രചന : രാജേഷ് കോടനാട്✍
തുറന്ന് കാണും വരെ
കരാറെഴുതും വരെ
അഡ്വാൻസ് കൊടുക്കും വരെ
വീട് മാത്രം വാടകക്കാണ്
പിന്നെപ്പോഴാണ്
ശ്വസിക്കുന്ന ജീവന് വരെ
നമ്മൾ
വാടകക്കാരനാവുന്നത്….
ചവിട്ടിക്കയറുന്ന
പടികളിൽ നിന്ന്
അച്ഛന്
വാടകക്കാരനാവുന്നു
അശയിലഴിച്ചിട്ട
വിയർപ്പിൽ നിന്ന്
അമ്മക്ക്
വാടകക്കാരനാവുന്നു
ഒഴിഞ്ഞു പോയ
വാടകക്കാരൻ്റെ
ചുമരടയാളത്തിൽ നിന്ന്
ബന്ധങ്ങൾക്ക്
വാടകക്കാരനാവുന്നു
തീർത്തും
അസാന്നിദ്ധ്യമായ
ഫോൺ കോളുകളിൽ
സുഹൃത്തുക്കൾക്ക്
വാടകക്കാരനാവുന്നു
കടമകളുടെ നെറുകയിൽ
വിഷാദം പൂക്കുമ്പോൾ
കരുതലുകൾക്ക്
വാടകക്കാരനാവുന്നു
ഒന്ന്
കരയാൻ പോലുമാവാതെ
സങ്കടങ്ങൾക്ക്
വാടക കൊടുത്ത് മുടിഞ്ഞ
ജീവിതങ്ങളാണ്
ആറടി താഴ്ചയിലും
മണ്ണിന്
വാടകക്കാരാവുന്നത്
ഓരടി മണ്ണും
വാടകക്കെടുക്കുമ്പോൾ
നോക്കുക….
അവിടെ
നിങ്ങളുടെ
ശ്വാസങ്ങൾക്ക്
ഇറങ്ങിപ്പോയ വാടകക്കാരൻ
ബാക്കി വെച്ച കുടിശ്ശികയുടെ
വിറയലുകളുണ്ടായിരിക്കും.

