പുതിയ പാട്ടെഴുതുന്നതിന്റെ തിരക്കിലായിരുന്നു ഡെന്നിസ്.
നിലീനയാണ് ഇന്നലെ ഒരു വിഷയം തന്നത്.മരിച്ചുപോയ മകളെ അമ്മ ഒരു ഭ്രമകല്പനയിൽ കാണുമ്പോഴുണ്ടാകുന്ന വികാരങ്ങൾ വരികളിലൂടെ തൊട്ടറിയണം.. ഒപ്പം മനസ്സുകൾ അലിഞ്ഞു പോകുന്ന സംഗീതം അകമ്പടിയാവണം…
നിലീന അത്തരമൊരു വിഷയം തരാൻ കാരണമുണ്ട്. ഒരു സിംഗിൾ മദർ ആയിരുന്നു അവൾ.. ജ്വരം വന്നു മരിച്ചുപോയതാണ് മകൾ ആരുഷി.
പത്തുവയസ്സേ ഉണ്ടായിരുന്നുള്ളു അവൾക്ക്. അവൾക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് നഥാൻ താപ്പർ നിലീനയെയും മകളെയും ഉപേക്ഷിച്ചു കാമുകിയായ കാനഡക്കാരിയായ മാർഗരറ്റുമായി കാനഡയിലേക്ക് പോയത്..

ഡൽഹി സ്വദേശിയായ നഥാനും മലയാളിയായ നീലീനയും ഒരു പുതുവത്സരാഘോഷത്തിനിടയിൽ അമേരിക്കയിൽ വച്ചു കണ്ടുമുട്ടിയവരാണ്. ആറു വർഷത്തെ ദാമ്പത്യത്തിന് ശേഷം അവർ വേർപിരിഞ്ഞു..
അയാൾക്ക് ഡ്രസ്സ്‌ മാറുമ്പോലെയാണ് സ്ത്രീകളുമായുള്ള ബന്ധങ്ങൾ. അതറിഞ്ഞപ്പോഴേക്കും നിലീന വൈകിപ്പോയി.
പിന്നീട് അവൾ നഥാനേ കണ്ടത് ആരുഷിയുടെ സംസ്ക്കാരചടങ്ങിലാണ്.. പള്ളിയിലെ അവളുടെ കുഞ്ഞുകല്ലറയ്‌ക്കരികിൽ കുറ്റബോധമുള്ള മുഖഭാവവുമായി അയാൾ നിൽക്കുന്നുണ്ടായിരുന്നു. അയാളുടെ പിന്നിൽ നിൽക്കുന്ന ഇപ്പോഴത്തെ പങ്കാളിയെ ഒരു നോട്ടം കണ്ടു നിലീന.. നേരത്തെ കൂടെയുണ്ടായിരുന്നവളെ ഉപേക്ഷിച്ചു കാണും..
കല്ലറയുടെ മുകളിൽ കുറച്ചു പൂക്കൾ വച്ചശേഷം അയാൾ നിലീനയുടെ അടുത്തെത്തി… അവളോട് എന്തു പറയണമെന്നറിയാതെ അയാൾ പതറി.

കൂടെയുള്ളവൾ അവളുടെ ചുമലിൽ കൈ വച്ചു..
” മൈ ഹേർട്ട് ഫെൽറ്റ് കൺടോളൻസ് “
നിലീന മുഖമുയർത്തിയതേയില്ല
” നിലീന… എന്തുപറയണമെന്ന് എനിക്കറിയില്ല.. ഈ ദുഃഖവും തരണം ചെയ്തേ മതിയാകു. ഞാൻ കുറച്ചു വൈകിപ്പോയി.. ചിലത് മനസ്സിലാക്കാൻ.. എന്താവശ്യമുണ്ടെങ്കിലും എന്നെവിളിക്കണം. ശരി പോകട്ടെ “
അയാൾ യാത്ര പറഞ്ഞു പോകുന്നത് കണ്ടപ്പോൾ അവൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി. എത്ര നിസ്സാരമായി ഈ സങ്കടങ്ങളിൽ നിന്നും ഇറങ്ങിപ്പോകാൻ അയാൾക്ക് കഴിഞ്ഞു.
ദിവസങ്ങൾ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു..
ആദ്യമൊക്കെ അവൾമരണത്തെക്കുറിച്ച് ചിന്തിച്ചു. എന്നാൽ ദൈവവിശ്വാസിയായ അവൾ സാത്താന്റെ പാതയായ ആത്മഹത്യ തിരഞ്ഞെടുത്തില്ല…
ആ ചർച്ചിലെ ഫാദർ അലക്സാണ്ടർ അവളെ സമാശ്വസിപ്പിച്ചു.. സാന്ത്വന വാക്കുകളോതി പതുക്കെ പതുക്കെ അവളെ ശാന്തയാക്കി. തിരികെ നാട്ടിലേക്ക് മടങ്ങാൻ അദ്ദേഹം ഉപദേശിച്ചു.

