രചന : ചന്ദ്രികരാമൻ പാത്രമംഗലം ✍
കാതരേ , കളിത്തോഴിയേ ,നിന്നെ
കാണാതേയിന്നു കേഴുന്നു
കാത്തിരുന്നെൻ്റെ കണ്ണുകൾ രണ്ടും
നീർത്തുളുമ്പിയൊഴുകുന്നു!
പാതയോരത്തെ പൂമരം ചാരി
നിന്നെയും കാത്തുനിൽക്കവേ,
മെയ് തലോടിയ തെന്നലൊന്നു നിൻ
തൂമണമെനിക്കേകയായ് !
കാലമെത്ര കഴിഞ്ഞുപോയ് ,നമ്മൾ
ബാല്യകാലക്കളിത്തോഴർ
നാലുകാലോലക്കുട്ടിപ്പുരയിൽ
ബാല്യലീലകളാടിയോർ !
മാലയൊന്നു നിൻ മാറിൽ ചാർത്തി ഞാൻ
മാരനായ് ചമഞ്ഞീടവേ,
താമരത്തളിർതണ്ടു പോൽ, സഖീ ,
നാണിച്ചു മുഖം താഴ്ത്തവേ,
കണ്ടുനിന്ന കളിത്തോഴർ നമ്മെ
കളിവാക്കോതിച്ചിരിച്ചതും
പണ്ടുകണ്ടകിനാവു പോലെ –
യതിന്നുമുണ്ടകതാരിലും!
ഇന്നു നിൻ്റെ കരംപിടിച്ചെൻ
വധുവാക്കി നിന്നെ കൂട്ടുവാൻ,
വന്ന മോഹമതുള്ളിൽ തിങ്ങി –
യടക്കുവാൻ കഴിയാതെ ഞാൻ!
നിൻ്റെയുള്ളിലുമാഗ്രഹം ഇതു
മാത്രമെങ്കിലുരക്കുവാൻ,
നിൻ്റെ നാവതിൽ നിന്നുമുത്തര-
മേകിയെന്നിൽ കനിഞ്ഞിടാൻ,
നിൽക്കയാണു ഞാൻ അക്ഷമയോട-
തിന്നു,നിൻ കളിത്തോഴൻ ഞാൻ
നൽകുകില്ലെയതിനൊരുത്തരം
സുന്ദരീ ,ഹൃദയേശ്വരീ ?
പണമില്ല,പരിഷ്കൃതനല്ല ഞാനും,
തൃണമായ് ,നീയെന്നെക്കാണുമോ?
ഗുണവതീ,നിനക്കേകിടാൻ സ്നേഹ-
ഹൃദയം മാത്രമതെൻ ധനം!
പണിയതെന്തുമെടുത്തു പോറ്റുവാൻ
മടിയശേഷമതില്ലിനി
ഇണയതായ് മമ സഖീ, നീയെത്തുകി –
ലതുമതീ ,ജന്മസുകൃതമായ്!
🌹🌹🌹
