രചന : തോമസ് കാവാലം ✍️
(കഴിഞ്ഞദിവസം കാലം ചെയ്ത അഭിവന്ദ്യ ഫ്രാൻസീസ് മാർപാപ്പയ്ക്ക് അശ്രുവിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഈ എളിയ വരികളെ സമർപ്പിക്കുന്നു.)
എളിമയൊന്നിനാൽ എഴുതിവെച്ചൊരു
വിളിയായി ജീവിച്ച കർമ്മയോഗി
തെളിഞ്ഞ മാനസമാനത്തു രുവായ
വെളിച്ചമായൊരു സൂര്യനവൻ.
ഹൃത്തിനാൽ സംവദി,ച്ചാത്മീയനന്മകൾ
മുത്തായി വാരി വിതറിയവൻ
സത്തായമാനവദർശനം നൽകിയും
ഉത്തമ പത്രോസിൻ പിൻഗാമിയായ്.
മാനവികതയാം മഹാമേരുവായി
മന്നിനെ മാറ്റിമറിച്ചു മുദാ
മണ്ണിനെവീണ്ണോടടുപ്പിച്ചു നിർത്തുവാൻ
മർത്യനു നിത്യതാമാറ്റു നൽകി.
വേദന,വേർപാടു,ദുഃഖം ദുരിതങ്ങൾ
യാതനയായുള്ളാ ഹൃത്തതിലായ്
ചേതന നൽകിയും ചേർത്തുനിർത്തീടുവാൻ
നൂതന ജന്മമെടുത്ത പുണ്യം.
മാപ്പു ചോദിച്ചവൻ കുറ്റങ്ങൾക്കൊക്കെയും
മന്നിൽ സഭചെയ്ത തെറ്റുകൾക്കായ്
മാറ്റിമറിച്ചവൻ മാറോടു ചേർത്തൊരു
ലാറ്റിനമേരിക്കൻ സാഹചര്യം.
കാലത്തിനൊത്തൊരു ലാളിത്യ ജീവിതം
ചേലൊത്തു ജീവിച്ച പുണ്യവാനോ
വിശുദ്ധനായവൻ ജീവിച്ചു ശുദ്ധമായ്
വിണ്ണിനു ചേർന്നോരു ജീവനവും.
കുറ്റവാളിയുടെ കാൽകഴികീടുവാൻ
ഏറ്റവും മുന്നിലായ് നിന്ന മഹാൻ
സ്നേഹത്തിൻ തീർത്ഥവും പേറി നടന്നൊരു
സ്നേഹിതനായ തീർത്ഥാടകനായ്.
മാനവ നന്മയെ മതത്തിനതീതം
സനാതനത്തിലധിഷ്ഠിതമായ്
പതിതമായുള്ള മാർഗ്ഗങ്ങളൊക്കെയും
വനിതാപുരോഗതിക്കു നൽകി.
“സ്നേഹിക്കാനാവാതെ ജീവിക്കാനാവില്ല
സാധകമെന്നതോ സാഹോദര്യം”
എന്നുരു വായൊരു താപത്തിൻ കാവലാൾ
മന്നിതിൽ താഴ്മയിൽ ജീവിച്ചവൻ.
കനിവിൻ കൈത്തിരി കത്തിച്ചു ഭൂമിയിൽ
കൂരിരുൾവിദ്വേഷം നീക്കിയവന്‍
സ്നേഹം പുരട്ടിയാ വാക്കിനാൽ നോക്കിനാല്‍
സത്ക്കർമ്മ സുഗന്ധം നിറച്ചവൻ.
സ്വർഗ്ഗത്തിൻ താരകം മാർഗമായ്, ദീപമായ്
സ്വർഗ്ഗത്തിലേക്കിന്നു യാത്രയായി
നശ്വരമായൊരു ലോകൈക ജീവിതം
നാശമില്ലാത്തതായ് മാറ്റി വിണ്ണിൽ.
വിശുദ്ധരാക്കിയും വിശുദ്ധനായ നീ
അശുദ്ധി നീക്കിയീ വിശ്വമിതില്‍
നന്മനട്ടൂഴിയിൽ നന്മ വളര്‍ത്തുവാൻ
നൽവരം നൽകണേ മഹാത്മാവേ!
പ്രത്യാശാ സൂര്യനായ് മർത്യർക്കീ ഭൂമിയിൽ
നിത്യത കാട്ടിയ നന്മരൂപാ,
ക്രിസ്തുവിൻ മാർഗ്ഗത്തിൽ സ്നേഹമായ് വർത്തിച്ച
നിസ്തുല താരമേ, വന്ദ്യ പിതാ!
വന്ദനം, മഹേശാ! വന്ദനം, താപസാ!
സ്വന്തഗൃഹത്തിൽ നീ വാണീടുക!
ആത്മപ്രണാമത്തിൻ അഞ്ജലീ പുഷ്പങ്ങൾ
ആയിരം കോടികൾ അർപ്പിച്ചീടൂ.

താങ്ക്സ്