രചന : ഽ സെഹ്റാൻ✍️.
ആടുകളെന്ന് നിങ്ങൾ തെറ്റിദ്ധരിക്കും.
പക്ഷേ ചെന്നായ്ക്കളായിരിക്കും!
കണ്ഠഞെരമ്പുകൾ കടിച്ചുപൊട്ടിച്ച്
ചോരവലിച്ചീമ്പി നിങ്ങളെ നോക്കി
അവ പല്ലിളിക്കുമ്പൊഴായിരിക്കും
അതറിയുക.
ചെമ്പൻരോമങ്ങളും, കറുത്തുകൂർത്ത
നഖങ്ങളും, വളഞ്ഞുകുത്തിയ വാലും
നിങ്ങൾക്കത് വെളിവാക്കും.
മരണത്തിനും, ജീവിതത്തിനുമിടയിലുള്ള
വിഭ്രാന്തിയിൽ നിങ്ങളൊരു
സ്വപ്നദർശനത്തിലേക്ക് വഴുതാനുമിടയുണ്ട്.
സ്വപ്നത്തിൽ, തിളങ്ങുന്ന കണ്ണുകളുള്ള
ഒരുവൾ നിങ്ങളെ നയിക്കും.
നിശബ്ദം നിങ്ങളവളെ പിൻതുടരും.
ഇരുണ്ട ഉദ്യാനവും, അതിലെ ഒരേയൊരു
വിടർന്ന പൂവുമവൾ കാണിക്കും.
നാസാദ്വാരങ്ങളാലീ ഗന്ധം മുകരുക,
അധരങ്ങളാലീ തേൻ നുകരുക,
നാവിൻതുമ്പിനാലീ വീണമീട്ടുകയെന്ന്
പക്ഷി കുറുകുംപോലവൾ മന്ത്രിക്കും.
വീണാനാദമുയരുമ്പോൾ സർപ്പം
പോലവൾ പുളയും.
പുഷ്പകേസരങ്ങളുടെ ആഴങ്ങളിലെന്തോ
പൊട്ടിച്ചിതറുന്നതും, കുതിർന്നൊഴുകുന്നതും
നാവിൻതുമ്പ് തൊട്ടറിയുന്ന നിമിഷം
സ്വപ്നം മുറിയും!
ദാ, ഇപ്പോൾ നിങ്ങളുടെ എല്ലിൻചീളുകൾ
ഏതോ വന്യമൃഗം കടിച്ചുനുറുക്കുന്ന
ശബ്ദം കാതുകളെ തുളയ്ക്കുന്നില്ലേ?
അത്രയേയുള്ളൂ…
ആടുകളെന്ന് നിങ്ങൾ തെറ്റിദ്ധരിക്കും.
പക്ഷേ ചെന്നായ്ക്കളായിരിക്കും!
⚫
