ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

നിലാപ്പൂമഴ പൊഴിയുമീ ധനുമാസരാവിൽ,
ഇരുളിലേക്ക് ജനാലകൾ തുറന്നിട്ട്,
പാലപ്പൂവിൻ പരിമളം നുകർന്ന്,
പാതിരാക്കാറ്റിൽ ഇളകിയുല്ലസിക്കുമെൻ്റെ
കുറുനിരകൾ മാടിയൊതുക്കി നിന്ന
എന്നരികിലേക്ക് പറന്നെത്തിയ ആ തിത്തിരിപ്പക്ഷിയും
രാവേറെയായി എന്നെന്നെ ഓർമ്മിപ്പിച്ചു❕
ഇന്നലെകളിൽ പൂത്തുവിടർന്നതും,
പൂക്കാൻമറന്നതുമായ സ്വപ്നങ്ങളുടെ
നിറക്കൂട്ടുകൾ ചാലിച്ച്,
എന്നിലെ പ്രണയവർണ്ണങ്ങളെല്ലാം
തൂലികത്തുമ്പിലേക്കാവാഹിച്ച്,
നോവിൻ്റെ അവസാനതുള്ളിയും
ഊറ്റി ഞാനെഴുതുകയാണെൻ അവസാനവരികൾ…❕
ഈ മഞ്ഞുകാലം എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു.
കൊഴിഞ്ഞുവീണ പൂക്കളും,
മനസ്സില്ലാമനസ്സോടെ അടർന്നുവീണ
ഇലകളും മൗനത്തിൻകമ്പളം വാരിപ്പുതച്ചുകൊണ്ട്
നിനക്ക് യാത്രാമൊഴിയോതുന്നു.
എനിക്കിനിയും പറയാതെവയ്യ,
നിന്നെ ഞാനൊരുപാട് സ്നേഹിച്ചിരുന്നു,
ഋതുഭേദങ്ങൾക്കപ്പുറം നാമിനിയും കണ്ടുമുട്ടിയേക്കാം…
അതുവരെ നിന്നെയുംകാത്ത്,
നിനക്കായ് മാത്രം കൊളുത്തിവെച്ച സ്നേഹത്തിൻ
നക്ഷത്രവിളക്കുമായ് ഞാനുണ്ടാകുമിവിടെ..!!

By ivayana

Leave a Reply

Your email address will not be published. Required fields are marked *