രചന : മേരിക്കുഞ്ഞ് ✍️.
പുലർ നിലാവസ്തമിക്കും
മുമ്പുതന്നെ ഭൂതത്താൻമാർ
നരസിംഹമൂർത്തിയുടെ
അമ്പലത്തിൻ പണി തീർത്ത്
കൊട്ട കൊട്ടി കൂക്കിയാർത്ത്
മറഞ്ഞതിൽ പിന്നെയാണ്
വെളുപ്പിന് കൊട്ടകൊട്ടി കുന്നുയർന്ന്പൊങ്ങീതെന്ന്
കീർത്തി കേട്ട പുരാവൃത്തം.
കന്നുകൾക്കു മേയുവാനായ്
ഒരു കടി പുല്ലു പോലും
മുള പൊട്ടാപ്പൊട്ടക്കുന്ന് .
സപ്ലി കിട്ടിപ്പാളീസായ
മൊയ്തൂട്ടി തെരുവോരത്ത്
നാരിയേൽകാ മീഠാ പാനി
വിറ്റു വിറ്റു പണം കൊയ്ത്
നാട്ടിലെത്തി കൊട്ട കൊട്ടി
കുന്നു വാങ്ങിയെന്നു കേട്ട്
ഓന്റളിയൻ ഹമീദിനും
അരിശത്താൽ തല പെരുത്തു .
” ഓന് പണ്ടേ പിരാന്താണ്”
” പെങ്ങളൂട്ടി സഫിയാക്ക്
അന്ത്യമറ്റ കഷ്ടകാലം”
ഓന്റെ കെട്ട്യോൾ വിലപിച്ചു.
നിത്യവൃത്തിമുട്ടിഗതി
കെട്ടുപോയ ശിവരാജ –
ത്തമ്പുരാനായ്കൂട്ടു ചേർന്ന്
അമ്പലക്കമ്മിറ്റിയൊന്ന്
സൊരുക്കൂട്ടി മൊയ്തൂട്ടി .
ജീർണ്ണിച്ചോരമ്പലം
പുത്തനാക്കി സ്വർണ്ണധ്വജ
പ്രതിഷ്ഠക്ക് കാശിറക്കി
കോപ്പുകൂടി മൊയ്തൂട്ടി.
മതമഹാസൗഹൃദത്തിൻ
ചുടു വാർത്ത ദൈവത്തിന്റെ
നാട്ടിലാകെപൊടി പാറി,
ദാനധർമ്മക്കാറ്റു വീശി.
ശ്രീകോവിൽമേൽവിതാനം
ചെമ്പുപാളിയൊളിമിന്നി
സോപാനം സ്വർണ്ണത്തിൻ
തിളക്കത്തിൽ ശോഭിച്ചു.
മൊയ്തൂട്ടി എളിമയോടെ
പണമിറക്കി….. കമ്മിറ്റി
ക്ഷേത്രത്തിൽ ഉത്സവം
കെങ്കേമമായ് കൊണ്ടാടി.
കറന്നാലും കറന്നാലും
ഒടുങ്ങാതെ ചുരത്തുന്ന
ഭണ്ഡാരക്കുറ്റിസദാ
ക്ഷേത്രത്തിൽ
ചിരി തൂകി
മൊയ്തൂട്ടി….. പാട്ടുമൂളി.
തട്ടുതട്ടായ് മൊയ്തൂട്ടി
പെരുങ്കുന്ന് തിരിച്ചിട്ടു….
അമ്പലപ്പറമ്പിനോരം
കച്ചവടക്കെട്ടിടങ്ങൾ
പൊടിപൊടിച്ചു പലതരം
വാണിഭവും; വെളിച്ചവും .
ഇരുട്ടുകൾ തിന്നു വീർക്കും
ദുർഭൂതർവരാതായി
സ്ഥലത്തിന് വിലയേറി
പല മടങ്ങ് പിന്നേയും .
പേരു കേട്ട പണക്കാരും
കീർത്തി കേട്ട മഹാന്മാരും
കൊട്ടകൊട്ടി പെരുങ്കുന്ന്
ബാസ്ക്കറ്റ് ഹിൽ വാലിയാക്കി
അതിരമ്യം വാസഗേഹം
സാഭിമാനം പണിതീർത്തു.
കൊട്ടകൊട്ടിക്കുന്നാകെ
പൂവിരിഞ്ഞു വാസനിച്ചു.
മൊയ്തൂട്ടി കരുതലോടെ
നീക്കിവച്ച കുന്നു പള്ളം
കന്യാകാമഠത്തിനായി
വില കുറച്ച് തീറു നൽകി…..
പാഠശാല , കൂട്ടുമായി
ക്രിസ്തു രാജ പള്ളി വന്നു.
കൊട്ട കൊട്ടി കുന്നു മെല്ലെ
സ്വർഗ്ഗ പച്ചത്തഴപ്പായി.
കുന്നിന്റെ താഴ് വരയിൽ
മൊയ്തൂട്ടി മണ്ണിട്ട്
നിരത്തിയനീർ നിലത്തിൽ
അമ്മദൈവത്തിന്നു നല്ല
നാട്ടുകാരമ്പലം പൊക്കി
ഭക്തമാരുംനിരയായി
പൊങ്കാല ത്തീയെരിച്ചു
പാഴ്നിലത്തിനൊക്കെയങ്ങ്
മാമല പോൽ വില കേറി
കൊട്ട കൊട്ടിക്കുന്നിലേക്ക്
രാജപാത ആർത്തിരമ്പി .
നാട്ടിലെ പ്രമാണിയായി
മൊയ്തൂട്ടി പുഞ്ചിരിച്ചു.
സപ്ലി കാട്ടി പരിഹസിച്ച
പണ്ടത്തെകലാശാല
പ്രഭകെട്ടതാക്കി പുത്തൻ
തേജസിൻ കോളേജൊന്ന്
കൊട്ടകൊട്ടിക്കുന്നിന്റ
താഴത്തെ പാഴ്നിലത്ത്
പണിതുയർത്തിമൊയ്തൂട്ടി ജൈത്രയാത്ര
തുടരുന്നു നാടിനൊപ്പം
മൊയ്തൂട്ടി.