അങ്ങനെ ഒരു വർഷത്തിനു ശേഷം അവൾ തിരികെ കേരളത്തിലെത്തി..
പക്ഷെ നാട്ടിലെ അവളുടെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.സ്വത്തുക്കളെല്ലാം അവളുടെ പേരിൽ ആയിരുന്നത് കൊണ്ട് തറവാട്ടിൽ താമസിക്കാൻ പ്രയാസമുണ്ടായിരുന്നില്ല…
മകൾ തങ്ങളുടെ ഇഷ്ടം നോക്കാതെ മറ്റൊരാളെ വിവാഹം ചെയ്തുവെങ്കിലും വിവാഹ മോചനത്തിന് ശേഷം അവളനുഭവിക്കുന്ന ദുരിതങ്ങൾ അവരറിയുന്നുണ്ടായിരുന്നു ഏകമകളോടുള്ള വാത്സല്യവും സ്നേഹവും നിമിത്തം നിലീനയുടെ പപ്പാ തോമസിന് അദ്ദേഹത്തിന്റെ മരണത്തിനുമുൻപ് എല്ലാം മകളുടെ പേരിലാക്കാൻ ഒരു മടിയും തോന്നിയില്ല.

ആ വലിയ വീട്ടിലെ ഏകാന്തത അങ്ങ് അമേരിക്കയിൽ ആയിരുന്നപ്പോഴുള്ളതിനേക്കാൾ ഭീകരമായിരുന്നു.
അവിടെയായിരുന്നപ്പോൾ ഏകാന്തത മറക്കാൻ ആ മണ്ണിൽ തന്റെ ആരുഷി മോളുറങ്ങുന്നതിനാൽ ഇടയ്ക്ക് അവിടെപ്പോയി കുറെ നേരം ഇരിക്കുമായിരുന്നു.. പക്ഷെ അപ്പോൾ അവളുടെ അസാന്നിധ്യം ശരിക്കറിയാൻ തുടങ്ങി.ഒരു മാറ്റം ആവശ്യമാണെന്ന് തോന്നി.. അങ്ങനെയാണ് നാട്ടിലേയ്ക്കുള്ള മടക്കം.
നാട്ടിലെവിടെയെങ്കിലും ഒരു ജോലി തരപ്പെടുത്തുവാൻ അവൾ ആഗ്രഹിച്ചു. അതിനായി കുറെ ഇന്റർവ്യൂവൊക്കെ അറ്റൻഡ് ചെയ്തു. ഒടുവിൽ വലിയൊരു എക്സ്പോർട്ടിങ്ങ് കമ്പനിയിൽ ഉയർന്ന തസ്തികയിൽ ജോലിക്ക് കയറി.
അങ്ങനെ ദിനരാത്രങ്ങൾ തള്ളിനീക്കി.. ഇടയ്ക്ക് അവളുടെ കമ്പനിയുടെ വാർഷികപരിപാടിക്ക് സംഗീതപരിപാടി അവതരിപ്പിക്കുവാൻ വന്ന ഡെന്നീസിനെ പരിചയപ്പെട്ടു.അവർ നല്ല സുഹൃത്തുക്കളായി.. ഡെന്നിസ് ഒരു ഓർഫനേജിൽ വളർന്നവനാണ്.. ഇപ്പോൾ സ്വന്തമായി ‘റിഥം’ എന്ന മ്യൂസിക് ബാൻഡ് നടത്തുന്നു.
പാട്ടുകളെഴുതുകയും കമ്പോസ് ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. ആൾ അത്യാവശ്യം അറിയപ്പെടുന്ന സംഗീതജ്ഞനാണ്.

