രചന : കെ.ആർ.സുരേന്ദ്രൻ ✍️
ഓരോ നഗരവും
ഓരോ ഗ്രാമമായിരുന്നെങ്കിൽ
സാവധാനം
ഉണർന്നെണീറ്റാൽ മതിയായിരുന്നു.
ഓരോ നഗരവും
ഓരോ ഗ്രാമമായിരുന്നെങ്കിൽ
ദിനചര്യകളുടെ വാതിൽ
സാവധാനം
തുറന്നകത്ത് കടന്നാൽ
മതിയായിരുന്നു.
കിഴക്കേ ദിക്കിലെ
അംശുമാന്റെ
ഒരായിരം കൈകൾ നീട്ടിയുള്ള
ആലിംഗനങ്ങൾക്ക്
നിന്ന് കൊടുക്കാമായിരുന്നു.
കണ്ടൽക്കാടുകൾ
കവചം തീർത്ത പുഴയിലോ,
കൈതക്കാടുകൾ അരഞ്ഞാണം തീർത്ത
തോടുകളിലോ,
ആകാശം നോക്കുന്ന സ്ഫടിക
ജലാശയങ്ങളിലോ
നീന്തിത്തുടിക്കാമായിരുന്നു,
മുങ്ങി നിവരാമായിരുന്നു.
ഓരോ നഗരത്തിലേയും പോലെ
നിമിഷങ്ങൾ കൊണ്ട്
ഷവർ ബാത്തോ,
റെയിൽവേ സ്റ്റേഷനിലെ
നിറഞ്ഞ് കവിയാൻ വെമ്പുന്ന
റിസർവോയറോ,
കമ്പാർട്ട്‌മെന്റിന്റെ
ഉരുണ്ട തൂണിലാടിയുള്ള
മരണയാത്രകളോ
വേണ്ടി വരില്ലായിരുന്നു.
ഓരോ നഗരവും
ഒരോ ഗ്രാമമായിരുന്നെങ്കിൽ
പച്ചപ്പിൻ്റെ അനന്തതയുടെ വരമ്പുകളിലെ
മുക്കൂറ്റിപ്പൂക്കളുടെ
സൗന്ദര്യവും,
മുത്തങ്ങപ്പുല്ലുകളിന്മേലുള്ള
പാദസ്പർശങ്ങളും,
നെൽച്ചെടികളെ തഴുകി,
ഊഷ്മളമായ
തെന്നൽസ്പർശങ്ങളാൽ
മുഗ്ദ്ധരായുള്ള, മെല്ലെയുള്ള നടത്തയോ
സാധിക്കുമായിരുന്നു.
അംശുമാന്റെ
പ്രഭാതകിരണങ്ങളും,
വരമ്പത്തെ കൊറ്റികളുടെ ധ്യാനനിമിഷങ്ങളും,
പച്ചപ്പനന്തത്തകളുടെ
താണു പറക്കലും,
മധ്യാഹ്നത്തിന്റെ ചൂടും,
സായാഹ്‌നത്തിലെ
മഞ്ഞ വെയിൽ സ്പർശവും,
അസ്തമനത്തിന്റെ
ചുവന്ന സൗന്ദര്യവും
ആസ്വദിക്കാമായിരുന്നു.
ഓരോ നഗരവും
ഓരോ ഗ്രാമമായിരുന്നെങ്കിൽ
രാവിന്റെ ജനനത്തിന്,
അർക്കന്റെ രശ്മികൾക്ക്,
സാക്ഷിയാകാമായിരുന്നു.
ഓരോ നഗരവും
ഓരോ ഗ്രാമമായിരുന്നെങ്കിൽ
നേരത്തെ തന്നെ
മെത്ത വിരിച്ച്
ഉറക്കത്തിന്റെ
ആഴക്കടലിലേക്കൂളിയിടാമായിരുന്നു.
ഓരോ നഗരത്തിലേയും പോലെ
ഉറക്കമരികിലണയാൻ
കാലവിളംബം വരില്ലായിരുന്നു.
ഓരോ നഗരവും
ഓരോ ഗ്രാമമായിരുന്നെങ്കിൽ
സ്നേഹത്തിന്റെ മുഖങ്ങൾ
ക്ഷേമാന്വേഷണങ്ങൾ
നടത്തുമായിരുന്നു.
ഓരോ നഗരവും
ഓരോ ഗ്രാമമായിരുന്നെങ്കിൽ അപരിചിതത്വമോ,
അന്യതാബോധമോ,
സ്വത്വ പ്രതിസന്ധിയോ
നാലയലത്തുപോലും എത്താതെ
വഴിമാറിപ്പോകുമായിരുന്നു.
ഓരോ ഗ്രാമവും,
ഓരോ നഗരമാകാൻ
അണിയറയിൽ കച്ചകെട്ടാൻ,
കാൽച്ചിലങ്കകളണിയാൻ
തയാറെടുക്കുന്ന
പുതിയ കാലത്ത്
ഗ്രാമസ്വപ്നങ്ങൾ ബാക്കിയാകുന്നല്ലോ……

