രചന : മംഗളാനന്ദൻ✍
സോദരീ,യകലത്തി-
ലിരിക്കുമ്പോഴും, നിന്റെ
വേദനകളെ തിരി-
ച്ചറിഞ്ഞ ഭ്രാതാവീ, ഞാൻ.
അനുജത്തിയായ് നിന്നെ-
ക്കണ്ടു ഞാൻ, കൂട്ടായ്മയിൽ
വിനയത്തോടെ നിന്നു
“ജസ്ന” നീ, ദയാനിധി!
‘സ്നേഹമാലിക’യായ
സാഹിതീസഖ്യത്തിന്റെ
മോഹന വാഗ്ദാനമായ്
നീ മരുവിയ കാലം,
ഇന്നുമുണ്ടെന്നോർമ്മയിൽ
നമ്മുടെ കൂട്ടായ്മയിൽ
നിന്നു സൗഹൃദത്തിൻ്റെ
സൗരഭ്യം പരന്നതും,
ഒരിക്കൽ പോലും നേരിൽ
കാണാത്തയസ്മാദൃശർ,
ശരിക്കും സാഹോദര്യ-
ത്തിൻ കുളിർ നുകർന്നതും!
മിത്രമേ, നീയെൻ കുറും-
കവിതാശകലങ്ങൾ-
ക്കെത്ര ചാരുതയോടെ
“പോസ്റ്ററിൽ”ജീവൻ നൽകി!
നിഖിലം നിരാമയ-
ഭാവമായിരുന്നു നിൻ
മുഖമുദ്രയിൽ നിന്നു
ഞങ്ങൾ കണ്ടതു നിത്യം. .
എങ്കിലുമൊളിപ്പിച്ചു-
വെച്ചുനീയുള്ളിന്നുള്ളിൽ
സങ്കടങ്ങളെ, ഞങ്ങ-
ളറിയാതിരിക്കുവാൻ.
ഒടുവിലൊരു മഹാ-
വ്യാധിയാമിരുളിന്റെ
പിടിയിൽ നിന്നെ കണ്ടു,
സ്തബ്ധരായ് നിന്നു,ഞങ്ങൾ.
വേദനയുടെ ശര-
ശയ്യയിൽ കിടന്നൊരെൻ
സോദരീ, മനസ്സിലെ
നൊമ്പരമായ് നീ മാറി.
ഇന്നലെ, മൃതിയുടെ
തണുത്ത കരസ്പർശം
വന്നു നിൻ ദേഹത്തിലെ
ദേഹിയെയെടുത്തപ്പോൾ,
ഖിന്നരായ് നിന്നു ഞങ്ങൾ,
ഇപ്പൊഴും കാലത്തിന്റെ
മുന്നൊരുക്കങ്ങൾ കാണാ-
നാവാത്ത നിരാലംബർ.
കണ്ണുനീരുപ്പിൽ നന-
യുമ്പൊഴും തിളങ്ങുന്നു
പുണ്യമായെന്നും നിന്റെ-
യോർമ്മകളകതാരിൽ!

(** അപൂർവമായ, കുടൽ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ചെന്നയിൽ വച്ച് കഴിഞ്ഞ ദിവസം അകാലത്തിൽ നിര്യാതയായ നവമാദ്ധ്യമസുഹൃത്താണ് അനുജത്തിയായി ഞാൻ കാണുന്ന ജസ്ന എന്ന എഴുത്തുകാരി. ഇന്ന് കോഴിക്കോട് ഭൗതിക ശരീരം സംസ്കരിക്കപ്പെടുന്നു.
ഈ സഹോദരി തൻ്റെ സജീവസാന്നിധ്യവും ആത്മാർത്ഥതയും കൊണ്ട് വിസ്മയം തീർത്തിരുന്നു. കണ്ണീർ പ്രണാമം അർപ്പിക്കുന്നു.)
