ജീവനൂതിസൃഷ്ടിച്ചൊരുശക്തിയുണ്ടീയുലകിൽ
വർണ്ണപ്രപഞ്ചത്തിന്നാധാരമൂർത്തീ
അണുവായ് പിറവികൊണ്ടമ്മതന്നുദരത്തിൽ
പിന്നെപിറന്നുവീഴുന്നു നഗ്നനായ് മണ്ണിൽ.

കാലംകടന്നുകടന്നങ്ങു പോകവേ
ഋതുക്കളും മാറിമറിയുന്നൊട്ടുമേ
ജീവജാലങ്ങൾക്കു ജീർണ്ണതയേറുന്നു
ജീവൻ തുലാസിലാടിദുഃഖമേറുന്നു.

പാച്ചിലിൻ പരാക്രമം പിന്നെതുടരും
അറ്റുപോകുമാജീവനെ എത്തിപ്പിടിച്ചിടാൻ
ആതുരാലയത്തിന്നകത്തളംതേടും
ജീവനേകുംപ്രത്യക്ഷശക്തിയാം ഭിഷഗ്വരനുമുമ്പിൽ.

ജീവന്നുവിലയിന്നെണ്ണിപ്പറയുന്നു
ഉള്ളവനെണ്ണിക്കൊടുക്കുന്നുകെട്ടുകൾ
പ്രത്യക്ഷദൈവവും പ്രഹസനമായിമാറും
ആതുരസേവനമിന്നുവെറും വ്യാപാരമായ് മാറി!

മരണപ്പെട്ടുപോകുമോരോജീവനും
മർത്ത്യനെന്ന വിലനൽകുവതുണ്ടോ
പിഴവുകൾ ചോദ്യം ചെയ്തീടുകിൽപിന്നെ
ഇരുമ്പഴിക്കുള്ളിലഴിയെണ്ണിനിന്നിടും!

കാത്തിടേണ്ടവർ തകർക്കുന്നുസിസ്റ്റം
നാഥനില്ലാകളരിപോലെയല്ലോയെങ്ങും
നാടുമുടിയുന്നുമുടിക്കുന്നു മത്സരിച്ചെന്നപോൽ
നന്മയെപ്പൂട്ടിതിന്മയെവളർത്തിവലുതാക്കിടുന്നു!

ആരെവിശ്വസിച്ചീടണമെന്നതറിയില്ല
വാക്കുകൾ വാരിവിതറും വെറുംവാക്കായതുമാറും
ഇനിയുംമാറാത്തനാട് മാറ്റമില്ലാത്തനാടേ
കാത്തിരിക്കുന്നുകനവുകളോടെ കാണുമോ ഒരുനൽപുലരി.

ബി സുരേഷ്കുറിച്ചിമുട്ടം

By ivayana