തമായുണ്ട് .

1585 ൽ എഴുതിയ പ്രതിദിന പ്രാർത്ഥനകളുടെ കാശ്‌കോൽ എന്ന പുസ്തകം മുതൽ മാർ തോമ ധർമോ തിരുമേനിയുടെ ഡയറി വരെയുള്ളവ ഇവയിലുൾപ്പെടുന്നു. ഈ പുസ്തകങ്ങളും രേഖകളും മാർ അപ്രെം മാനുസ്ക്രിപ്റ്റ്സ് എന്ന പേരിൽ ലോകമെമ്പാടുമുള്ള സുറിയാനി പണ്ഡിതരുടെയിടയിൽ അറിയപ്പെടുന്നു.ഈ അപൂർവ ശേഖരത്തെക്കുറിച്ചുള്ള ഒരു ഗ്രന്ഥം “Assyrian Manuscripts in India” എന്ന പേരിൽ, തന്റെ എഴുപത്തിയൊന്നാം പുസ്തകമായി പുറത്തിറക്കാനുള്ള അവസാന മിനുക്കുപണിയിലായിരുന്നു മെത്രാപ്പോലീത്ത.2011 ൽ പബ്ലിഷ് ചെയ്യുകയും ചെയ്തു.

വന്ദ്യ പിതാവിനെ നേരിട്ട് കാണുവാനും അദ്ദേഹത്തോടൊപ്പം എനിക്കും എന്റെ സ്വകുടുംബത്തിനും ഒരുമിച്ചിരുന്നു കുറച്ചുസമയം സംസാരിക്കാനും അദ്ദേഹത്തിന്റെ സ്വന്തം അതിപുരാതനമായ ഒരു വാദ്യോപകരണം (ഏതാണ്ട് സിത്താർ പോലെ ഇരിക്കും) .ഞങ്ങളെ മനോഹരമായി വായിച്ചു കേൾപ്പിക്കുകയും ചെയ്തു ഞങ്ങളുടെ മക്കൾ അതീവ ശ്രദ്ധയോടെ കേട്ടിരിക്കുകയും അവർക്ക് അതിനെക്കുറിച്ചു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു ഞങ്ങളുടെ മാർ അപ്രേം തിരുമേനി …അതോടൊപ്പം ഒരു അത്താഴ വിരുന്നും ഞങ്ങൾക്ക് ആയി ഗുരുപിതാവ് ഒരുക്കിയിരുന്നു അദ്ദേഹത്തിന്റെ വിയോഗത്തിൽ അതിയായ ദുഃഖം ഞാനും എന്റെ കുടുംബവും നേരുന്നു .. മാർ അപ്രേം തിരുമേനിക്ക് ആദരാജ്ഞലികൾ …

ജോര്‍ജ് കക്കാട്ട്

By ivayana

Leave a Reply

Your email address will not be published. Required fields are marked *