ചില സായാഹ്നങ്ങളിൽ അവർ കടൽത്തീരത്തിലൂടെ നടക്കും…അവൻ കലപില വർത്തമാനത്തിലായിരിക്കും. എന്നാൽ അവളുടെ മൗനം അവളുടെ ജീവിതവുമായി ബന്ധപ്പെട്ടതാകയാൽ അവനൊന്നും ചോദിക്കില്ല..
അവളുടെ കഥകളെല്ലാം പലപ്പോഴായി അവൾ അവനെ അറിയിച്ചിട്ടുണ്ട്..
അങ്ങനെയിരിക്കെ ഒരു രാത്രിയിൽ ഉറങ്ങാൻ കിടന്ന നിലീന എന്തോ ശബ്ദം കേട്ട് ഞെട്ടിയുണർന്നു. വീട്ടിൽ സിന്ധു എന്നൊരു ചേച്ചിയെ സഹായി ആയി നിർത്തിയിട്ടുണ്ട്. അവർ ജോലിയൊക്കെ ഒതുക്കി വച്ചിട്ട് നേരത്തെ കിടക്കും. ശനിയാഴ്ച ദിവസം വീട്ടിൽ പോയാൽ പിന്നെ ഞായറാഴ്ച വൈകുന്നേരം തിരികെ വരും
നിലീന മെല്ലെ എഴുനേറ്റിരുന്നു.
ജനാല തുറന്നടയുകയായിരുന്നു.. അതുവരെയില്ലാത്ത കാറ്റ് എങ്ങനെ ഉണ്ടായെന്നവൾ അത്ഭുതപെട്ടു..

അതടയ്ക്കാനായി അവൾ ജനാലയ്ക്കരികിലേയ്ക്ക് ചെന്നു.. അഴികൾക്കിടയിലൂടെ അവളാക്കാഴ്ച കണ്ടു ഞെട്ടിപ്പോയി.. തൂവെള്ള ഫ്രോക്കണിഞ്ഞു ആരുഷി ഒരു വല്ലാത്ത നോട്ടവുമായി നിൽക്കുന്നു..
” എന്നെ ഒറ്റക്കാക്കി മമ്മി ഇങ്ങു പോന്നു അല്ലെ “?
നിറഞ്ഞ കുഞ്ഞിക്കണ്ണുകളോടെ അവൾ നോക്കി.
” മമ്മീടെ പൊന്നുമോളെ “
നിലീന നിലവിളിച്ചു.
ആരുഷി മുറിയിലേയ്ക്ക് വന്നു
” എനിക്ക് പേടിയാ മമ്മി. ഞാൻ ഇനി പോവില്ല മമ്മീടെ കൂടെ ഉണ്ടാവും. അല്ലെങ്കിൽ വേണ്ട മമ്മി കൂടി എന്റെകൂടെ വാ. അവിടെ എന്നെപ്പോലെ ഒരുപാട് കുട്ടികളുണ്ട് മമ്മിമാരെ കാണാതെ സങ്കടപ്പെടുന്നവർ. മമ്മി അങ്ങോട്ട് വരികയാണെങ്കിൽ അവർക്കൊക്കെ സന്തോഷമാവും “

” എന്റെ പൊന്നുമോളുടെ കൂടെ മമ്മിയും വരികയാ.വരൂ നമുക്ക് പോവാം. “
നിലീന ആരുഷിയെ വാരിയെടുത്തു മാറോടണണച്ചു.
ആരുഷി തിരിഞ്ഞു പുറത്തേക്ക് നടന്നു.. കതകിനിടയിലൂടെ അവൾ മറഞ്ഞുപോകുന്നത് നിലീന കണ്ടു. അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി… ആരുഷിയെ പിന്തുടർന്നു.
പെട്ടെന്ന് വളർത്തുനായ നിക്കി കുരയ്ക്കാൻ തുടങ്ങി.അതിന്റെ ഉച്ചത്തിലുള്ള കുര കേട്ട് അയല്പക്കത്തുള്ള വീടുകളിൽ ലൈറ്റ് തെളിഞ്ഞു. സിന്ധുവും എഴുനേറ്റു വന്നു. അവർ നോക്കിയപ്പോൾ നിലീന മുറ്റത്തു വീണുകിടക്കുന്നു. അവർ നിലീനയെ കുലുക്കിവിളിച്ചു. അവൾ മെല്ലെ കണ്ണുകൾ തുറന്നു..

