രചന : നസ്രേത്തിൽ ജോസ് വർഗ്ഗീസ് ✍️
പ്രീയപ്പെട്ട വണ്ടേ,
ഇന്നാണെന്റെ കൈയിലെ
നീരു കുറഞ്ഞത്,
എങ്കിലും വേദനയുണ്ട് നീ കടിച്ചിടത്ത്,
അതോ കുത്തുകയായിരുന്നോ;
നീ എന്തിനാണെന്നെ കുത്തിയത്?
നിന്റെ നിറം ഞാൻ പറയുന്നില്ല,
പിന്നതുമതി, ഇവിടെ യുദ്ധത്തിന്;
എങ്കിലും നിനക്കെന്തഴകായിരുന്നു!
കിഴക്കേപ്പുറത്ത് പയറുണ്ട്,
പാവലും, പടവലവും,
കോവലും, വഴുതനവും,
മത്തനും, മുളകും, കറിവേപ്പും,
വാഴയും ഒക്കെയുണ്ടല്ലോ;
വാഴയും കറിവേപ്പുമൊഴികെ
എല്ലാറ്റിലും പൂക്കളുമുണ്ടല്ലോ
പല നിറത്തിൽ, പല ഭംഗിയിൽ
താരകങ്ങൾക്കുപോലും
ഒരേ നിറവും ഒരേ രൂപവുമല്ലേ?
ഒന്നു കുത്തിയിട്ട്
പിന്നെയും നീ,യെന്തിനു കുത്തി,
നീയും ചോരകുടിച്ചുതുടങ്ങിയോ,
അതോ നീ കോപിച്ചോ!?
നീ വിശേഷം ചോദിച്ചുവന്നാൽ
ആട്ടിയോടിക്കുന്നതു
ഞങ്ങൾ മനുഷ്യരുടെ ഒരു രീതിയല്ലേ
എന്റെ ഭാര്യ രാവിലെ പറഞ്ഞതു
നീ കേട്ടോ ആവോ
ഷുഗർ ഇന്ന് കൂടുതലാണെന്നു
എന്തു ചെയ്യാനാ
എല്ലാരും ചൊല്ലണ് പാരമ്പര്യമാണെന്ന്.
നിന്റെ കാര്യത്തിലും
അതുതന്നെയായിരിക്കും
അതുകൊണ്ട് ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നില്ല;
ഞാനിനി ഡെക്കിലേ,യിരിക്കൂ,
നിന്നെ ശല്യപ്പെടുത്താനിനി
നിന്റെ പറമ്പിലോട്ടിറങ്ങുന്ന
തടിപ്പടിയിൽ വന്നിരിക്കില്ല
വായിക്കാൻ ഐഫോണോ
എഴുതാൻ ഗാലക്സിയോ
ഞാനെടുത്താൽ നീ,യിനിയുമെന്നെ
കുത്തുമോ?
എനിക്കെഴുതാനും, വായിക്കാനും,
കേൾക്കാതിരിക്കാനുമാവുമോ?
ഇനി,ഞാനാദ്യം നിന്റെ പാട്ടു കേൾക്കാം
അതു കഴിഞ്ഞ്
ലൂയിസ് ഗ്ലിക്കിന്റെ കവിതകൾ;
പിന്നെ കടമ്മനിട്ടയും,
കാട്ടാക്കടയും, പനച്ചൂരാനും!
എന്റെ ലോകം നിന്റേതോളം വലുതല്ല!
മടക്കിപ്പിടിച്ച ഇംഗ്ലീഷ് ന്യൂസ്-
പേപ്പറുകൊണ്ടടിച്ചതിനു ക്ഷമിക്കുമല്ലോ?
ഇംഗ്ലീഷുകൊണ്ടുള്ള അടിയല്ലേ
നല്ലോണം നൊന്തുകാണും,
ക്ഷമിക്കുക.
ഇവിടെ ഓണത്തൊടിയും
ഓണപ്പൂക്കളുമില്ല, വസന്തവും വന്നില്ല
എങ്കിലും ചിലർക്കൊക്കെ ഓണം
ചിലർക്കൊക്കെ നാണം!
ഈ ക്ഷമാപണപത്രം ഞാനിവിടെ
നിന്റെ ലോകത്തേക്ക് പറത്തിവിടുന്നു
നീ ഇനിയും വരുമെന്നും
ഇതു വായിക്കുമെന്നും
എന്നോടു ക്ഷമിക്കുമെന്നുമുള്ള
പ്രതീക്ഷിയോടെ,
സ്നേഹപൂർവ്വം;
നീ കുത്തിനീരുവെപ്പിച്ച
ഒരു സ്നേഹിതൻ;
കിഴക്കേപ്പുറത്തെ
നിന്റെ പറമ്പിലേക്കിറങ്ങുന്ന
തടിപ്പടിയിൽനിന്നും.