” എവിടെ.. എവിടെ എന്റെ മോൾ.. എന്റെ പൊന്നുമോൾ എവിടെ “
അവൾ എങ്ങലടിച്ചു കരഞ്ഞു. ആ മാതൃ ഹൃദയത്തിന്റെ അടക്കാനാവാത്ത പിടച്ചിൽ കണ്ടു രണ്ടുമക്കളുടെ അമ്മയായ സിന്ധുവിന്റെ മനസ്സ് വേദനിച്ചു.
” മാഡം അകത്തേക്ക് വരൂ… രാത്രി ഒരുപാടായി.പ്രാർത്ഥിച്ചാ മതി മാഡം. നമ്മുടെ സങ്കടം താങ്ങാൻ ദൈവം നമുക്ക് ശക്തി തരും “
നിലീനയെ മുറിയിലെത്തിച്ചു സിന്ധു തിരികെ പോകാൻ തുടങ്ങിയപ്പോൾ നിലീന ചോദിച്ചു.
” ഇന്ന് ചേച്ചി ഇവിടെ കിടക്കാമോ? “
” അതിനെന്താ ഞാൻ കിടക്കാം “
അവർ ഒരു ഷീറ്റ് എടുത്ത് നിലത്തു വിരിച്ചു കിടന്നു.

” ചേച്ചി ഈ മരിച്ചവർ തിരിച്ചു വരുമോ? “
” ഇല്ല മാഡം. അതൊക്കെ നമ്മുടെ തോന്നലാ. അവർ നമ്മുടെ ഉള്ളിൽ അത്രയ്ക്ക് സ്ഥാനം പിടിച്ചവരായത് കൊണ്ടാ അവർ നമ്മുടെ കൂടെ ഉണ്ടെന്ന് നമുക്ക് തോന്നുന്നത് “
നിലീനയ്ക്ക് അത് വിശ്വസിക്കാനായില്ല. അപ്പോൾ പിന്നെ ആരുഷിമോളെ താൻ കണ്ടതോ? തോന്നലായിരുന്നോ അത്.
എന്തൊക്കെയോ ആലോചിച്ചു അവൾ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.
പിറ്റേന്ന് രാവിലെ തന്നെ അവൾ ഡെന്നിസിനെ വിളിച്ചു അവൾക്കുണ്ടായ അനുഭവങ്ങളും അതിനെപ്പറ്റി ഒരു പാട്ടുണ്ടാക്കുവാനും അവനോട് ആവശ്യപ്പെട്ടു…
അങ്ങനെയാണ് ഡെന്നിസ് ആ പുതിയ പാട്ടെഴുതാൻ തുടങ്ങിയത്.

” മകളെ… മലരിതളെ
കനവിൽ വിരിഞ്ഞുവോ നീ
അമ്മ തൻ മാറിൽ ചായുവാനായി ഇളം തെന്നലായി
നീ പാട്ടുമായ് വന്നു “
ഇതേ സമയം നിലീനയുടെ ഫോൺ ശബ്ദിച്ചു… ഫാദർ അലക്സാണ്ടർ ആയിരുന്നു അത്.
തലേ ദിവസം രാത്രി കപ്യാർ ഒരു കാഴ്ച കണ്ടു.. ആരുഷിമോളുടെ കല്ലറയിൽ നിന്നും ഒരു വെളുത്ത രൂപം ഉയർന്നു വന്നു നീങ്ങിപ്പോയത്രേ.അതുകണ്ടു ഭയന്നു അയാൾ പിന്നോക്കം വീണു …
രാവിലെ ഫാദർ ആ കല്ലറയുടെ അടുത്ത് ചെന്നു നോക്കിയപ്പോൾ സ്ലാബ് ഇളകി തുറന്നുകിടക്കുന്നു…
അത് കേട്ടതും നിലീനയുടെ ഉള്ളിൽ ഒരാന്തലുണ്ടായി.അപ്പോൾ താൻ കണ്ടത് സത്യമായിരുന്നോ?

പെട്ടെന്ന് അവിടെമാകെ ഒരു ചെറിയ കുട്ടിയുടെ കരച്ചിൽ ഉയർന്നുകേട്ടു… നിലീന കാതു പൊത്തി.. ഭ്രമകൽപ്പനകളുടെ താഴ്‌വാരത്തിലെത്തിപ്പെട്ടതു പോലെ നിലീന നിന്നു വട്ടം കറങ്ങി… അവളുടെ ഉടലിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു.. അവൾ സാവകാശം പിന്നോട്ട് മറിഞ്ഞു.
രണ്ടുയിരുകൾ ഒന്നായി മാറി മെല്ലെ മുകളിലേക്കുയർന്നു… അപ്പോൾ അങ്ങ് ദൂരെ മേഘ കൊട്ടാരങ്ങളിൽ തങ്ങൾക്കായി കൊണ്ടു വരുന്ന മമ്മിയെ വരവേൽക്കാൻ വിടരും മുൻപേ കൊഴിഞ്ഞുവീണ പൂക്കൾ തയ്യാറെടുക്കുകയായിരുന്നു….

By ivayana

Leave a Reply

Your email address will not be published. Required fields are marked *